കുട്ടികളുടെ ആരോഗ്യത്തിൽ ഉറക്കത്തിനുള്ള പ്രാധാന്യം ഏറെയാണ്. നവജാത ശിശുക്കൾ മുതൽ കൗമാരപ്രായക്കാരിൽ വരെ ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ ശ്രദ്ധ ആവശ്യമാണ്. നവജാത ശിശുക്കൾ ദിവസം 20 മണിക്കൂർ വരെ ഉറങ്ങും. എന്നാൽ പ്രായം കൂടുംതോറും ഉറക്കത്തിന്റെ സമയവും കുറഞ്ഞുവരും. ഒന്ന് മുതൽ 2 വയസുവരെ ഒരു ദിവസം 14 മണിക്കൂർ വരെയെങ്കിലും കുട്ടികൾ ഉറങ്ങണം.
3 മുതൽ 5 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും വേണം 10 മുതൽ 13 മണിക്കൂർ വരെ ഉറക്കം. 6 മുതൽ 13 വയസിനിടയ്ക്ക് ഒമ്പത് മുതൽ 11 മണിക്കൂർ വരെ ഉറങ്ങുന്നതാണ് നല്ലത്. അതിന് മുകളിൽ പ്രായമുള്ളവർക്ക് ദിവസം 8 മണിക്കൂർ ഉറക്കമാണ് പറയുന്നത്. എന്നാൽ ഏഴുമണിക്കൂറെങ്കിലും നിർബന്ധമായും ഉറങ്ങണം. കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് കടക്കുന്ന പ്രായത്തിൽ പലപ്പോഴും പഠനത്തിനെന്ന് പറഞ്ഞ് കുട്ടികളുടെ ഉറക്കം നഷ്ടപ്പെടാറുണ്ട്.
എന്നാൽ തലച്ചോറിന്റെ കൃത്യമായ പ്രവർത്തനത്തിന് ആവശ്യമായ ഉറക്കം കൂടിയേ തീരൂ. ഇല്ലെങ്കിൽ കുട്ടി പഠനത്തിൽ മോശമാണ്, രാവിലെ എഴുന്നേൽക്കാറില്ല തുടങ്ങിയ പരാതികളിലേക്ക് രക്ഷിതാക്കൾ നീങ്ങേണ്ടിവരും.
ഉറക്കം ഓർമ്മ ശക്തിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യം കൂടി ഓർക്കുക. ഒരു കുട്ടി തന്റെ ഒരു ദിവസത്തെ കാര്യങ്ങൾ മുഴുവൻ ഉറക്കത്തിനിടെ തലച്ചോറിൽ ശേഖരിച്ച് വയ്ക്കുന്നുവെന്നാണ് കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
ചെറിയ കുട്ടികളുടെ പകലുറക്കം പലപ്പോഴും രക്ഷിതാക്കളുടെ രാത്രിയുറക്കം പ്രതിസന്ധിയിലാക്കാറുണ്ട്. കുട്ടികളുടെ ഉറക്കം ഉറപ്പുവരുത്താൻ മുറിയിൽ അനാവശ്യ ശബ്ദങ്ങൾ ഇല്ലാതിരിക്കണം. കൂടാതെ വായു സഞ്ചാരമുള്ള മുറി, അരണ്ടവെളിച്ചം, മൃദുലമായ മെത്തയെന്നിവയൊക്കെ ഗുണകരമാണ്. കിടക്കയിൽ കളിപ്പാട്ടങ്ങളും മൊബൈൽ ഫോണുകളും പ്രവേശിപ്പിക്കുകയേ അരുത്. വൃത്തിയുള്ള ബെഡും ഷീറ്റുകളും കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കും. എണ്ണതേച്ചുള്ള കുളി നല്ല ഉറക്കത്തിന് സഹായകമാകും.
ഡോ. ഇറിന എസ്. ചന്ദ്രൻ
പുല്ലായിക്കൊടി ആയുർവേദ,
പൂക്കോത്ത് നട,
തളിപ്പറമ്പ്.
ഫോൺ: 9544657767.