കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ കീഴിൽ 'കരുണ' സംഗീത പരിപാടിയുമായി ഉയർന്നുവന്ന വിവാദത്തിന് പിന്നാലെ പരിപാടിയുടെ സംഘാടകർ മുഖ്യമന്ത്രിക്കു കത്തയച്ചു. സംഗീത നിശയുടെ പണമിടപാടുകളെപ്പറ്റി ഔദ്യോഗിക അന്വേഷണം നടത്തി ജനങ്ങളെയും മാദ്ധ്യമങ്ങളെയും നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആഷിഖ് അബു ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
ദുരിതാശ്വാസ നിധിയിലേക്ക് അടക്കേണ്ട പണമടക്കം ഫൗണ്ടേഷന്റെ മുതൽമുടക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നടപടികളും പുരോഗമിക്കവേ രാഷ്ട്രീയ പ്രേരിതമായി ആക്രമണം പൊട്ടിപ്പുറപ്പെട്ടെന്നും കത്തിൽ പറയുന്നു. പ്രധാന സംഘാടകരായ ബിജിബാൽ, ഷഹബാസ് അമൻ, ആഷിഖ് അബു, റിമ കല്ലിങ്കൽ, സിതാര കൃഷ്ണകുമാർ, കമൽ കെ എം, ശ്യാം പുഷ്ക്കരൻ, മധു നാരായണൻ എന്നിവരാണ് കത്തയച്ചത്.
കത്തിന്റെ പൂർണരൂപം
ബഹുമാനപെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സർ,
ഈ വർഷം മുതൽ കൊച്ചിയിൽ രാജ്യാന്തരതലത്തിലുള്ള മ്യൂസിക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കൊച്ചി മ്യൂസിക് ഫൗണ്ടേഷന്, കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് കേരളത്തിലേയും കേരളത്തിന് പുറത്തേയും അന്‍പതോളം മുന്‍നിര സംഗീതജ്ഞര്‍ പങ്കെടുത്ത കരുണ എന്ന മ്യൂസിക് കോണ്‍സെര്‍ട് നടത്തുകയുണ്ടായി. ഫൗണ്ടേഷന് അംഗങ്ങള്‍ സ്വന്തം ചിലവില്‍ ആണ് ഈ കോണ്‍സെര്‍ട് നടത്തിയത്.
ആദ്യ പരിപാടിയുടെ ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാം എന്ന ആശയം പൊതുവായി എടുത്ത തീരുമാനമാണ്. സ്പോണ്‍സര്‍മാരില്ലാതെ നടത്തിയ പരിപാടിയില്‍ നിന്ന് മുതല്‍മുടക്കിയ പണം കണ്ടെത്താന്‍ ഫൗണ്ടേഷന് കഴിഞ്ഞില്ല. എന്നാല്‍ വിഡിയോ കണ്ടന്റ്ടെലികാസ്റ് റൈറ്റ്സ് പോലുള്ള വരുമാന മാര്‍ഗങ്ങളില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് അടക്കേണ്ട പണമടക്കം ഫൗണ്ടേഷന്റെ മുതല്‍മുടക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നടപടികളും പുരോഗമിക്കവേ തികച്ചും രാഷ്ട്രീയ പ്രേരിതമായി ആക്രമണം പൊട്ടിപ്പുറപ്പെട്ടു. വിവാദങ്ങള്‍ക്ക് അവസരമുണ്ടാക്കാതെ ഫൗണ്ടേഷന് പണമടച്ചു. ട്രസ്റ്റ് ആയി റജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന മ്യൂസിക് ഫൗണ്ടേഷന് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 വരെ പണമടക്കാനുള്ള നിയമപരമായ സമയം ഉണ്ടായിരുന്നെങ്കിലും.
എന്നാല്‍ ഫൗണ്ടേഷന് അംഗങ്ങള്‍ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് മുതല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഫൗണ്ടേഷന് അംഗങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്ന നടപടികള്‍ ആരംഭിച്ചു. പിന്നീട് അതൊരു വലിയ ആക്രമണമായി മാറുകയും, കൊച്ചി മ്യൂസിക് ഫൗണ്ടേഷന് ദുരിതാശ്വാസ ഫണ്ട് അഴിമതി നടത്തിയെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു എന്ന നിലയിലുമുള്ള യുക്തിരഹിതമായ ആരോപണങ്ങള്‍ ജനപ്രതിനിധികള്‍ അടക്കം ഉന്നയിക്കുകയും ചെയ്തു.
കൊച്ചിയില്‍ രാജ്യാന്തര നിലവാരത്തില്‍ ഒരു മ്യൂസിക് ഫെസ്റ്റിവല്‍ എന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരായ ഞങ്ങളുടെ അഭിമാനത്തെയും സല്‍പ്പേരിനെയും ആക്രമിക്കുന്ന അധമരാഷ്ട്രീയ ശൈലി ജനപ്രതിനിധികള്‍ കൂടി ഏറ്റെടുത്ത സ്ഥിതിക്ക്, കരുണ എന്ന കോണ്‍സെര്‍ട്ടില്‍ നടന്ന പണമിടപാടുകളെപ്പറ്റി ഔദ്യോഗികമായ അന്വേഷണം എത്രയും വേഗം പ്രഖ്യാപിക്കണമെന്നും നിജസ്ഥിതി ജനങ്ങളേയും മാധ്യമങ്ങളേയും അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ
കൊച്ചി മ്യൂസിക് ഫൗണ്ടേഷന് വേണ്ടി
ബിജിബാല്‍
ഷഹബാസ് അമന്
ആഷിഖ് അബു
റിമ കല്ലിങ്ങല്‍
സിതാര കൃഷ്ണകുമാര്‍
കമല്‍ കെ എം
ശ്യാം പുഷ്ക്കരന്‍
മധു നാരായണന്