Kerala Kaumudi Online
Saturday, 25 May 2019 2.05 PM IST

തകർപ്പനാണ് നമ്മുടെ കണ്ണൂർ വിമാനത്താവളം,​ അറിയാം ഈ പുത്തൻ സൗകര്യങ്ങൾ

kannur-airport

കണ്ണൂർ: രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി അത്യാധുനിക സൗകര്യങ്ങൾ ആദ്യമേ ഒരുക്കിയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് തയാറെടുക്കുന്നത്. ഒൻപതിനാണ് ഉദ്ഘാടനം. യാത്രക്കാർക്ക് അസൗകര്യങ്ങളൊന്നും ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ)​.

കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ വടക്കേ മലബാറിന്റെ മുഖച്ഛായ മാറും. ഇതുവരെ കാണാത്ത പുതിയ വികസനക്കുതിപ്പിന് കണ്ണൂർ വേദിയാകും. കൈത്തറി പോലുള്ള കണ്ണൂരിന്റെ പരമ്പരാഗത വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവുണ്ടാകും. വടക്കേ മലബാറിന്റെ ഇനിയും ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ വിമാനത്താവളത്തിന്റെ സാന്നിദ്ധ്യം സഹായകമാകും.

ഉദ്ഘാടന ദിവസം കണ്ണൂരിൽ നിന്നുള്ള ആദ്യ സർവീസായി അബുദാബിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യാ എക്‌സ്‌പ്രസ് രാത്രി ഏഴിന് തിരിച്ചെത്തും. ആദ്യ യാത്രക്കാർക്ക് പ്രത്യേക ഉപഹാരങ്ങളും നൽകും. മറ്റു ദിവസങ്ങളിൽ രാവിലെ ഒൻപതിന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യാ എക്‌സ്‌പ്രസ് രാത്രി 8.20നാവും തിരിച്ചെത്തുക. ദോഹ, ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്കും എയർ ഇന്ത്യാ എക്‌സ്‌പ്രസ് സർവീസിന് തയ്യാറായിട്ടുണ്ട്. മസ്‌ക്കറ്റിലേക്കും അധികം വൈകാതെ സർവീസുണ്ടാകും.

ഉദ്ഘാടന ദിവസം ഗോ എയർ വിമാനത്തിന്റെ ആഭ്യന്തര സർവീസുമുണ്ട്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തേക്ക് വൈകിട്ട് 3ന് പുറപ്പെട്ട് 4.15ന് എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം. ആദ്യഘട്ടത്തിൽ 12 വിമാനകമ്പനികൾ സർവീസ് നടത്തും.

അത്യാധുനിക സൗകര്യങ്ങൾ

യാത്രക്കാർക്ക് സാധാരണ വിമാനത്താവളങ്ങളിൽ അനുഭവപ്പെടുന്ന സമയനഷ്ടം പൂർണമായും ഒഴിവാക്കിയാണ് കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാകുന്നത്. സുരക്ഷാ പരിശോധനകൾക്കാണ് പ്രധാനമായും സമയം നഷ്ടമാവുക. ഇതിന് പരിഹാരമായി അത്യാധുനിക സാങ്കേതിക സൗകര്യമാണ് ഒരുക്കുന്നത്.

സെൽഫ് ബാഗേജ് ട്രോപ്പ്, ഇൻലൈൻ എക്‌സ്റേ സെൽഫ് ചെക്കിംഗ് മെഷീൻ, ആറ് ഏയ്റോ ബ്രിഡ്ജുകൾ എന്നിവ ഇതിന് സഹായകമാകും. 24 ചെക്ക് ഇൻ കൗണ്ടറുകളും ഉദ്ഘാടന ദിവസം പ്രവർത്തനക്ഷമമാകും.

യാത്രക്കാർക്ക് വിശ്രമമുറികൾ വിമാനത്താവളം ടെർമിനലിൽതന്നെ ലഭ്യമാകുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് ഹോട്ടലിനെ ആശ്രയിക്കേണ്ടി വരില്ല. മണിക്കൂറിൽ 2000പേരെ ഉൾക്കൊള്ളാവുന്ന ടെർമിനൽ കോംപ്ളക്സാണ് കണ്ണൂരിലുള്ളത്. കോഫി ഷോപ്പ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവയുടെ പ്രവർത്തനം ഉടൻ തുടങ്ങും.

കസ്റ്റംസ്, എമിഗ്രേഷൻ സുരക്ഷാ സംവിധാനങ്ങളെല്ലാം തയ്യാറായി. സാധാരണ എയർപോർട്ട് പ്രവർത്തനം തുടങ്ങി പൂർണ തോതിലാകണമെങ്കിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലുമെടുക്കും. എന്നാൽ, കണ്ണൂരിൽ എല്ലാ സൗകര്യങ്ങളും ആദ്യഘട്ടത്തിൽതന്നെ അനുവദിച്ചു. എയർപോർട്ടിനോടുബന്ധിച്ചുള്ള പൊലീസ് സ്റ്റേഷൻ ഒൻപതിന് തന്നെ പ്രവർത്തനം തുടങ്ങും. ആദ്യം താത്കാലിക കെട്ടിടത്തിലായിരിക്കും പ്രവർത്തനം.

കാർഗോ ഹാൻഡ്‌ലിംഗ്

അത്യാധുനിക രീതിയിലുള്ള സംവിധാനമാണ് കാർഗോ ഹാൻഡ്‌ലിംഗിനായി ഏർപ്പെടുത്തിയത്. എയർപോർട്ട് മെയിന്റനൻസ്, ക്‌ളീനിംഗ് തുടങ്ങിയ ജോലികൾ ജി.എം.ആർ എയ്റോ ടെക് കമ്പനിക്കാണ് നൽകിയിരിക്കുന്നത്. 300 ടാക്‌സികൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന ടാക്‌സി ബേ പൂർണമായും പ്രവർത്തനക്ഷമമായി. ഏപ്രണിന്റെ ചില അവസാനവട്ട മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. ഇവയുടെ രൂപ കല്പന ഏയ്‌കോം എന്ന കമ്പനിയാണ്. നിലവിലുള്ള റൺവേ 3050 മീറ്ററിൽ നിന്ന് 4000 മീറ്ററായി ഉയർത്താനുള്ള നടപടികൾ പരോഗമിക്കുന്നു.

കണ്ണൂർ​- മൈസൂർ റോഡ് ദേശീയപാതയായി ഉയർത്തുന്നതിനുള്ള നടപടികളും നടന്നുവരുന്നു.

ഉദ്ഘാടനം 9ന് രാവിലെ 10ന്

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് നിർവഹിക്കും.

 സെൽഫ് ബാഗേജ് ട്രോപ്പ്

 ഇൻലൈൻ എക്‌സ്റേ സെൽഫ് ചെക്കിംഗ് മെഷീൻ

 ആറ് ഏയ്റോ ബ്രിഡ്ജുകൾ

 24 ചെക്ക് ഇൻ കൗണ്ടറുകൾ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KANNUR AIRPORT INAUGURATION, KANNUR AIRPORT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA