ആചാരമെന്ന പോലെ ആണ്ടുതോറും നടത്തുന്ന റോഡ് സുരക്ഷാവാരം റോഡപകടങ്ങൾ കുറയ്ക്കുന്നതിൽ ഒരു പങ്കും വഹിക്കുന്നില്ലെന്നതാണ് അനുഭവം. ദിനംപ്രതി റോഡപകടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം തന്നെ മരണങ്ങളും. വാഹനങ്ങൾ ഓടിക്കുന്നവരുടെ അശ്രദ്ധയോ അഹങ്കാരമോ ആണ് ഒട്ടുമിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. വലിയ വാഹനമെന്നോ ചെറുവാഹനമെന്നോ വ്യത്യാസമില്ലാതെ റോഡിലിറങ്ങിയാൽ എല്ലാവരും റോഡ് നിയമങ്ങൾ പാടേ മറക്കും. ബസ് പോലുള്ള വലിയ യാത്രാവാഹനങ്ങൾ ഓടിക്കുന്നവർ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് നിർദ്ദേശിക്കാറുണ്ട്. ഫലമുണ്ടാകുന്നില്ലെന്നു മാത്രം. സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും അതുവഴിയുണ്ടാകുന്ന അപകടങ്ങളും പലപ്പോഴും വാർത്തയാകാറുണ്ട്. കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ ഏറെ ശ്രദ്ധിച്ച് ബസ് ഓടിക്കുന്നവരാണെന്നു പൊതുവേയുള്ള ധാരണ തിരുത്തുന്നതാണ് ഇപ്പോഴത്തെ അനുഭവം. അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടം സൃഷ്ടിക്കുന്നതിൽ അവരും പിറകിലല്ല. റോഡപകട മരണ നിരക്ക് ഉയർത്തുന്നതിൽ അവരും ചെറുതല്ലാത്ത പങ്കുവഹിക്കുന്നു.
ബുധനാഴ്ച തിരുവനന്തപുരത്തും ആലപ്പുഴയിലും ഉണ്ടായ രണ്ട് റോഡപകട മരണങ്ങൾ ട്രാൻസ്പോർട്ട് ബസുകൾ മൂലമായിരുന്നു. തിരുവനന്തപുരം മലയിൻകീഴിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച രജനി രാജഗോപാൽ എന്ന വീട്ടമ്മയാണ് ബസിന്റെ അടിയിൽപ്പെട്ട് ദാരുണമായി മരിച്ചത്. ആലപ്പുഴ വലിയ ചുടുകാടിനു സമീപം പുത്രനൊപ്പം ബൈക്കിൽ സഞ്ചരിച്ച കെ.ആർ. ശിവദാസൻ എന്ന എഴുപതുകാരനാണ് സമാന സാഹചര്യത്തിൽ ബസ് കയറി മരണമടഞ്ഞത്. രണ്ട് സംഭവങ്ങളിലും ബസിന്റെ ഡ്രൈവർമാരുടെ ജാഗ്രതക്കുറവ് അപകടത്തിനു കാരണമായിട്ടുണ്ടാകാമെന്നാണു കരുതുന്നത്. ഒരേ ദിശയിൽ പോയിരുന്ന ഇരുചക്രവാഹനത്തിന്റെ ഹാൻഡിലിൽ ബസ് തട്ടിയാണ് പിൻസീറ്റുകളിലിരുന്നവർ റോഡിലേക്കു തെറിച്ചുവീണത്. ഇതുപോലെയുള്ള നിരവധി അപകടങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ദേശീയ പാതകൾ പോലും നന്നേ ഇടുങ്ങിയ നിലയിലായതിനാൽ ഏതു വാഹനം ഓടിക്കുന്നവരും അതീവ ശ്രദ്ധാലുക്കളായില്ലെങ്കിൽ എവിടെയും അപകടങ്ങളുണ്ടാകാം. വലിയ വാഹനങ്ങൾ പിന്നാലെയുണ്ടെങ്കിൽ എപ്പോഴും കൂടുതൽ കരുതലെടുക്കേണ്ടത് ഇരുചക്ര വാഹനം ഓടിക്കുന്നവരാണ്. നിർഭാഗ്യവശാൽ അങ്ങനെയല്ല കണ്ടുവരുന്നത്.
സംസ്ഥാനത്തെ റോഡപകട മരണങ്ങളിൽ നാലിലൊന്ന് ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടേതാണ്. നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ നിരത്തുകളിൽ ടൂവീലർ പെരുപ്പമാണ്. ടൂവീലറുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടത്തെക്കുറിച്ച് പണ്ടൊന്നും കേട്ടിട്ടേയില്ല. ഇപ്പോൾ അത്തരം അപകടങ്ങളും പതിവായിരിക്കുകയാണ്. ഏറ്റവും വേഗം ലക്ഷ്യത്തിലെത്താനുള്ള പാച്ചിലിൽ എപ്പോഴും ബലികഴിക്കപ്പെടുന്നത് ഗതാഗത നിയമങ്ങൾ തന്നെ. അതിനിരയാകുന്നവരിൽ അധികവും ചെറുപ്പക്കാരാണെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.
ടൂ വീലർ ഓടിക്കുന്നവർക്കൊപ്പം പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയത് നല്ല ലക്ഷ്യത്തോടെയാണ്. റോഡിൽ തലയിടിച്ചുവീണാലും ജീവൻ രക്ഷിക്കാമല്ലോ എന്നാവും കണക്കുകൂട്ടൽ. എന്നാൽ തെറിച്ചുവീഴുന്നത് റോഡിന്റെ മദ്ധ്യത്തിലേക്കാണെങ്കിൽ ഹെൽമറ്റ് കൊണ്ടും ജീവൻ രക്ഷിക്കാനാകില്ല. പിന്നാലെ എത്തുന്ന വാഹനം കയറിയിറങ്ങും. സൈക്കിൾ മുതൽ കൂറ്റൻ ട്രെയിലറുകളും അതുപോലുള്ള വമ്പൻ ചരക്കുവാഹനങ്ങളും ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ നിരത്തുകൾ സുരക്ഷിതമാകണമെങ്കിൽ വാഹനങ്ങൾ ഓടിക്കുന്നവർ ആത്മാർത്ഥമായിത്തന്നെ വിചാരിക്കണം. അതിന് ആദ്യം വേണ്ടത് ഗതാഗത നിയമങ്ങളെ ആദരിക്കുക എന്നതാണ്. റോഡ് മര്യാദകൾ എന്തെന്ന് പഠിച്ചേ മതിയാകൂ. പരിശീലന ഘട്ടം മുതൽ അതു ശീലമാക്കാൻ പ്രേരിപ്പിക്കണം. അവശ്യം വേണ്ട ഈ സംഗതി ഒഴികെ മറ്റെല്ലാം ഡ്രൈവിംഗ് പരിശീലകർ പറഞ്ഞുകൊടുക്കും. വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് മാത്രം മതിയെന്ന രീതി അവസാനിപ്പിക്കണം. നിരത്തുകളിൽ നടക്കാറുള്ള വാഹന പരിശോധനകളിൽ തെറ്റായ രീതിയിലുള്ള ഡ്രൈവിംഗിന് അധികമാരും പിടിക്കപ്പെടാറില്ല. ഹെൽമറ്റ്, സീറ്റ് ബൽറ്റ് തുടങ്ങിയവയുടെ കാര്യത്തിലേ കാർക്കശ്യം കാണിക്കാറുള്ളൂ. വാഹനപ്പെരുപ്പത്തിനനുസരിച്ച് അപകടങ്ങളും പെരുകും എന്നു പറയാറുണ്ട്. എന്നാൽ സൂക്ഷ്മതയും ശ്രദ്ധയും പാലിച്ചാൽ തീർച്ചയായും അപകട നിരക്കിലും കുറവുണ്ടാകും. നിരന്തരമായ പരിശീലനവും വിപുലമായ തോതിൽ ബോധവത്കരണവുമുണ്ടായാൽ നല്ല ഫലമുണ്ടാകുമെന്ന് തെളിഞ്ഞിട്ടുള്ളതാണ്. പൊലീസിലെ ട്രാഫിക് വിഭാഗം പതിന്മടങ്ങ് ശക്തിപ്പെടുത്തുകയും വേണം. അറിഞ്ഞുകൊണ്ട് ആരും അപകടമുണ്ടാക്കുകയില്ലെന്നത് വസ്തുതയാണ്. എന്നാൽ അശ്രദ്ധ കാരണം അപകടങ്ങൾ സംഭവിക്കാം. ഒട്ടുമിക്ക അപകടങ്ങളുടെയും കാരണം പരിശോധിച്ചാൽ ഇതു ബോദ്ധ്യപ്പെടും.