SignIn
Kerala Kaumudi Online
Friday, 29 May 2020 5.14 AM IST

''മോദിക്കും അമിത് ഷായ്ക്കും ബെഹ്‌റയെ ഇഷ്ടമാണ്,​ അങ്ങ് ഡൽഹിയിലുമുണ്ട് പിടി,​ അതാ ഞാൻ പറഞ്ഞത് സി.ബി.ഐ വേണ്ടെന്ന്'': തുറന്നടിച്ച് മുല്ലപ്പള്ളി

loknath-behra-modi

തിരുവനന്തപുരം: പൊലീസിന്റെ തോക്കും തിരയും കാണാതായതും പർച്ചേസ് മാന്വൽ ലംഘിച്ചതുമൊക്കെയായ വിവാദ സംഭവത്തിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ സി.ബി.ഐ അന്വേഷിച്ചതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബെഹ്‌റ മുമ്പ് ഡൽഹിയിൽ ഉണ്ടായിരുന്നതുകൊണ്ട് സി.ബി.ഐയുമായി പലതരത്തിലുള്ള ബന്ധമുണ്ട്. മോദിക്കും അമിത് ഷായ്ക്കും ബെഹ്റയെ ഇഷ്ടമാണ്. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം പോരെന്ന് ഞാൻ പറയുന്നത്. ഞാനുമായി ആലോചിക്കാതെയാണ് രമേശ് ചെന്നിത്തല സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കമ്മ്യൂണിക്കേഷൻ ഗ്യാപ്പുണ്ടായതാണ് കാരണം. മുല്ലപ്പള്ളി 'ഫ്ളാഷി'നോട് സംസാരിക്കുന്നു..

എതിർപ്പിന് കാരണം

ലോക്‌നാഥ് ബെഹ്റയ്ക്കെതിരായ സി.എ.ജി റിപ്പോർട്ടിൽ സി.ബി.ഐ അന്വേഷണം പാടില്ലെന്നാണ് എന്റെ നിലപാട്. ഏത് അന്വേഷണം വേണമെന്നതിനെപ്പറ്റിയുള്ള കെ.പി.സി.സിയുടെ ഔദ്യോഗിക നിലപാട് നാളെ ഞാൻ തിരുവനന്തപുരത്ത് എത്തിയ ശേഷം മാത്രമേ തീരുമാനിക്കൂ. പ്രതിപക്ഷ നേതാവും ഉമ്മൻചാണ്ടിയുമായി ഒരുമിച്ചിരുന്ന് വിഷയം ചർച്ച ചെയ്യും. സി.ബി.ഐ അന്വേഷണ ആവശ്യത്തിൽ ഞാനും ചെന്നിത്തലയുമായി ഭിന്നതയില്ല. രമേശിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കും. ബെ‌ഹ്റ ഡൽഹിയിൽ ഉണ്ടായിരുന്നത് കൊണ്ട് അയാൾക്ക് സി.ബി.ഐയുമായി പല തരത്തിലുള്ള ബന്ധമുണ്ട്. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ ഞാൻ എതിർക്കുന്നത്.

അന്നേ പറഞ്ഞതാണ്

ഓരോ കാര്യങ്ങളെപ്പറ്റിയും ആലോചിച്ച് മാത്രമേ ഞാൻ അഭിപ്രായം പറയാറുള്ളൂ. പൗരത്വ നിയമ ഭേദഗതിയിൽ സി.പി.എമ്മുമായി ഒത്തുചേർന്നുള്ള പ്രക്ഷോഭം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന എന്റെ നിലപാടാണ് ശരിയെന്ന് ഇപ്പോൾ പാർട്ടിക്കകത്തെ എല്ലാവർക്കും മനസിലായി. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഈ രാജ്യത്തോട് വഞ്ചന കാണിച്ച ചരിത്രമാണ് മാർക്സിസ്റ്റ് പാർട്ടിക്കുള്ളത്. ഒപ്പം ചേർന്നാൽ വഴിയിൽ വച്ച് അവർ നമ്മളെ തള്ളി പറയുമെന്ന് ഞാൻ അന്നേ രമേശിനോട് പറഞ്ഞിരുന്നു. മോദിക്ക് വേണ്ടി മുഖ്യമന്ത്രി ഇപ്പോൾ ജയ് വിളിക്കുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ. ലാ‌വ്‌ലിൻ കേസിൽ മോദിയെ പേടിച്ചിരിക്കുകയാണ് പിണറായി.

ആ റിപ്പോർട്ട് കണ്ടിട്ടുണ്ട്

സി.ബി.ഐ അന്വേഷണം നടന്നാൽ ബെഹ്റയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്ത് നിന്നും കേന്ദ്രത്തിൽ നിന്നുമുണ്ടാകും. മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടൻ പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ പിണറായി ഇറക്കിയ ആദ്യ ഉത്തരവ് ബെഹ്റയുടെ നിയമനമായിരുന്നു. രണ്ട് സീനിയർ ഓഫീസർമാരെ മറികടന്നായിരുന്നു ബെഹ്റയെ ഡി.ജി.പിയായി നിയമിച്ചത്. ദേശീയ അന്വേഷണ ഏജൻസി ഓഫീസറായിരുന്നപ്പോൾ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റമുട്ടലിൽ നരേന്ദ്ര മോദിയേയും അമിത് ഷായേയും രക്ഷിച്ചതിന് ലഭിച്ച പ്രത്യുപകാരമാണ് ബെഹ്റയുടെ കേരളത്തിലെ നിയമനം.

അന്ന് ബെഹ്റ മോദിയേയും അമിത് ഷായേയും വെള്ളപ്പൂശി നൽകിയ റിപ്പോർട്ടിന്റെ ഫയലുകൾ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഞാൻ കണ്ടിരുന്നുവെന്ന് നേരത്തെ പറഞ്ഞത് ഓർമ്മ വേണം. ബെഹ്റ അന്ന് നൽകിയ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിൽ ഞങ്ങളെയൊക്കെ വിസ്മയപ്പെടുത്തിയിരുന്നു. മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് ബെഹ്റയെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

ഉണ്ട പോയത് എങ്ങോട്ട് ?

പൊലീസിന്റെ റൈഫിളുകളും ബുള്ളറ്റുകളും കാണാതെ പോയത് വളരെ ഗൗരവമുള്ള കാര്യമാണ്. കേരളത്തിൽ അധോലോക നായകന്മാരും കള്ളക്കടത്ത് സംഘങ്ങളും വ്യാപകമായുണ്ട്. മാവോ സംഘങ്ങൾ പ്രബലമാണെന്ന് മുഖ്യമന്ത്രി പറയുന്നു. തീവ്രവാദി ഗ്രൂപ്പുകൾ ഇവിടെ പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ നഗരങ്ങളെ കേന്ദ്രീകരിച്ച് വാടക കൊലയാളികളും ഗുണ്ടകളും കള്ളപ്പണ സംഘങ്ങളുമുണ്ട്. ഇവരിൽ ആരുടെ കൈകളിലേക്കാണ് റൈഫിളുകളും ബുള്ളറ്റുകളും പോയത് ? എന്തുകൊണ്ട് ഇതൊക്കെ അവിടെ എത്തിക്കൂടാ ? സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന അഴിമതി രണ്ടാമത്തെ കാര്യമാണ്. ആദ്യം തോക്ക് പോയ കാര്യമാണ് അന്വേഷിക്കേണ്ടത്. തോക്കെന്ന് പറയുന്നത് സാധാരണ പൊലീസുകാർ ഉപയോഗിക്കുന്ന തോക്കല്ല എന്നതും ശ്രദ്ധിക്കണം.

ജനം വിശ്വസിക്കില്ല

ആഭ്യന്തര വകുപ്പിന് മാത്രമല്ല, സംസ്ഥാനത്തിന് തന്നെ ബെഹ്‌റ ബാദ്ധ്യതയാണ്. മുഖ്യമന്ത്രിക്ക് എന്തിനാണ് ഈ മൗനമെന്ന് മനസിലാകുന്നില്ല, ബെഹ്റയെ രക്ഷിക്കാൻ വേണ്ടിയാണോ മോദിയെ പ്രീതിപ്പെടുത്താൻ വേണ്ടിയാണോ ? പൊലീസ് സേനയുടെ നവീകരണവുമായി ബന്ധപ്പെട്ട് പണം ചെലവഴിച്ചതിൽ വമ്പൻ അഴിമതിയാണ് നടന്നിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇതൊന്നും അറിയില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അറിയില്ലെന്ന് അദ്ദേഹം പറഞ്ഞാൽ ആഭ്യന്തര വകുപ്പിൽ തുടരാൻ പിണറായിക്ക് അർഹതയില്ല എന്നാണ് അതിന്റെ അർത്ഥം. ഞാൻ ഇതൊന്നും അറിഞ്ഞില്ല കാക്കി കുപ്പായക്കാരനാണ് ഇതൊക്കെ ചെയ്‌തതെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ജനം വിശ്വസിക്കില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOKNATH BEHRA, KERALA POLICE, CM PINARAYI VIJAYAN, NARENDRA MODI, AMIT SHA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.