ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ വസ്തുതകൾക്ക് പകരം ഭാവനകളാണുണ്ടായിരുന്നതെന്ന് ശശി തരൂർ എം.പി. ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോവുന്നതിനുള്ള ആശയങ്ങൾ ഒന്നും തന്നെ അതിലുണ്ടായിരുന്നില്ലെന്നും തരൂർ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി 70 മിനിറ്റോളം സംസാരിച്ചിരുന്നു.
കേന്ദ്ര സർക്കാരിനെയും നിശിതമായി തരൂർ വിമർശിച്ചു. രാജ്യം രാഷ്ട്രീയവും ഭരണഘടനാപരവുമായ പ്രതിസന്ധികളുലൂടെ കടന്ന് പോകുകയാണെന്നും അതിനുള്ള പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ, സ്കിൽ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആരും സ്റ്റാൻഡാർഡ് ഇന്ത്യയെക്കുറിച്ച് ചിന്തിക്കുന്നില്ല. കഴിഞ്ഞ ഭരണകാലഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ പരാജയമാണെന്നത് മറച്ച് വയ്ക്കാനാണ് പുതിയ വാഗ്ദാനങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികളുടെ പേരുകൾ മാറ്റി സിറ്റ് ഡൗൾ ഇന്ത്യ, ഷട്ട് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നൊക്കെ ആക്കി മാറ്റണമെന്നും തരൂർ പറഞ്ഞു.