SignIn
Kerala Kaumudi Online
Sunday, 05 April 2020 12.35 AM IST

ഉറക്കത്തോട് വാശി വേണ്ട, നിമിഷം മതി എല്ലാം തീരാൻ...!

sleep

തിരുവനന്തപുരം: രാത്രിയുടെ അന്ത്യയാമങ്ങളിലെ ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം തീരാൻ. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണം. 19 ജീവനെടുത്ത കോയമ്പത്തൂർ അപകടത്തിലും ലോറി ഡ്രൈവർ ഉറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം.

നാലു ഘട്ടങ്ങളുള്ള ഉറക്കത്തിന്റെ അവസാന ഘട്ടത്തിൽ ഉറക്കം നമ്മെ കീഴടക്കിയിരിക്കും. പകൽ ഉണർന്നിരിക്കാനും രാത്രിയിൽ ഉറങ്ങാനുമായി സെറ്റ് ചെയ്ത ജൈവഘടികാരം (ബയോളജിക്കൽ ക്ലോക്ക് ) ശരീരത്തിലുണ്ട്. രാത്രിയിൽ മണിക്കൂറുകളോളം വാഹനമോടിക്കുമ്പോൾ ഇതിന്റെ പ്രവർത്തനം തെറ്റും. തുടർച്ചയായി വാഹനങ്ങളുടെ ലൈറ്റ് അടിക്കുമ്പോൾ കണ്ണഞ്ചിക്കുന്നത് (ഗ്ലെയർ) കൂടുകയും കാഴ്ച കുറയുകയും (കോൺട്രാസ്റ്റ്) ചെയ്യും. റോഡിലെ മീഡിയൻ, ഹമ്പ്, കുഴികൾ, കട്ടിംഗുകൾ, മുറിച്ചുകടക്കുന്ന ആളുകൾ എന്നിവയൊന്നും കാണാനാവില്ല. വിജനമായ റോഡിലാണെങ്കിലും, വാഹനത്തിനു മുന്നിൽ ഇവ കണ്ടാലും പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. കാൽ ആക്സിലറേറ്ററിൽ അമർത്താൻ സാദ്ധ്യതയേറെയാണ്. സ്റ്റിയറിംഗും പാളിപ്പോകാം.

പുലർച്ചെ രണ്ടിനു ശേഷം ശരീരം ഉറങ്ങാനുള്ള പ്രവണത കാട്ടും. ദീർഘദൂര സർവീസുകളിലെയും ചരക്കു ലോറികളിലെയും ഡ്രൈവർമാർ ജാഗ്രത കാട്ടേണ്ട സമയമാണിത്. ഉറക്കം കീഴടക്കുമ്പോൾ തലച്ചോറും ഞരമ്പുകളും മരവിപ്പിലാവും. പ്രതികരണശേഷി അതിനാൽ കുറയും.

പുലർച്ചെ 2മുതൽ 5 വരെ

പുലർച്ചെ രണ്ടു മുതൽ അഞ്ചു വരെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. ഉച്ചത്തിൽ പാട്ടുകേട്ടും പരസ്പരം സംസാരിച്ചും ഉറക്കമൊഴിച്ച് വണ്ടിയോടിക്കാമെന്നാണ് മിക്ക ഡ്രൈവർമാരുടെയും ധാരണ. എന്നാൽ ഉറക്കത്തിന്റെ റാപ്പിഡ് ഐ മൂവ്‌മെന്റ് എന്ന ഘട്ടത്തിൽ എത്ര വമ്പനായാലും ഒരു നിമിഷാർദ്ധം ഉറങ്ങിപ്പോകും. കണ്ണ് തുറന്നിരിക്കുകയായിരിക്കും. പക്ഷേ പൂർണമായി ഉറക്കത്തിലായിരിക്കും. കാൽ അറിയാതെ ആക്സിലറേറ്ററിൽ ശക്തിയായി അമർത്തും.

ഉറക്കത്തിന്റെ നാല് ഘട്ടങ്ങൾ

ഘട്ടം-1
ചെറിയ മയക്കം പോലെ. കണ്ണുകൾ ക്രമേണ അടഞ്ഞ് വിശ്രമാവസ്ഥയിലാവും. ബോധ മനസായതിനാൽ വേഗം ഉണരാം
ഘട്ടം-2
കണ്ണുകളുടെ ചലനം കുറഞ്ഞ് ഉറക്കം അഗാധമാവും. തലച്ചോറിൽ നിന്നുള്ള തരംഗ പ്രവാഹം സാവധാനത്തിലാവും
ഘട്ടം-3
ബോധമനസിന്റെ പ്രവർത്തനം നിലച്ചുതുടങ്ങും. തലച്ചോറിൽ നിന്നുള്ള ഡെൽറ്റാ തരംഗങ്ങളുടെ പ്രവാഹം ദുർബലമാവും
ഘട്ടം-4
കണ്ണുകളുടെ ചലനം നിലയ്ക്കും. കണ്ണു തുറന്നിരുന്ന് നല്ല ഉറക്കത്തിലാവും.

ഓർക്കാം ഇവരെ

ജഗതി ശ്രീകുമാർ

മലയാളസിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ജഗതിശ്രീകുമാർ ആറു വർഷമായി ശരീരം തളർന്ന് വീൽ ചെയറിലാണ്. കുടകിലെ സിനിമാ സെറ്റിലേക്കുള്ള യാത്രയ്ക്കിടെ 2012 മാർച്ച്10ന് പുലർച്ചെ അഞ്ചിന് മലപ്പുറം പാണാമ്പ്രയിലെ അപകടത്തിനിടയാക്കിയത് ഡ്രൈവർ മയങ്ങിപ്പോയതാണ്.

മോനിഷ

മലയാളത്തിന്റെ മഞ്ഞൾപ്രസാദം മോനിഷയുടെ ജീവനെടുത്തത് 1992 ഡിസംബറിലെ ഒരു പുലർകാലത്താണ്. ചേർത്തല എക്സ്‌റേ കവലയിലായിരുന്നു അപകടം. മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയുമായി സംസാരിച്ചിരിക്കുന്നതിനിടെ ഡ്രൈവർ മയങ്ങിപ്പോയി. ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ് തലച്ചോറിന് ക്ഷതമേറ്റാണ് 21-ാംവയസിൽ മോനിഷ വിട പറഞ്ഞത്.

കലാമണ്ഡലം ഹൈദരാലി

കഥകളി സംഗീതത്തിലെ കുലപതിയായിരുന്ന കലാമണ്ഡലം ഹൈദരാലി 2006ൽ തൃശൂർ മുള്ളൂർക്കരയിലെ വാഹനാപകടത്തിലാണ് മരിച്ചത്. കലാമണ്ഡലത്തിലേക്കുള്ള പതിവുയാത്രയിലായിരുന്നു അപകടം. ഹൈദരാലിക്ക് മരണപ്പെടുമ്പോൾ 59വയസേ ഉണ്ടായിരുന്നുള്ളൂ.

ബാലഭാസ്കർ

ഗുരുവായൂർ ദർശനത്തിനുശേഷം, താമസിക്കാൻ തൃശൂരിലെടുത്തിരുന്ന ഹോട്ടൽ മുറി വേണ്ടെന്നുവച്ച് തിരുവനന്തപുരത്തേക്കുള്ള രാത്രി യാത്രയാണ് ബാലഭാസ്കറിന്റെയും കുഞ്ഞുമകൾ തേജസ്വിനിയുടെയും ജീവനെടുത്തത്. ദേശീയപാതയിൽ പള്ളിപ്പുറത്ത് റോഡിന് എതിർ ദിശയിലെ മരത്തിൽ കാറിടിച്ചായിരുന്നു അപകടം.

രാത്രി ഡ്രൈവിംഗ്: ഒഴിവാക്കേണ്ടത്

1) അതിവേഗം

രാത്രിയാത്രയിൽ അമിതവേഗത്തിനുള്ള പ്രവണത കൂടും. ദൂരക്കാഴ്ച കുറവായതിനാൽ ബ്രേക്കിംഗ് എളുപ്പമാവില്ല. ശരാശരി വേഗമാണ് നല്ലത്

2) ലൈറ്റിൽ നോട്ടം

ഉറങ്ങാതിരിക്കാൻ എതിർദിശയിലെ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിൽ നോക്കി വണ്ടിയോടിക്കുന്ന ശീലം നന്നല്ല. ഇത് കണ്ണിന്റെ കാര്യക്ഷമത കുറയ്ക്കും

3)അമിത ഭക്ഷണം

വയറു കുത്തിനിറച്ച് ഭക്ഷണം കഴിച്ച് വാഹനമോടിക്കരുത്. സദ്യയുണ്ടശേഷം വണ്ടിയോടിക്കുമ്പോഴും ശ്രദ്ധവേണം

4)പുകവലി

ഉറങ്ങാതിരിക്കാൻ പുകവലിക്കുമ്പോൾ ശരീരത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞ് ക്ഷീണം കൂടും. കണ്ണുകൾ തനിയേ അടയും

5)മരുന്ന്

മയക്കമുണ്ടാക്കുന്ന മരുന്നുകൾ രാത്രി യാത്രയിൽ വേണ്ട. ജലദോഷത്തിനും ചുമയ്ക്കുമുള്ള മരുന്നു പോലും ഉറക്കം വരുത്തും.

6)ലഹരി

ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കരുത്. ഉറക്കംവരാതിരിക്കാൻ മുറുക്കുന്നതും ചുണ്ടിനിടയിൽ പുകയില വയ്ക്കുന്നതും നന്നല്ല

''ഉറക്കത്തിന്റെ ആലസ്യമുണ്ടായാൽ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം''

മനോജ്എബ്രഹാം,

അഡി.ഡി.ജി.പി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUS ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.