Kerala Kaumudi Online
Saturday, 25 May 2019 2.05 PM IST

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളൊക്കെ അന്ന് ചെയ്‌തവരാണ് വനിതാ മതിലുമായി ഇപ്പോൾ എത്തിയിരിക്കുന്നത് : സരസു ടീച്ചർ

sarasu

പാലക്കാട്: അറിവ് പകർന്ന് നൽകിയ അദ്ധ്യാപികയ്‌ക്ക് ശവക്കല്ലറ തീർത്തവരാണ് വനിതാ മതിൽ പണിയുന്നതെന്ന ആക്ഷേപവുമായി പാലക്കാട് ഗവ.വിക്ടോറിയ കോളേജിലെ മുൻ പ്രിൻസിപ്പാളായിരുന്ന ടി.എൻ സരസു. 'ബി.ജെപി പ്രവർത്തകർ കുറച്ച് നാളുകളായി നാമജപവും സമരങ്ങളുമൊക്കെ നടത്തിവരികയാണ്. അതിന്റെ കൗണ്ടറായിട്ടാണ് വനിതാമതിലെന്നും അല്ലാതെ സ്ത്രീകളോടുള്ള പ്രത്യേക താൽപര്യം കൊണ്ടല്ല ഇവർ വനിതാമതിൽ നടത്തുന്നതെന്നും സരസു വ്യക്തമാക്കി.

സ്ത്രീകളോട് എന്ത് താൽപര്യമാണ് ഇതുവരെ സി.പി.എമ്മുകാർ കാണിച്ചിട്ടുള്ളത്? സ്ത്രീകൾക്ക് എന്ത് പ്രാതിനിധ്യമാണ് ഈ പാർട്ടി കൊടുക്കുന്നത്? ഇപ്പൊഴും പല മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ദുരിതമനുഭവിക്കുന്നുണ്ട്. കുറച്ച് പേർ മാത്രമെ ഇതൊക്കെ പുറത്ത് പറയുന്നുള്ളൂ. വനിതാമതിൽ ഒരു കൗണ്ടർ മാത്രമാണ്. എനിക്കിതിൽ ഒരു രാഷ്ട്രീയ ചായ്‌വും ഇല്ല. ഞാൻ സാധാരണ ഒരു വ്യക്തി എന്ന നിലയിലും, എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലുമാണ് പ്രതികരിച്ചത്.

2016ലാണ് ടി.എൻ സരസു വിക്ടോറിയ കോളേജിൽ നിന്നും പ്രസിൻസിപ്പാൾ സ്ഥാനത്ത് നിന്ന് വിരമിച്ചത്. വിരമിക്കൽ ദിവസം എസ്.എഫ്.ഐ സംഘടനയിലെ വിദ്യാർത്ഥികൾ പ്രതീകാത്മക ശവക്കല്ലറയൊരുക്കി റീത്ത് വച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് ഞാൻ അദ്ധ്യാപക സംഘടനയ്‌ക്കോ കുട്ടികൾക്കോ ഒരു ദോഷവും ചെയ്‌തിട്ടല്ല. കുട്ടികളെക്കൊണ്ട് അദ്ധ്യാപകരാണ് ഇത് ചെയ്യിച്ചതെന്ന കാര്യം ഇവിടത്തെ നാട്ടുകാർക്കറിയാം. വിക്ടോറിയ കോളേജിൽ ഞാൻ ആർക്കെതിരെയും ഒരു ആക്ഷനും എടുത്തിട്ടില്ല. ഒരുപാട് കാര്യങ്ങൾ ഞാൻ കോളേജിന് വേണ്ടി ചെയ്‌തു. ഈ കാണുന്ന എസ്.എഫ്.ഐകാരൊന്നും അന്ന് ഉണ്ടായിരുന്നില്ല.

ഇടതുപക്ഷ സംഘടനകളൊഴികെ അന്ന് എന്റെ കൂടെ കേരള സമൂഹം മുഴുവൻ ഉണ്ടായിരുന്നു. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അന്ന് ഇവർ ചെയ്‌തത്. ഇവരൊക്കെയാണ് ഇന്ന് വനിതാ മതിൽ തീർക്കാൻ ഒരുങ്ങുന്നത്. ശബരിമല വിഷയത്തിൽ ഞാൻ ഒരു പിന്തിരിപ്പയല്ല. കാലാകാലങ്ങളായി നമ്മൾകൊണ്ടു നടക്കുന്ന ആചാരങ്ങളുണ്ട്. അത് പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കില്ല. എല്ലാ മതത്തിലും ഉണ്ട് ഓരോ നിയന്ത്രണങ്ങൾ. വിശ്വസമില്ലാത്ത ആൾക്കാരെ എന്തിനാണ് ശബരിമലയിലേക്ക് വിടുന്നത്. മറ്റൊരു കാര്യത്തിലും ഇല്ലാത്ത താൽപര്യം ശബരിമല വിഷയത്തിലെന്താണെന്നും സരസു ചോദിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TK SARASU, AGAINST WOMEN WALL, SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA