തിരുവനന്തപുരം: ദക്ഷിണ റെയിൽവേ വികസന പദ്ധതികൾക്ക് കേന്ദ്ര ബഡ്ജറ്റിൽ അനുവദിച്ച തുകയിൽ ഏതാണ്ട് മുഴുവനും തമിഴ്നാട് തട്ടിയെടുത്തു. പാത ഇരട്ടിപ്പിക്കലിന് തമിഴ്നാടിന് കിട്ടിയത് 8500.8 കോടി കേരളത്തിന് 106.95 കോടി .ബഡ്ജറ്റിൽ റെയിൽവേയ്ക്ക് അനുവദിക്കുന്ന തുകയിൽ പദ്ധതിയനുസരിച്ച് വിവിധ മേഖലകൾക്കായി (സോൺ)വിഭജിച്ചു നൽകും. ആകെ 17 മേഖലകളിൽ ദക്ഷിണ റെയിൽവേയുടെ കീഴിലാണ് തമിഴ്നാടും കേരളവും. ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിൽ തമിഴ്നാട് സർക്കാരും അവിടത്തെ എം.പിമാരും സ്വാധീനം ചെലുത്തിയാണ് പദ്ധതികളും പണവും അനുവദിപ്പിക്കുന്നത്. കേരളത്തിന്റെ സ്വാധീനം ചെലുത്തൽ ഏതാനും കത്തെഴുത്തിൽ ഒതുങ്ങും.
പാത ഇരട്ടിപ്പിക്കൽ എല്ലായിടത്തും ഉണ്ടായാലേ കൂടുതൽ ട്രെയിനുകൾ അനുവദിക്കൂ. .കേരളത്തിലെ പല പദ്ധതികൾക്കും സ്ഥലമേറ്റെടുപ്പ് സമയബന്ധിതമായി പൂർത്തിയാകാറില്ല. ഷൊർണൂർ- തിരുവനന്തപുരം പാതയിരിട്ടിപ്പിക്കലിന് കോട്ടയം ജില്ലയിലെ സ്ഥലമേറ്റെടുപ്പ് അടുത്ത കാലത്താണ് പൂർത്തിയായത്. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത ശേഷം പണം അനുവദിച്ചാൽ മതിയെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. ഇത് ചൂണ്ടിക്കാട്ടിയാണ് കേരളത്തിന് കിട്ടേണ്ട തുകയും തമിഴ്നാടിന് അനുവദിച്ചത്.
പാതയിരിട്ടിപ്പിക്കൽ:
കേരളത്തിന് (തുക കോടിയിൽ)
ചിങ്ങവനം- കുറുപ്പുംതുറ- 88
അമ്പലപ്പുഴ- ഹരിപ്പാട് - 13.95
തിരുവനന്തപുരം- കന്യാകുമാരി- 5
തമിഴ്നാടിന്
കാട്പാടി - വില്ലുപുരം - 1601
സേലം-കരൂർ-ഡിണ്ടിഗൽ- 1600
ഈറോട്- കൂരൂർ - 650
ധർമ്മവരം- പാകല- കാട്പാടി - 2900
ഹൊസൂർ- ഒമലൂർ- 1470
ചെന്നൈ ബീച്ച്- എഗ്മൂർ- 279.
കർണ്ണാടകത്തിന് ലോട്ടറി അടിച്ചു
കർണ്ണാടകയും ഗോവയിലെ ഒരു ഭാഗവും ഉൾപ്പെടുന്ന സൗത്ത് വെസ്റ്റേൺ റെയിൽവേ മേഖലയിൽ കർണ്ണാടകയ്ക്ക് റെയിൽവെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുതിയ ബഡ്ജറ്റിൽ കിട്ടിയത് 11,625.7 കോടി രൂപ.
.കെട്ടിട നിർമ്മാണം, വർക്ക്ഷോപ്പ് , ഇൻഫർമേഷൻ സിസ്റ്റം - 5612.7 കോടി .
ഒൻപത് പാതകളുടെ ഇരട്ടിപ്പിക്കൽ- 2,470 കോടി.
ബംഗളൂരു- വൈറ്റ്ഫീൽഡ് പാത നാലുവരിയാക്കൽ- 101 കോടി.
13 പാതകളുടെ വൈദ്യുതീകരണം- 720 കോടി
ഓവർബ്രിഡ്ജുകൾ, സിഗ്നൽ സംവിധാനം - 1754 കോടി .