Kerala Kaumudi Online
Saturday, 25 May 2019 3.41 PM IST

ഇവിടെയുറങ്ങുന്നു കായംകുളം കൊച്ചുണ്ണി

kochunni

തിരുവനന്തപുരം: കായംകുളം കൊച്ചുണ്ണി വെള്ളിത്തിരയിൽ മിന്നുമ്പോൾ യഥാർത്ഥ കായംകുളം കൊച്ചുണ്ണി ഇതാ ഇവിടെ ആറടി മണ്ണിലുറങ്ങുന്നുണ്ട്. കായംകുളത്തുകാരുടെ വീരപുത്രനായിരുന്ന കൊച്ചുണ്ണിക്ക് അന്ത്യവിശ്രമമൊരുക്കിയത് തിരുവനന്തപുരം പേട്ട മസ്ജിദിലെ ഖബർസ്ഥാനിലാണ്. ചരിത്ര രേഖകൾ പ്രകാരം 1859 ൽ അന്നത്തെ തിരുവിതാംകൂർ ജയിലിൽ വച്ചായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ മരണം. അവിടെ നിന്ന് തൊട്ടടുത്തുള്ള പള്ളിയായ പേട്ട മസ്ജിദിൽ കൊണ്ടുവന്ന് ഖബറടക്കുകയായിരുന്നുവെന്നാണ് ചരിത്രം. എന്നാൽ, ഇന്ന് അവിടെ ചെന്നാൽ കൊച്ചുണ്ണിയെ ഓർമ്മപ്പെടുത്തുന്ന ഒന്നും ഉണ്ടാകില്ല. കൊച്ചുണ്ണിയുടെ ഖബറിനു മുകളിൽ വളർന്ന പനമരം കുറച്ചുവർഷം മുൻപത്തെ ഇടവപ്പാതിയിൽ മറിഞ്ഞുവീണു. എങ്കിലും തലമുറകൾക്കറിയാം നന്മ നിറഞ്ഞ കള്ളൻ ഉറങ്ങുന്നതിവിടെയാണെന്ന്. ഉള്ളവരിൽ നിന്നെടുത്ത് ഇല്ലാത്തവർക്ക് നൽകുന്ന നന്മനിറഞ്ഞ കള്ളനായാണ് കായംകുളം കൊച്ചുണ്ണിയെ ചരിത്രം വിശേഷിപ്പിക്കുന്നത്. കാർത്തികപ്പള്ളി താലൂക്കിലെ കൊറ്റംകുളങ്ങരയ്ക്കടുത്ത് 1818ലാണ് കൊച്ചുണ്ണി ജനിച്ചത്.

കൗമാരവും യൗവനവും ഏവൂരിലായിരുന്നു. ബാപ്പയുടെ മരണത്തെ തുടർന്ന് നിത്യ ദാരിദ്ര്യത്തിലായ കുടുംബത്തിൽ വിശപ്പകറ്റാനായി പലചരക്കു കടയിൽ ജോലിക്കാരനായെങ്കിലും ദുഷിച്ച സാമൂഹ്യ വ്യവസ്ഥിതി കൊച്ചുണ്ണിയെ കള്ളനാക്കുകയായിരുന്നു. ഒരിക്കൽ അധികാരികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കൊച്ചുണ്ണി തന്നെ ചതിച്ച കാമുകിയെയും അവരുടെ സഹായിയെയും കൊന്നു.അതിനു ശേഷവും ഒളിവിൽ തുടരുന്നതിനിടെയാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപത്തിനായി കൊണ്ടുവന്ന സാളഗ്രാമങ്ങൾ മോഷ്ടിച്ചത്. ആയില്യം തിരുനാൾ രാമവർമ്മയായിരുന്നു അന്ന് തിരുവിതാംകൂർ മഹാരാജാവ്. സർ.ടി . മാധവറാവു ദിവാനായി ചുമതലയേറ്റ കാലമായിരുന്നു അത്. നിരവധി മോഷണവും രണ്ട് കൊലപാതകവും ഒക്കെയായി കൊച്ചുണ്ണി അധികാരികളുടെ തലവേദനയായി തീർന്നിരുന്നു. കൊട്ടാരവും പൊലീസുമൊക്കെ അന്വേഷിച്ചിട്ടും കൊച്ചുണ്ണിയുടെ പൊടിപോലും കണ്ടുപിടിക്കാനായില്ല. ഒടുവിൽ അന്നത്തെ വീരനും പോരാളിയുമായ ആറാട്ടുപുഴ വേലായുധ പണിക്കരെ കൊച്ചുണ്ണിയെ കണ്ടുപിടിക്കുക എന്ന ദൗത്യം ഏൽപ്പിച്ചു.

ആൾബലത്തിൽ മുമ്പനായിരുന്ന വേലായുധ പണിക്കർ കൊച്ചുണ്ണിയെ പിടികൂടി ദിവാന്റെ മുന്നിലെത്തിച്ചു. തിരുവിതാംകൂർ രാജാവ് വേലായുധ പണിക്കർക്ക് പട്ടും വളയും നൽകി ആദരിച്ചു. കൊച്ചുണ്ണിയെ ജയിലിലടച്ചു. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്കിടെ കൊച്ചുണ്ണി ജയിലിൽ വച്ച് മരണമടഞ്ഞു. നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് കായംകുളം കൊച്ചുണ്ണിയെ വെള്ളിത്തിരയിൽ എത്തിക്കുമ്പോൾ പേട്ട മസ്ജിദിലെ ആ എഴുതപ്പെടാത്ത ഖബർസ്ഥാൻ വീണ്ടും ചർച്ചാ വിഷയമാവുകയാണ്. പത്തനംതിട്ട ഇടപ്പാറയിൽ കൊച്ചുണ്ണിയെ വച്ചാരാധിക്കുന്നൊരു കാവുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KAYAMKULAM KOCHUNNI, KAYAMKULAM KOCHUNNI MOVIE, CINEMA, PETTAH MASJID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA