Kerala Kaumudi Online
Saturday, 25 May 2019 3.05 PM IST

ലഹരിയിൽ കറങ്ങാൻ ഗുളികകൾ! വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കടത്ത്

drug

കണ്ണൂർ: പുതുവർഷാഘോഷ പാർട്ടികളിൽ ലഹരി നിറയ്ക്കാൻ ചില രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഗുളികകൾ കേരളത്തിലേക്ക് ഒഴുകുന്നു. മാനസിക രോഗികൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന സിന്തറ്റിക് ലഹരി മരുന്നായ നെട്രോസെപാം ഉൾപ്പെടെ വലിയ തോതിൽ സംസ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ടെന്ന സംശയം അന്വേഷണ ഏജൻസികൾ പങ്കുവയ്ക്കുന്നു. ന്യൂജനറേഷൻ മയക്കുമരുന്നായ എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്. ലഹരിക്കടിമകളായ വിദ്യാർത്ഥികളെയാണ് ഗുളികകളുടെ കടത്തിനും വില്പനയ്ക്കുമെല്ലാം നിയോഗിക്കുന്നത്. കഞ്ചാവും ഹെറോയിനും കടത്തുന്നതിനേക്കാൾ സൗകര്യപ്രദമായി ഗുളികകൾ കടത്താനാവുന്നത് ഇതിലേക്ക് ആളുകളെ ആകർഷിക്കുന്നു.

പാർട്ടികളിൽ മദ്യത്തോടൊപ്പം കഴിക്കാനാണ് ലഹരിഗുളികകൾ ഉപയോഗിക്കുന്നതെന്നാണ് പറയുന്നത്. മദ്യപിച്ചതിന് ശേഷം ഈ ഗുളികകൾ കഴിച്ചാൽ ലഹരി കൂടുതൽ സമയം നിൽക്കുമത്രേ. ഗുളികകളാകുമ്പോൾ കൊണ്ടുനടക്കാനും കഴിക്കാനും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദമാണെന്നതും ഇതിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നു.

കഴിഞ്ഞദിവസം മലപ്പുറം കുറ്റിപ്പുറത്ത് 930 നെട്രോസെപാം ഗുളികകളുമായി കർണാടക കുടക് സ്വദേശികളായ അസീസ്, ജുനൈദ് എന്നിവരെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. കുറ്റിപ്പുറത്ത് നെട്രോസെപാം ഉപയോഗിക്കുന്ന ചില യുവാക്കളെ രണ്ട് മാസം മുമ്പ് കണ്ടെത്തുകയും ഇവരെ നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു കടത്തുകാരെ എക്‌സൈസ് ഇൻസ്‌പെക്ടർ ജിജി പോളും സംഘവും പിടികൂടിയത്. ഇവർ ബംഗളൂരുവിൽ പാർട്ട് ടൈം ജോലി ചെയ്തുവരുന്നവരാണെന്നും ലഹരി ഉപയോഗിക്കുന്നവരാണെന്നും എക്‌സൈസ് പറയുന്നു. വീടുവിട്ട് താമസിക്കുന്നവരാണ് ഇരുവരും.

വലിയ സംഘത്തിലെ കണ്ണികളായ ഇവരെ സുഹൃത്തുക്കളായ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പിടിയിലായ ശേഷവും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ചില പെൺകുട്ടികളും ഈ ലഹരി ശൃംഖലയിൽ അംഗങ്ങളാണെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ജിജി പോൾ പറയുന്നു.

പുതുവർഷാഘോഷ പാർട്ടികൾ ലക്ഷ്യമിട്ടാണ് ലഹരിഗുളികകൾ കടത്തിയതെന്ന് ഇവർ എക്‌സൈസിനോട് സമ്മതിച്ചു. ബംഗളൂരുവിൽ നിന്ന് സേലത്തെത്തി അവിടെ നിന്ന് മംഗളൂരു ട്രെയിനിൽ കയറി കുറ്റിപ്പുറത്ത് ഇറങ്ങിയതാണെന്നാണ് ഇവരുടെ മൊഴി. കുറ്റിപ്പുറത്ത് നിന്ന് ബസിൽ തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ഉദ്ദേശ്യം.

സംഘത്തിന് മലയാളം നല്ല വശമുണ്ട്. കേരളത്തിൽ ഇവരുടെ പരിചയക്കാർ മുഖാന്തിരമാണ് ലഹരി വില്പനയെന്നാണ് എക്‌സൈസ് കരുതുന്നത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് എക്‌സൈസ് വ്യക്തമാക്കുന്നു.

25 രൂപയിൽ താഴെ വിലവരുന്ന ഗുളികകൾ 200 മുതൽ 300 രൂപവരെ വാങ്ങിയാണ് വില്പന നടത്തുന്നത്.

നിർമ്മാണ തീയതിയോ ഉപയോഗിക്കാവുന്ന കാലാവധിയോ വിലയോ രേഖപ്പെടുത്തിയിട്ടില്ലാത്ത ഗുളികകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുള്ളത്. ഗുളികകളിൽ നിയമാനുസൃത വിവരങ്ങൾ രേഖപ്പെടുത്താത്തതും കൂടുതൽ ദുരൂഹതയുണ്ടാക്കുന്നു.

നെട്രോസെപാം അപകടകാരി

ലഹരിക്കായി അമിതമായി നെട്രോസെപാം ഉപയോഗിക്കുന്നത് യുവാക്കളിൽ മാനസിക വിഭ്രാന്തി, ന്യൂറോ തകരാറുകൾ തുടങ്ങിയവ ഉണ്ടാക്കും. ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ നെട്രോസെപാം വില്പനയ്‌ക്കോ കൊണ്ടുനടക്കാനോ അനുമതിയില്ല. മെഡിക്കൽ ഷോപ്പുകളിൽ ഷെഡ്യൂൾ എച്ച്1ൽ ഉൾപ്പെട്ടിരിക്കുന്ന ഈ മരുന്ന് സൂക്ഷിക്കണമെങ്കിൽ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇവ വില്പന നടത്തുമ്പോൾ അപ്പോൾതന്നെ രജിസ്റ്ററിൽ ഈ വിവരം ചേർക്കണമെന്നാണ് നിർദ്ദേശം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KANNUR, DRUG, CRIME
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY