തിരുവനന്തപുരം: ക്രിക്കറ്റ് ബാറ്റ് മുതൽ ടർഫ് വരെ. ഒപ്പം അമ്പെയ്ത്തും ഷൂട്ടിങ്ങും സൂംബാ ഡാൻസും . കായിക പ്രേമികൾക്ക് കാർണിവലായി വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര കായിക പ്രദർശനം. കായികവകുപ്പിന്റെ 'ഇന്റർനാഷണൽ സ്പോർട്സ് എക്സ്പോ കേരള 2020' ആണ് കായികപ്രേമികളെ ആകർഷിക്കുന്നത് .
ആയിരത്തിലധികം ഉൽപന്നങ്ങളാണ് പ്രദർശനത്തിനും വിപണനത്തിനുമായുള്ളത്. ലോകനിലവാരത്തിലുള്ള കായിക ഉപകരണങ്ങൾ, കായികരംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ, കായികതാരങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ, വസ്ത്രങ്ങൾ എല്ലാമുണ്ട്. ഇതിന് പുറമേ അമ്പെയ്ത്ത്, ഷൂട്ടിങ്, പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളും. സ്കൂബാഡൈവിങ്, സൂംബാ ഡാൻസ്, എയ്രോബിക്സ് യോഗ പ്രദർശനവും കാണാം. വിവിധ അത്യാധുനിക വ്യായാമ ഉപകരണങ്ങളും ലഭിക്കും. കായിക മേഖലയിലെ വിവിധ വിഷയങ്ങളിൽ സെമിനാറുമുണ്ട്. അമ്പതിൽപരം കായികോപകരണ നിർമാതാക്കളാണ് പങ്കെടുക്കുന്നത്.
കായിക പ്രേമികളെ ആകർഷിക്കുന്നപ്രദർശനം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷനായി. കായിക യുവജന ഡയറക്ടർ ജെറൊമിക് ജോർജ്, സ്പോർട്സ് കൗൺസിൽ ജില്ലാപ്രസിഡന്റ് എസ്.എസ്. സുധീർ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. കായിക പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ എക്സിബിഷൻ സർവീസസുമായി ചേർന്ന് സംഘടിപ്പിക്കുന്ന പ്രദർശനം ശനിയാഴ്ച സമാപിക്കും.
കായികരംഗത്തെ ദുഷ്പ്രവണത ഇല്ലാതാക്കും: മന്ത്രി ഇ.പി. ജയരാജൻ
കായിക മേഖലയിലെ ദുഷ്പ്രവണതകൾ പൂർണമായി അവസാനിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ചില അസോസിയേഷനുകൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അത് ഉടൻ പരിഹരിക്കണം. കായികരംഗത്തിന് എല്ലാവിധ പ്രോത്സാഹനവും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.