SignIn
Kerala Kaumudi Online
Tuesday, 07 July 2020 9.47 AM IST

കാട്ടാക്കടയിൽ പൊലീസിനു വീഴ്ച പറ്റി

editorial-

മണ്ണുമാഫിയാ സംഘങ്ങളുടെ കരുത്തും ക്രൂരതയും എന്തുവില നൽകിയും നിയമത്തെ വെല്ലുവിളിക്കാനുള്ള ശൗര്യവും വിളിച്ചോതുന്നതാണ് കാട്ടാക്കടയിൽ വെള്ളിയാഴ്ച വെളുപ്പിനുണ്ടായ അരുംകൊല. സ്വന്തം പുരയിടത്തിൽ അതിക്രമിച്ചു കയറി മണ്ണെടുത്തു കൊണ്ടുപോയ സംഘത്തെ തടയാൻ ശ്രമിച്ചപ്പോഴാണ് പ്രവാസിയായ സംഗീത് ബാലൻ എന്ന മുപ്പത്തഞ്ചുകാരൻ കൊല്ലപ്പെട്ടത്. അനധികൃത കടത്തിന് ഉപയോഗിച്ച ജെ.സി.ബിയുടെ യന്ത്രക്കൈ കൊണ്ടുള്ള അടിയേറ്റ് തലയും വാരിയെല്ലുകളും തകർന്ന ആ ചെറുപ്പക്കാരന്റെ ദാരുണാന്ത്യം ഭയത്തോടെയല്ലാതെ ഓർക്കാനാവില്ല. ഇതിനെക്കാൾ പേടിപ്പെടുത്തുന്നതാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ കൃത്യവിലോപം. പുരയിടത്തിൽ അതിക്രമം നടക്കുന്ന വിവരം യഥാസമയം തന്നെ സംഗീത് പൊലീസിൽ വിളിച്ചറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു എന്നാണു വിവരം. എന്നാൽ ഏറെ വൈകി പൊലീസ് എത്താൻ. അതിനകം ജെ.സി.ബിയും ടിപ്പർ ലോറിയുമായി അക്രമികൾ സ്ഥലം വിട്ടിരുന്നു.

പൊലീസ് മുറപോലെ അഞ്ചുപേർക്കെതിരെ കേസെടുക്കുകയും ടിപ്പർ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തതൊഴിച്ചാൽ ഇത്തരമൊരു കൊടും ക്രൂരകൃത്യത്തിൽ കാണിക്കേണ്ട കർത്തവ്യബോധം കാണിച്ചില്ല. സംഭവത്തിലുൾപ്പെട്ട മറ്റു പ്രതികൾ സുരക്ഷിതരായി, ഇതെഴുതുമ്പോഴും ഒളിവിൽത്തന്നെയാണ്.

കാട്ടാക്കടയിലേത് ഒറ്റപ്പെട്ട സംഭവമാണെന്നു പറയാനാവില്ല. സംസ്ഥാനത്ത് ഒട്ടുക്കും മണ്ണുമാഫിയയുടെ ഇതുപോലുള്ള അതിക്രമങ്ങളെക്കുറിച്ച് നിരന്തരം പരാതികൾ ഉയരാറുണ്ട്. ഏറ്റവും ഗർഹണീയമായ കാര്യം ഇത്തരം സംഘങ്ങൾക്ക് ഒളിഞ്ഞും തെളിഞ്ഞും പൊലീസിൽ നിന്ന് ലഭിക്കുന്ന സഹായമാണ്. പൊലീസിന്റെ പിന്തുണയില്ലാതെ ഒരു മാഫിയാ സംഘത്തിനും ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടാനാവില്ലെന്നത് വളരെ വ്യക്തമാണ്. ആറ്റുമണൽ കടത്തിലേർപ്പെടുന്നവരും മണ്ണുകടത്തുകാരും ക്വാറി ഉത്‌പന്നങ്ങളുടെ കടത്തിൽ ഏർപ്പെടുന്നവരുമൊക്കെ പൊലീസിന്റെ കറവപ്പശുക്കളാണ്. ലോഡിന് നിശ്ചിത തുക പടിയടച്ചു വേണം ഈ വക സാമഗ്രികൾ സൈറ്റിലെത്തിക്കാൻ. പടി നൽകാതിരിക്കുകയോ പടിയുടെ കനംകുറയുകയോ ചെയ്യുമ്പോഴാണ് വാഹനങ്ങൾ തടഞ്ഞിടുന്നത്. മണൽ വാരുന്നതിനും കൊണ്ടുപോകുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പ്രകൃതി സംരക്ഷണം ഉറപ്പാക്കാൻ ഉദ്ദേശിച്ചാണ്. നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഇരിക്കുമ്പോൾത്തന്നെ മറുഭാഗത്ത് കൈക്കൂലി നൽകി നഗ്നമായ നിയമലംഘനങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്. തങ്ങളുടെ പ്രവർത്തനങ്ങൾക്കു തടസം നിൽക്കുന്നവരെ കായികമായിപ്പോലും നേരിടാൻ മടിക്കാത്ത മാഫിയാ സംഘങ്ങൾ സംസ്ഥാനത്തെമ്പാടും പ്രബല ശക്തിയാണിന്ന്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ സഹായം കൂടി ലഭിക്കുന്നതുകൊണ്ടാണ് മാഫിയാ സംഘങ്ങൾ നാൾക്കുനാൾ കരുത്താർജ്ജിക്കുന്നത്.

കാട്ടാക്കടയിൽ സംഗീതിന്റെ ദാരുണ മരണം പൊലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ തീർച്ചയായും ഒഴിവാക്കാമായിരുന്നു. പാതിരാത്രിയിൽ തന്റെ വീട്ടുമുറ്റത്ത് മണ്ണുമാഫിയാ സംഘം അതിക്രമം കാണിക്കുന്നുവെന്ന് യുവാവ് പൊലീസിനെ വിളിച്ചറിയിച്ചതാണ്. പൊലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലത്തേക്ക് പത്തുകിലോമീറ്ററിൽ താഴെയാണു ദൂരം. പത്തോ പതിനഞ്ചോ മിനിട്ടുകൊണ്ട് എത്താമായിരുന്നിട്ടും പൊലീസ് ശുഷ്കാന്തി കാണിച്ചില്ല. രാത്രി അസമയത്ത് ഒരാളിൽ നിന്നു സഹായാഭ്യർത്ഥന ലഭിച്ചാൽ ഉടൻ പൊലീസ് എത്തുമെന്ന സർക്കാരിന്റെ വീമ്പുപറച്ചിൽ വൃഥാവിലാണെന്ന് ഒരിക്കൽക്കൂടി ബോദ്ധ്യമായി. പൗരന്റെ ജീവനും സ്വത്തിനും പരിരക്ഷ നൽകാൻ ചുമതലപ്പെട്ട നിയമപാലകർ ഇവിടെ ആ ചുമതല മറക്കുകയായിരുന്നു. പരാതി വിളിച്ചറിയിച്ച പ്രവാസി യുവാവിന്റെ ജീവൻ നഷ്ടമായ ശേഷമാണ് പൊലീസ് രംഗത്തെത്തുന്നത്. അപായ സന്ദേശം ലഭിച്ചിട്ടും പൊലീസ് സത്വരമായി ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് ഉത്തരവാദപ്പെട്ടവർ അന്വേഷിക്കുക തന്നെ വേണം. പ്രവാസി ജീവിതം അവസാനിപ്പിച്ച് സ്വന്തം നാട്ടിൽ വന്ന് പുതിയ ജീവിതം തുടങ്ങിയ ഒരു ചെറുപ്പക്കാരന് ഇത്തരത്തിലൊരു ദുർവിധി ഉണ്ടായത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഭാര്യയും രണ്ടു പിഞ്ചുകുട്ടികളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ എല്ലാമെല്ലാമാണ് ഒറ്റനിമിഷം കൊണ്ട് ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടത്. മാഫിയാ സംഘങ്ങളെ പേടിച്ചു നാട്ടുകാർ കഴിയേണ്ടി വരുന്നത് നിയമവാഴ്ച പുലരുന്ന സംസ്ഥാനത്തിന് ഒരു തരത്തിലും ഭൂഷണമല്ല. പലേടത്തും പൊലീസ് പോലും ഇത്തരം സംഘങ്ങളെ ഭയന്നു കഴിയേണ്ട അവസ്ഥയാണുള്ളത്. കൊല നടത്താൻ പോലും മടിക്കാത്ത സംഘങ്ങളാണു പലതും.

മണ്ണ്, മണൽ, പാറ തുടങ്ങിയ പ്രകൃതി വിഭവങ്ങൾ മാത്രമല്ല കഞ്ചാവും ലഹരിമരുന്നുകളും കടത്തുന്ന മാഫിയാ സംഘങ്ങളുടെ വേരുകൾ സംസ്ഥാനത്തുടനീളം പടർന്നിട്ടുണ്ട്. ജനങ്ങളുടെ സ്വൈരജീവിതത്തിന് ഇവർ ഉയർത്തുന്ന ഭീഷണി ചെറുതൊന്നുമല്ല. ഇവരുമായി ബന്ധപ്പെട്ട് അസാധാരണ സംഭവങ്ങളുണ്ടാകുമ്പോൾ മാത്രമാണ് ഇവരുടെ ഭീഷണി എത്ര വലുതാണെന്ന് സമൂഹം അറിയാറുള്ളൂ. കാട്ടാക്കടയിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. പൊലീസിനു തന്നെ ഇത്തരം സംഘങ്ങളുമായി പലപ്പോഴും ഏറ്റുമുട്ടേണ്ടിവരാറുണ്ട്. നിയമം കൂടുതൽ കരുത്താർജ്ജിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.