SignIn
Kerala Kaumudi Online
Tuesday, 07 December 2021 8.57 PM IST

ഗൗതമന്റെ കുഞ്ഞൻ രഥത്തിലെ സുന്ദരയാത്ര; മൂവി റിവ്യൂ

gauthamante-radham

ആദ്യം വാങ്ങുന്ന വാഹനത്തോട് വൈകാരികമായ ബന്ധം സൂക്ഷിക്കുന്നവരാണ് ഒട്ടു മിക്കവരും. പുതുതലമുറ ഇത്തരം വികാരങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നതായി കാണാറില്ല. പലരും ആഡംബരങ്ങൾക്ക് പിന്നാലെയാണ്. കാറും ബൈക്കുമൊക്കെ വെറും യന്ത്രങ്ങൾ മാത്രമല്ലേ എന്ന് ചിന്തിച്ചു തുടങ്ങിയ തലമുറയുടെ പ്രതിനിധികളും അനേകമുണ്ട്. ഈ യന്ത്രവും മനുഷ്യനും തമ്മിലുള്ള വാക്കുകൾക്കതീതമായ ബന്ധത്തിന്റെ കഥയാണ് 'ഗൗതമന്റെ രഥം' എന്ന ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ആനന്ദ് മേനോൻ ആവിഷ്കരിച്ചിരിക്കുന്നത്.

gauthamante-radham

ഗൗതമന് കുട്ടിക്കാലം തൊട്ട് കാറുകളോട് ഭ്രമമാണ്. തന്റെ ഉറ്റസുഹൃത്ത് കൂടിയായ മുത്തശ്ശിയിൽ നിന്ന് പണ്ട് മുത്തച്ഛൻ കാറിൽ വന്ന കഥ കേട്ട് ആ ഭ്രമം കൂടിയിട്ടേയുള്ളു. കാലച്ചക്രം കറങ്ങി ഗൗതമന് പതിനെട്ട് വയസ് തികയേണ്ട താമസം അച്ഛന്റെ നിർദേശപ്രകാരം അയാൾ ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു, ലൈസൻസും നേടി. ലൈസൻസ് എടുത്തതിന്റെ പിന്നാലെ അവൻ കേൾക്കാൻ ഏറെ ആഗ്രഹിച്ച കാര്യം അച്ഛൻ തന്നെ പറഞ്ഞു-ഒരു കാർ വാങ്ങാമെന്ന്. കുട്ടിക്കാലത്തെ ആഗ്രഹം സഫലീകരിക്കാൻ പോകുന്നതിൽ ഗൗതമൻ ഒരുപാട് സന്തോഷിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കാറെത്തി-പ്രതീക്ഷിച്ചത് കുതിരയും കിട്ടിയത് കഴുതയും എന്ന അവസ്ഥയിലായി ഗൗതമന്. കാരണം വന്നത് ഇന്ത്യയിൽ തന്നെ കിട്ടാവുന്നതിൽ വച്ചേറ്റവും വിലക്കുറഞ്ഞ കുഞ്ഞൻ കാറായ നാനോ ആയിരുന്നു. ഏറെ മുഷിപ്പോടെ ഗൗതമൻ തന്റെ രഥം ഓടിച്ച് തുടങ്ങി.

gauthamante-radham

വീട്ടുകാർ സ്നേഹത്തോടെ നാണപ്പൻ എന്ന് വിളിപ്പേരിട്ട കാറിനോട് ഗൗതമന് ഒട്ടും മതിപ്പില്ല. 'മൂട്ടക്കാർ' എന്ന കുട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസം വേറെ. നാണക്കേട് മാത്രം സമ്മാനിച്ച കാർ എങ്ങനെയും ഉപേക്ഷിക്കണം എന്ന ചിന്തയായി ഗൗതമന്. എന്നാൽ ഗൗതമൻ അറിയാതെ അയാളുടെ ജിവിതത്തിൽ നിർണായക സാന്നിദ്ധ്യമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു 'നാണപ്പൻ'. നായകന്റെയും അയാളുടെ ഈ സ്പെഷ്യൽ ശകടത്തിന്റെയും ഫീൽ ഗുഡ് കഥയായാണ് പിന്നീട് ചിത്രം പുരോഗമിക്കുന്നത്. മനുഷ്യവികാരങ്ങൾക്കും ബന്ധങ്ങൾക്കും പ്രേക്ഷകന്റെ മനസിൽ സ്ഥാനമുറപ്പിച്ചാണ് 'ഗൗതമന്റെ രഥം' അവസാനിക്കുന്നത്.

അഭിനേതാക്കളുടെ മികച്ച പ്രകടനം ചിത്രത്തിന് മുതൽക്കുട്ടാണ്. നീരജ് മാധവ്, രൺജി പണിക്കർ, പുണ്യ എലിസബത്ത്, വത്സല മേനോൻ, ദേവി അജിത്, ബേസിൽ ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബിജു സോപാനം രസികനായ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. അഭിനേതാക്കളുടെ കൂട്ടത്തിൽ നാനോ കാറിന്റെ പേര് പറഞ്ഞാലും അതിശയോക്തിയില്ല. ചിത്രത്തിന്റെ അവസാനത്തെ ക്രെഡിറ്റ്സിൽ കാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അൻകിത് മേനോനും അനുരാജ് ഒ.ബിയും ഒരുക്കിയ ഗാനങ്ങൾ മനോഹരമാണ്. സിഡ് ശ്രീറാം ആലപിച്ച ഉയിരെ എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുൻപേ ഹിറ്റായതാണ്. വിഷ്ണു ശർമയുടെ ഛായാഗ്രഹണവും മികച്ചതാണ്.

gauthamante-radham

ആനന്ദ് മേനോൻ എന്ന നവാഗതൻ എഴുതി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് 'ഗൗതമന്റെ രഥം'. ഫീൽ ഗുഡ് സിനിമകൾക്ക് പഞ്ഞമില്ലാത്ത ഇക്കാലത്ത് വ്യത്യസ്തമായ ഇതിവൃത്തത്തിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സംവിധായകനായിട്ടുണ്ട്. സിനിമയിൽ ചിലയിടത്ത് മെല്ലെപ്പോക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും മൊത്തത്തിൽ രസച്ചരട് മുറിയാതെ കൊണ്ടു പോകാൻ കഴിഞ്ഞിട്ടുണ്ട്. ഫാമിലി ‌‌ഡ്രാമായും സുഹൃത്ബന്ധവും തമാശയും റൊമാൻസും ഫീൽ ഗുഡ് നിമിഷങ്ങളുമുള്ള നല്ല അനുഭവമാണ് 'ഗൗതമന്റെ രഥം' സമ്മാനിക്കുന്നത്.

വാൽക്കഷണം: ഗൗതമന്റെ നാണപ്പൻ

റേറ്റിംഗ്: 4/5

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GAUTHAMANTE RADHAM MOVIE, GAUTHAMANTE RADHAM REVIEW
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.