SignIn
Kerala Kaumudi Online
Thursday, 01 October 2020 4.30 AM IST

നേതാജിയെ ഹിന്ദു നേതാവാക്കി ചുരുക്കി സംഘപരിവാർ അപമാനിക്കുന്നു, എൻ.ഐ.എ തടവുകാർക്കൊപ്പം പൊരുതിയത് കമ്യൂണിസ്റ്റുകാരാണെന്ന് പിണറായി വിജയൻ

subhash-chandra-bose-

ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കാൻ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി പോരാടിയ നേതാവാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് നേതാജിയെ അനുസ്മരിച്ചു കൊണ്ടും അദ്ദേഹത്തിന്റെ ആശയങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയും ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യക്കാരെ മോചിപ്പിക്കാൻ ജീവൻ ത്യജിച്ച ധീരനായ ദേശസ്‌നേഹിയുടെ ആശയങ്ങളെ അട്ടിമറിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് അഭിപ്രായപ്പെടുന്ന പിണറായി നേതാജിയെ ഹിന്ദു നേതാവായി ചുരുക്കി അപമാനിക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായും ആരോപിക്കുന്നു. സുഭാഷ് ചന്ദ്രബോസ് എഴുതിയ 'ഇന്ത്യൻ സ്ട്രഗിൾ'എന്ന പുസ്തകത്തിൽ ഹിന്ദുമഹാസഭയെ കുറിച്ച് അദ്ദേഹത്തിനുള്ള കാഴ്ചപ്പാട് വ്യക്തമായി എഴുതിയിട്ടുണ്ട്, എന്നാൽ ഇന്ന് ഇതെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ഇന്ത്യൻ ഇടതുപക്ഷവുമായി അടുത്ത ബന്ധമായിരുന്നു നേതാജിക്കുണ്ടായിരുന്നതെന്നും കേരള മുഖ്യമന്ത്രി അനുസ്മരിക്കുന്നു. നേതാജിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിനെ കുറിച്ച് ആഴത്തിൽ മനസിലാക്കാൻ സമയം കണ്ടെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായ നേതാജി സുഭാഷ് ചബ്രോസിന്റെ ജന്മദിനമാണിന്ന്. കൊളോണിയൽ അടിമത്തിൽ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാൻ ജീവൻ ത്യജിച്ച ധീരനായ ദേശസ്‌നേഹിയായിരുന്നു അദ്ദേഹം. ഇന്ന് അദ്ദേഹത്തിന്റെ ജനനത്തിന്റെ ഒരു ശതാബ്ദത്തിനപ്പുറം എത്തി നിൽക്കുമ്പോൾ, നേതാജി സ്വന്തം ജീവിതം ത്യജിച്ചത് ഏതു മൂല്യങ്ങൾക്കു വേണ്ടിയാണോ, ഏതു തരം രാഷ്ട്രത്തിനു വേണ്ടിയായിരുന്നോ, അവയെല്ലാം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്കു മുൻപിൽ അരങ്ങേറുന്നത്. മാത്രമല്ല, രാജ്യത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ വക്രീകരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുന്നു. അദ്ദേഹത്തെ ഒരു ഹിന്ദു നേതാവ് മാത്രമാക്കി ചുരുക്കി അപമാനിക്കുകയാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്.

എന്നാൽ തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം വർഗീയ രാഷ്ട്രീയത്തെ ശക്തമായി വിമർശിക്കുകയും ചെറുക്കുകയും ചെയ്തിരുന്നു. 1935 ൽ എഴുതിയ 'ഇന്ത്യൻ സ്ട്രഗിൾ' എന്ന പുസ്തകത്തിൽ നേതാജി ഹിന്ദുത്വ വർഗീയവാദത്തോടുള്ള തന്റെ എതിർപ്പ് രൂക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്: 'ഹിന്ദു മഹാസഭയിൽ, അതിന്റെ മുസ്ലീം പകർപ്പു പോലെത്തന്നെ, ചില മുൻകാല ദേശീയവാദികൾ മാത്രമല്ല ഉള്ളത്. അതിൽ ഭൂരിഭാഗം ആളുകളും രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടാൻ ഭയമുള്ളവരും, സുരക്ഷിതമായ ഒരു ഇടം തിരയുന്നവരുമാണ്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിലുള്ള വിഭാഗീയ പ്രവർത്തനങ്ങൾ വർഗീയ സംഘർഷം മൂർച്ഛിപ്പിക്കുന്നു. ദേശീയ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന ശക്തികൾക്ക് ഈ വർഗീയ സംഘർഷങ്ങൾ ഗുണകരമാകുന്നു.' ഇപ്രകാരം സ്വന്തം അഭിപ്രായം കൃത്യമായി രേഖപ്പെടുത്തിയ സുഭാഷ് ചന്ദ്ര ബോസിനെയാണ് ഹിന്ദു വർഗീയവാദി എന്ന നിലയിൽ അവതരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നത്.

വളരെ ചെറിയ പ്രായത്തിലേ രാഷ്ട്രീയത്തിൽ സജീവമായ നേതാജി, ഇന്ത്യൻ നാഷണൽ കോൺഗ്രസിനകത്തുള്ള വലതു ചിന്താഗതികളെ എതിർത്തുകൊണ്ട് ഉല്പതിഷ്ണുവായ നേതാവ് എന്ന പേരെടുത്തു. അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത് ഇടതുപക്ഷ സോഷ്യലിസ്റ്റ് എന്നായിരുന്നു. കോൺഗ്രസിനകത്ത് ഒരു ഇടതുപക്ഷ വിപ്ലവം നടക്കണമെന്നും കോൺഗ്രസ് സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കേണ്ട പാർട്ടി ആയി മാറണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യൻ സ്ട്രഗിളിൽ തന്നെ അദ്ദേഹം ഇതേക്കുറിച്ച് എഴുതി. 'കർഷകരും, തൊഴിലാളികളും ഉൾപ്പെടെയുള്ള ബഹുജനത്തിന്റെ താല്പര്യങ്ങളാണ്, മറിച്ച്, മുതലാളിമാരുടേയും ജന്മിമാരുടേയും പലിശയ്ക്ക് പണം കടംകൊടുക്കുന്നവരുടേയും സ്ഥാപിത താല്പര്യങ്ങളല്ല സംരക്ഷിക്കേണ്ടത്' എന്ന് അദ്ദേഹം അസന്നിഗ്ധമായി ആ പുസ്തകത്തിൽ പറയുന്നു. അതോടൊപ്പം സോവിയറ്റ് മാതൃകയിൽ ഇന്ത്യയിലെ കാർഷിക വ്യാവസായിക മേഖലകളെ മാറ്റിയെടുക്കണമെന്നും അദ്ദേഹം വിശദമാക്കുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്തെ അദ്ദേഹത്തിന്റെ നിലപാടുകളോട് ശക്തമായ വിയോജിപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹവും ഐ.എൻ.എയുമായി ഇന്ത്യൻ ഇടതുപക്ഷത്തിനു ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. യുദ്ധാനന്തരം ഐ.എൻ.എ തടവുകാരുടെ വിചാരണയിൽ അവർക്കൊപ്പം നിന്നു പൊരുതിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. പീന്നീട്, ക്യാ്ര്രപൻ ലക്ഷ്മി ഉൾപ്പെടെ അവരിൽ ഒരുപാടു പേർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം ചേർന്നു പ്രവർത്തിച്ചു.

മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ ചരിത്രം രചിച്ചിട്ടാണ് അദ്ദേഹം കടന്നു പോയത്. ആ ചരിത്രം ഇവിടത്തെ വർഗീയ ശക്തികൾക്ക് ധനാത്മകമായ യാതൊരു പങ്കുമില്ലാത്ത ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ഇന്ന് നേതാജിയുടെ ജന്മദിനത്തിൽ ആ ചരിത്രത്തെ ആഴത്തിൽ മനസ്സിലാക്കുമെന്നും, അതു നമുക്ക് സമ്മാനിച്ച ഇന്ത്യ എന്ന മഹത്തായ സങ്കല്പത്തെ ഒരു വിഭാഗീയ ശക്തിക്കും വിട്ടു കൊടുക്കില്ലെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം. നമുക്ക് നേതാജിക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും അർത്ഥവത്തായ പിറന്നാൾ സമ്മാനം അതായിരിക്കും. ജയ് ഹിന്ദ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINARAYI VIJAYAN, SUBHASH CHANDRA BOSE, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.