SignIn
Kerala Kaumudi Online
Tuesday, 31 March 2020 7.14 PM IST

സൗമ്യയ്ക്കുണ്ടായ അവസ്ഥ ശരണ്യയ്ക്ക്  സംഭവിച്ചുകൂട... കണ്ണിലെണ്ണയൊഴിച്ച്  രാവും പകലും കാവലായി ജയിൽ വാർഡൻമാർ

saranya-

കണ്ണൂർ : കാമുകനൊപ്പം ജീവിക്കുന്നതിനായി ഭർത്താവിന്റെ അടുത്ത് ഉറങ്ങിക്കിടന്ന ഒന്നര വയസുള്ള മകനെ പാറക്കെട്ടിലെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിൽ കനത്ത സുരക്ഷ. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിന്റെ തലയിൽ കുറ്റം കെട്ടിവയ്ക്കുവാനാണ് പ്രതിയായ ശരണ്യ ശ്രമിച്ചത്. എന്നാൽ പൊലീസിന്റെ കുറ്റമറ്റ അന്വേഷണത്തിൽ സത്യം തെളിയുകയായിരുന്നു. ഇതേ തുടർന്ന് അറസ്റ്റിലായ ഇരുപത്തിരണ്ടുകാരിയെ കണ്ണൂർ വനിതാ ജയിലിൽ പാർപ്പിച്ചിരിക്കുകയാണിപ്പോൾ. സ്വന്തം കുഞ്ഞിനെ കൊന്നതിന്റെയും, പിടിക്കപ്പെട്ടതിന്റെയും മാനസിക ആസ്വാസ്ഥ്യത്തിലാണ് പ്രതിയിപ്പോൾ. തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ വീട്ടുകാരും സമീപവാസികളും ശരണ്യയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഒരു വേള സ്ത്രീകളടങ്ങിയ സംഘം ശരണ്യയെ കായികമായി കൈയ്യേറ്റം ചെയ്യുമെന്നു പോലും പൊലീസ് ഭയന്നു.

ഇതെല്ലാം ശരണ്യയുടെ മാനസിക നിലയെ ബാധിച്ചുവെന്നാണ് അധികൃതർ കരുതുന്നത്. അതിനാൽ തന്നെ ജയിലിൽ ശരണ്യയ്ക്ക് കൗൺസിലിംഗ് നൽകും. ഇപ്പോൾ റിമാൻഡ് തടവുകാർ കഴിയുന്ന ഡോർമറ്ററിയിലാണു ശരണ്യയെ പാർപ്പിച്ചിരിക്കുന്നത്. മുൻപ് കണ്ണൂർ വനിത ജയിലിൽ സൗമ്യ എന്ന പ്രതി തൂങ്ങിമരിച്ചിരുന്നു. വീട്ടുകാരെ പലപ്പോഴായി എലിവിഷം നൽകി കൊലപ്പെടുത്തിയ ഏറെ കോളിളക്കമുണ്ടായ പിണറായി കൊലപാതക പരമ്പരകളിലെ പ്രതിയായിരുന്നു സൗമ്യ. 2018 ഓഗസ്റ്റ് 24ന് ജയിൽ വളപ്പിലെ കശുമാവിന്റെ കൊമ്പിൽ തൂങ്ങിമരിച്ച നിലയിലാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് അഞ്ചോളം ജയിൽ ജീവനക്കാരെ സുരക്ഷ വീഴ്ചയുടെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ശരണ്യയുടെ അവസ്ഥയും സൗമ്യയുടേതിന് സമാനമായ അവസ്ഥയിലാണ് ഇപ്പോൾ. അതിനാൽ ജയിലിലിപ്പോൾ പ്രതിക്ക് കാവലായി ഒരു ഉദ്യോഗസ്ഥയെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിരീക്ഷിക്കുകയാണ്. പകലും രാത്രിയും ഇതു തുടരുന്നുണ്ട്.

ചെയ്ത തെറ്റിൽ ഇപ്പോൾ കുറ്റബോധം

തന്റെ ഒന്നര വയസുകാരനായ മകനെ കൊലപ്പെടുത്തിയ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത തയ്യിലിലെ ശരണ്യ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകിയത് താഴ്ന്ന കണ്ണുകളോടെ. മലയാളത്തിലെ ഒരു സ്വകാര്യ ചാനലിലെ ഒരു മാദ്ധ്യമപ്രവർത്തകനാണ് ശരണ്യയുടെ തല കുനിപ്പിച്ച ചോദ്യം ചോദിച്ചത്. മകനെ കൊലപ്പെടുത്തിയതിൽ 'കുറ്റബോധം തോന്നുന്നുണ്ടോ ശരണ്യ?' എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് തല കുനിച്ചുകൊണ്ട് 'ഉണ്ട്' എന്ന അർത്ഥത്തിൽ രണ്ടുപ്രാവശ്യം മൂളുക മാത്രമാണ് ഇവർ ചെയ്തത്.

തിങ്കളാഴ്ച രാവിലെയാണ് തയ്യിൽ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയിൽ കാണപ്പെട്ടത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു. കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടിൽ വരാറുള്ളത്.ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തിരഞ്ഞെടുക്കുകയായിരുന്നു. ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോൾ കൈകൾ കൊണ്ട് പൊത്തിവച്ചു. കടലിൽ എറിയാൻ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടൽഭിത്തിയിൽ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MURDER CASE, MURDER, TODDLER MURDER SARANYA AND LOVER, SARANYA, KANNUR JAIL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.