തിരുവനന്തപുരം: ബധിരനും മൂകനുമായ തിരുവനന്തപുരം സ്വദേശിക്ക് കൈവന്നത് നിനച്ചിരിക്കാത്ത ഭാഗ്യം. വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് വെള്ളയമ്പലം, വള്ളക്കടവ്, അരുവിക്കുഴി വീട്ടിലെ അന്തേവാസി സജിയുടേയും കുടുംബത്തിന്റെയും കൈകളിലേക്ക് എത്തിച്ചേർന്നത്. 65 ലക്ഷം രൂപയാണ് സമ്മാന തുകയായി സജിക്കും, ഭാര്യ അനിലയ്ക്കും മകൻ സന്തോഷിനും ലഭിച്ചത്.
ഗാർഡനിംഗ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന സജി ഒഴിവ് കിട്ടുമ്പോൾ ലോട്ടറി കച്ചവടവും ചെയ്തിരുന്നു. എന്നാൽ കൈയിൽ പണമില്ലാത്തതിനാൽ സജി വിൽപ്പനയ്ക്ക് ആവശ്യമായ ടിക്കറ്റുകൾ ഒരു ദിവസം വാങ്ങിയിരുന്നില്ല. തുടർന്ന് പോക്കറ്റിൽ ബാക്കിയുണ്ടായിരുന്ന 50 രൂപ ഉപയോഗിച്ചുകൊണ്ട് സജി വട്ടിയൂർക്കാവിലുള്ള എം.എച്ച് ലോട്ടറിക്കടയിൽ നിന്നും 30 രൂപയുടെ ഒരു ടിക്കറ്റ് എടുക്കുകയായിരുന്നു.
ശേഷം, മൊബൈലിൽ പരിശോധിച്ചപ്പോഴാണ് താനെടുത്ത WP 717310 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് സജി മനസിലാക്കിയത്.
പതിമൂന്നാം തീയതി നടന്ന നറുക്കെടുപ്പിലാണ് സജിക്ക് സമ്മാനം ലഭിച്ചത്. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും, പിന്നീട് സമ്മാനം തനിക്കാണെന്ന് ഉറപ്പുവരുത്തിയ ശേഷം, സജി സമ്മാനാർഹമായ വട്ടിയൂർക്കാവ് എസ്.ബി.ഐ ശാഖയിൽ ഏൽപ്പിച്ചു. നല്ലൊരു വീട് പണിയുക, എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകനെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കുക, എന്നിവയാണ് സജിയുടെയും ഭാര്യയുടെയും ചെറിയ, വലിയ ആഗ്രഹങ്ങൾ.