കൊച്ചി: കരുണ സംഗീത നിശ വിവാദത്തിൽ പരിപാടിയുടെ മുഴുവൻ കണക്കുകളും വരവ് ചെലവും പുറത്തുവിട്ട് സംഘാടകരായ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ. കൊച്ചി ആസ്ഥാനമാക്കി ഒരു രാജ്യാന്തര സംഗീത മേള വർഷം തോറും നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കെ.എം.എഫ് രൂപപ്പെട്ടതെന്ന് സംഘടനയുടെ പ്രസിഡന്റായ ബിജിബാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെ പങ്കുവച്ച വിഡിയോയിൽ ബിജിബാലിനൊപ്പം ഷഹബാസ് അമൻ, ആഷിക് അബു, സിത്താര കൃഷ്ണകുമാർ, ശ്യാം പുഷ്കരൻ എന്നിവർ പങ്കെടുത്തു.
ഫണ്ട് റൈസിംഗ് പരിപാടിയായിരുന്നു എന്നു തന്നെ സംഗീത നിശയെ വിശഷേിപ്പിക്കാമെന്ന് ബിജിബാൽ പറഞ്ഞു. സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി സംഗീത നിശയുടെ കണക്കുകളും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടുമുണ്ട്. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ഇവന്റ് മാനേജ്മെന്റ് ഇൻവോയിസ്, ലൈറ്റ് ആൻഡ് സൗണ്ട് ഇൻവോയിസ്, പരസ്യ ഏജൻസി ഇൻവോയിസ്, ടിക്കറ്റ് വിൽപ്പനയിലൂടെ സമാഹരിച്ച തുകയുടെ രേഖകൾ, മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ഫോട്ടോസ്റ്റാറ്റ് എന്നിവ സംഘടന അപ്ലോഡ് ചെയ്തിട്ടുണ്ട്.
കലാപരമായി വൻ വിജയമായിരുന്ന പരിപാടി പക്ഷേ സാമ്പത്തികമായി പരാജയപ്പെട്ടിരുന്നുവെന്നും ബിജിബാൽ വെളിപ്പെടുത്തി. 23 ലക്ഷം രൂപയാണ് ആകെ ചിലവായത്. കൊച്ചിയിലെ രാജീവ്ഗാന്ധി ഇന്റർനാഷ്ണൽ സ്റ്റേഡിയം സൗജന്യമായി ലഭിച്ചു. മീഡിയ പബ്ലിസിറ്റിയും നല്ലരീതിയിൽ ലഭിച്ചു. അതെല്ലാം സൗജന്യമായി തന്നെയാണ് ലഭിച്ചത്. എന്നിരുന്നാലും പരിപാടി അവതരിപ്പിച്ചവരിൽ പ്രമുഖ കലാകാരൻമാരല്ലാത്ത മറ്റ് സാധാരണ ഗിറ്റാറിസ്റ്റുകൾ പോലുള്ള വാദ്യകലാകാരൻമാർക്കും എല്ലാം പ്രതിഫലം നൽകേണ്ടതുണ്ടായിരുന്നു. താമസം, ഭക്ഷണം, യാത്രാച്ചിലവ്, സെറ്റ് പ്രൊപ്പർട്ടികൾക്കുള്ള ചിലവ്, അവതാരകർക്ക്, നല്ല രീതിയിൽ പരിപാടി കവർ ചെയ്ത ക്യാമറ ടീമിന് എല്ലാം പ്രതിഫലം നൽകണമായിരുന്നു. 23 ലക്ഷം രൂപയിൽ ഇനിയും രണ്ടു ലക്ഷം രൂപ കൊടുത്തു തീർക്കാനുണ്ടെന്നും ബിജിബാൽ വ്യക്തമാക്കി.
എന്നാൽ, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയോ എന്ന് ചോദിച്ച് റീജിയണൽ സ്പോർട്സ് സെന്ററിൽ നിന്ന് സംഘടനയ്ക്കോ സംഘാടകർക്കോ കത്ത് ലഭിച്ചിട്ടിലെന്ന് പ്രതിനിധികൾ പറഞ്ഞു. കെ.എം.എഫിന്റെ അംഗങ്ങൾ തന്നെ ആ പണം ഫണ്ട് സ്വരൂപിച്ച് കൊടുത്തു തീർക്കേണ്ടതുണ്ട്. ഒരുപാടു പേർക്കുള്ള കടങ്ങൾ തീർത്തതിനു ശേഷം മാർച്ച് 31നു മുമ്പ് സിഎംഡിആർ എഫിലേക്ക് നിശ്ചിത തുക കൈമാറാമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. അതിനിടയിലാണ് ആരോപണമുന്നയിക്കുന്നവർ ആർ.ടി.ഐയുമായി ബന്ധപ്പെട്ട് ഇതുവരെ പണം കൈമാറിയിട്ടില്ലെന്നും തട്ടിപ്പു കാണിക്കുകയാണെന്നും പറഞ്ഞ് രംഗത്തു വരുന്നതെന്നും ബിജിബാൽ പറയുന്നു. സംഗീത പരിപാടി വൻ വിജയമായിരുന്നു ആ വിജയത്തിന്റെ അർത്ഥം സംഗീത പ്രേമികൾക്ക് മാത്രമേ മനസിലാവുകയുള്ളൂവെന്ന് ബിജിബാൽ കൂട്ടിച്ചേർത്തു.
കെ.എം.എഫ് ഫെയ്സ്ബുക്ക് പേജിലെ ഒരു വിശദീകരണ പോസ്റ്റിൽ രക്ഷാധികാരിയായി കളക്ടറുടെ പേര് പരാമർശിച്ചത് തങ്ങളുടെ അറിവില്ലായ്മയും പക്വതക്കുറവുംകൊണ്ടു സംഭവിച്ചതാണെന്നും അതിൽ കളക്ടറോടു നേരിട്ട് ക്ഷമ ചോദിച്ചിട്ടുണ്ടെന്നും ബിജിബാൽ പറഞ്ഞു. ടിക്കറ്റുകൾ ടിക്കറ്റ് കളക്ടർ, ബുക്ക് മൈഷോ എന്നീ ആപ്പുകൾ വഴി ഓൺലൈനാണ് വിറ്റത്. കൃത്യമായ വിവരം വെബ്സറ്റിലുണ്ട്. 500, 1500, 2500, 5000 രൂപയുടെയും ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. 908 ടിക്കറ്റുകൾ വിറ്റ് പോയി. അതിൽ നിന്നുള്ള വരുമാനം 7,35500 രൂപയാണ്. കൗണ്ടറിൽ വച്ച വിറ്റുപോയ ടിക്കറ്റ് തുക 39000 രൂപ. ആകെ 7,74,500 രൂപയാണ് വരവ്. 18 % ജി എസ് ടി, 1 % കേരള ഫ്ലഡ് സെസും ബാങ്ക് ചാർജസ് 2 % എന്നിവ കുറച്ചാൽ ആകെ തുക 6,21,936 രൂപയാണ്. റൗണ്ട് ചെയ്ത് 6, 22,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. 4000 പേർ പരിപാടിയിൽ പങ്കെടുത്തു. 3000 പേരും സൗജന്യ പാസിലാണ് പരിപാടിക്കു കയറിയതെന്നും ഭാരവാഹികൾ അവകാശപ്പെടുന്നു.