SignIn
Kerala Kaumudi Online
Monday, 30 March 2020 1.44 PM IST

കോൺഗ്രസ് എട്ടുനിലയിൽ പൊട്ടും, കാരണക്കാരൻ അദ്ദേഹമായിരിക്കും: സ്വന്തം പാർട്ടിക്കെതിരെ തിരിഞ്ഞ് പി.സി ചാക്കോ

pc-chacko

തിരുവനന്തപുരം: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പാർട്ടിക്ക് യാതൊരു പ്രതീക്ഷയുമില്ലെന്ന് ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവ് പി.സി. ചാക്കോ തുറന്നടിച്ചു. കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നാൽ അതിന് കാരണക്കാരൻ അഹമ്മദ് പട്ടേലായിരിക്കും. ഡൽഹിയുടെ ചുമതല തനിക്കായിരുന്നിട്ട് കൂടി പല തീരുമാനങ്ങളും അട്ടിമറിക്കപ്പെട്ടു. സ്ഥാനാർത്ഥി നിർണയത്തിലടക്കം പാളിച്ചയുണ്ടായി. പി.സി ചാക്കോ 'ഫ്ളാഷി'നോട്..

പട്ടേലിന്റെ താത്പര്യങ്ങൾ

ഡൽഹിയിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. ഡൽഹിയുടെ ചുമതലയുണ്ടായിരുന്നിട്ടുകൂടി പല തീരുമാനങ്ങളും എനിക്കെടുക്കാൻ പറ്റാത്ത ഒരു സ്ഥിതിയായിരുന്നു ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ. എല്ലാ കാര്യങ്ങളിലും അഹമ്മദ് പട്ടേലിന്റെ കൈകടത്തലുണ്ടായിരുന്നു. പല നിർണായക കാര്യങ്ങളിലും പട്ടേൽ ഏകപക്ഷീയമായ തീരുമാനമെടുത്തു. ഡൽഹിയിൽ പല വിധത്തിലുള്ള വ്യക്തി താത്പര്യങ്ങളും പാശ്ചാത്യ താത്പര്യങ്ങളുമുള്ള നേതാവാണ് അഹമ്മദ് പട്ടേൽ. പാർട്ടിയെ തോൽപ്പിക്കുന്ന തരത്തിൽ എന്തിനാണ് പട്ടേൽ ഇത്തരത്തിലുള്ള ഇടപെടൽ നടത്തിയതെന്ന് ഇനിയും മനസിലായിട്ടില്ല. ഞങ്ങൾ കൂട്ടായെടുത്ത പല തീരുമാനങ്ങളും നടപ്പായില്ല. പാർട്ടി തീരുമാനങ്ങളെല്ലാം അഹമ്മദ് പട്ടേൽ അട്ടിമറിച്ചു.

കൂടി പോയാൽ നാല്

തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ കീർത്തി ആസാദ് വലിയ പരാജയമായിരുന്നു. ഡൽഹി കോൺഗ്രസിൽ സമഗ്രമായ മാറ്റം വരുത്താതെ ഒരു പ്രശ്‌നവും പരിഹരിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ എനിക്ക് യാതൊരു പ്രതീക്ഷയുമില്ലാത്തത്. കൂടി പോയാൽ മൂന്നോ നാലോ സീറ്റ് കിട്ടും. എന്നാൽ, അത് ഉറപ്പിച്ച് പറയാനുള്ള ധൈര്യമില്ല. ഗാന്ധി നഗർ, കസ്‌തൂർബാ നഗർ, ചാന്ദ്നി ചൗക്ക്, മുസ്തഫാബാദ് എന്നിവിടങ്ങളിൽ നല്ല മത്സരമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ നടത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് പന്ത്രണ്ട് സീറ്റുകൾക്ക് വരെ സാദ്ധ്യതയുണ്ടായിരുന്നു. എന്നാൽ, സാമുദായിക ധ്രുവീകരണവും രാഷ്ട്രീയ കാലാവസ്ഥയുമൊക്കെ കോൺഗ്രസിന് തിരിച്ചടിയായി. അതിനെയൊന്നും നേരിടാൻ പാർട്ടിക്ക് സാധിച്ചില്ല. പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള നാല് നേതാക്കന്മാരുടെ മക്കൾ മത്സരിച്ചു. ചില നേതാക്കളുടെ ഭാര്യമാർ മത്സരിച്ചു. ഇതൊന്നും ജനങ്ങൾക്കിടയിൽ നല്ല സന്ദേശമല്ല നൽകിയത്. ഇതൊക്കെ ഞാൻ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചൂണ്ടിക്കാണിച്ചതാണ്. പക്ഷേ, കോൺഗ്രസ് പ്രസിഡന്റ് ഒരു തീരുമാനമെടുത്ത് കഴിഞ്ഞാൻ പിന്നെ ഞാനെന്ത് ചെയ്യാനാണ് ?

ഇനി അവർ തകരണം

ആം ആദ്മിയുടെ ഉദയത്തോടെ കോൺഗ്രസിന്റെ പരമ്പരാ‌ഗത വോട്ടുകളെല്ലാം നഷ്‌ടമായി. ബി.ജെ.പിയും കോൺഗ്രും തമ്മിൽ പ്രത്യക്ഷ മത്സരങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസിനാണ് വിജയം. ത്രികോണ മത്സരം നടക്കുന്ന ഡൽഹിയിൽ അതല്ല സ്ഥിതി. രണ്ട് പാർട്ടികൾ തമ്മിൽ മത്സരം നടക്കുന്ന സംസ്ഥാനമാണെങ്കിൽ ഇത്രയൊക്കെ പണിയെടുത്താൽ ജയിച്ച് കയറാം. എന്നാൽ, ഡൽഹിയിൽ തലകുത്തി നിന്നാലും നടക്കില്ല. ആം ആദ്മി എന്ന് തകരുന്നോ അന്നേ ഡൽഹിയിൽ ഇനി കോൺഗ്രസിന് തിരിച്ചു വരവ് ഉണ്ടാവുകയുള്ളൂ. ആം ആദ്മിയുമായി സഖ്യം ചേരാത്തതിനെപ്പറ്റി സംസാരിക്കാൻ താത്പര്യമില്ല.

കേരളത്തിലേക്ക് മടങ്ങും

എന്റെ ഭാഗം ന്യായീകരിച്ചുള്ള ഒരു വാദപ്രതിവാദത്തിന് ഞാനില്ല. ഡൽഹിയിൽ തുടരാൻ താത്പര്യമില്ലെന്നുള്ള കാര്യം ഞാൻ ഹൈക്കമാൻഡിനെ അറിയിക്കും.കേരളത്തിലേക്ക് മടങ്ങാനാണ് ആഗ്രഹം. കേരള രാഷ്ട്രീയത്തിൽ ഞാൻ സജീവമാകേണ്ട ആവശ്യമില്ല. കാരണം ഞാൻ ഇപ്പോൾ തന്നെ സജീവമാണ്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം കൂടിയുണ്ടല്ലോ. ആലോചിച്ച് തീരുമാനമെടുക്കേണ്ടതാണ്. പാർട്ടി അദ്ധ്യക്ഷൻ പറയുന്നത് എന്താണോ അത് കേൾക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PC CHACKO, AHMED PATEL, CONGRESS, RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.