SignIn
Kerala Kaumudi Online
Thursday, 13 August 2020 8.26 AM IST

ഭൂപടത്തിൽ ഇല്ലാത്തവർ

lp-school-

വിയർപ്പുമണമുള്ള തോട്ടങ്ങൾ - അവസാന ഭാഗം

   

മൂന്നാറിലെ തൊഴിലാളികൾക്ക് തമിഴ് മാത്രമാണ് അറിയുന്നത്. തോട്ടം മേഖലയിൽ അല്ലാതെ മറ്റൊരിടത്തും ജോലിചെയ്യാൻ അറിയാത്ത അവരുടെ അസ്തിത്വപ്രശ്നങ്ങൾ നിരവധിയാണ്.

ഇംഗ്ലീഷും മലയാളവും

പടിക്ക് പുറത്ത്

തേയിലക്കമ്പനികളിൽ പ്രധാനിയായ കണ്ണൻ ദേവന്റെ പെരിയവാരം ടീ എസ്റ്റേറ്റ്. സ്കൂൾ ഒന്ന്. പ്രാഥമിക ആരോഗ്യകേന്ദ്രം ഒന്ന്. 50ഓളം ലയങ്ങൾ. മൂന്നാറിലെ പത്തോളം തേയിലത്തോട്ടങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾക്ക് ഏകദേശം ഒരേ സ്വഭാവമാണ്. സ്‌കൂളിൽ നാലാംക്ലാസ് വരെയുള്ള വിദ്യാഭ്യാസ സൗകര്യമേയുള്ളൂ.. തുടർന്നു പഠിക്കണമെങ്കിൽ മലയിറങ്ങി ടൗണിൽ പോകണം. തമിഴ് മീഡിയമാണ് സ്കൂളിൽ. മൂന്നാറിന് പുറത്ത് എവിടെ എന്ത് ജോലി വേണമെങ്കിലും ഇംഗ്ലീഷോ മലയാളമോ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ഇത് രണ്ടും അറിയാത്ത ഉദ്യോഗാർത്ഥികൾ ജോലിയൊന്നും കിട്ടാതെ, തിരികെ വന്ന് തേയില ഫാക്ടറിയിലും തോട്ടത്തിലുമായി ജോലിചെയ്യും. അങ്ങനെ പുതിയ തലമുറയും തൊഴിലാളി ശ്രേണിയിലേക്ക് ചേർക്കപ്പെടുന്നു. അവിടെയാണ് ഒരു ജനതയുടെ വരുംതലമുറകൾ പോലും ചതിക്കപ്പെടുന്നത്.

തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിയിൽനിന്നും മൂന്നാറിലെത്തിയ റാണിയുടെ മകൻ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞതാണ്. പഠിച്ച തൊഴിൽ കിട്ടാൻ കുറെ അലഞ്ഞു. പക്ഷേ അവിടെയൊക്കെ ഇംഗ്ലീഷോ മലയാളമോ ആവശ്യമാണ്. ഒടുവിൽ തിരികെവന്ന് റാണിയും ഭർത്താവ് മുനിയാണ്ടിയും ജോലിനോക്കുന്ന തേയിലത്തോട്ടത്തിൽ കുറേക്കാലം ജോലിചെയ്തു. പിന്നീടിപ്പോൾ മൂന്നാറിലെ തന്നെ ഒരു ഹോട്ടലിൽ തുച്ഛമായ വരുമാനത്തിന് ക്ലീനിംഗ് ജോലിക്ക് പോകുന്നു.

അവർ ഉണ്ടാകുന്നത് ഇങ്ങനെ

വർഷങ്ങൾക്കു മുമ്പ് തമിഴ്നാട്ടിൽനിന്നും കുടിയേറിപ്പാർത്തവരാണ് ഇപ്പോഴുള്ള തൊഴിലാളികളിൽ കൂടുതൽ പേരും.നാട്ടിൽ സ്വന്തമായി വീടോ സ്ഥലമോ ഉള്ളവരുടെ എണ്ണം ചുരുക്കമാണ്. തോട്ടം ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ കമ്പനിയിൽനിന്ന് കിട്ടുന്നത് ഒരു ലക്ഷം രൂപയാണ്. വിരമിച്ചു കഴിഞ്ഞാൽ പിന്നെ ലയത്തിൽ താമസിക്കാനുമാകില്ല. തുച്ഛമായ തുകയുംകൊണ്ട്, വാർദ്ധക്യത്തിൽ നാട്ടിൽപ്പോയി പട്ടിണികിടക്കാൻ പറ്റുമോ എന്നാണ് മിക്കവരുടെയും ആശങ്ക. അതുകൊണ്ടുതന്നെ മക്കളെ തോട്ടത്തിലേക്കും ഫാക്ടറികളിലേക്കും തന്നെ പറഞ്ഞയയ്ക്കുകയാണ് . സ്വന്തമല്ലെങ്കിലും, നിന്നു തിരിയാൻ ഇടമില്ലെങ്കിലും മുകളിൽ ഒരു കൂരയെങ്കിലുമുണ്ടാകുമല്ലോ എന്ന ആശ്വാസമാണ് കാരണം.

മറ്റ് ജീവിത പരിതസ്ഥിതികളിലേക്ക് മാറിപ്പോകുന്നവരിലേറെ തൊഴിലാളികളുടെ പെൺമക്കളാണ്. അതും വിവാഹശേഷം. മൂന്നാറിന് പുറത്ത് മറ്റ് സ്ഥലങ്ങളിലേക്ക് തന്നെ അവരെ കെട്ടിച്ചയയ്ക്കാൻ മിക്കവരും ജാഗ്രത പുലർത്താറുണ്ട്. അവരെങ്കിലും അടിമകളല്ലാതെ ജീവിക്കട്ടെയെന്ന് പറയുമ്പോൾ റാണിയുടെ കണ്ണിൽ നനവുണ്ടായിരുന്നു.

ഉല്ലാസഭൂപടത്തിൽ

ഇല്ലാത്തവർ

മൂന്നാറിലെ ജനങ്ങളിൽ അധികവും ദളിതരാണ്. പല്ലൻ, പറയർ, ചൊക്ലിയർ വിഭാഗങ്ങളിലുള്ളവർ. തേയിലത്തോട്ടങ്ങളിൽ തലമുറകളായി ജോലി ചെയ്യുന്നവർ. അവർക്കു ഭൂമിയില്ല, പാർപ്പിടമില്ല. ജോലിയിൽ നിന്ന് വിരമിച്ചാൽ പോകാനിടമില്ല. മൂന്നാറിലെ വിനോദസഞ്ചാര -തേയിലത്തോട്ട സമ്പദ് വ്യവസ്ഥയിൽ ഒരു സ്ഥാനവും ഇല്ലാത്തവർ. ജാതീയമായും വംശീയമായും നിരന്തരം നിന്ദകൾ സഹിക്കേണ്ടി വരുന്നവർ. ശരിക്കും അടിമപ്പണിക്കാർ. അവിടെ വംശീയതയും ജാതീയതയുമുണ്ട്. 'നിങ്ങൾ പാണ്ടികളാണ് ഇവിടെ പ്രശ്‌നമുണ്ടാക്കുന്നത്'' എന്നാണു പൊമ്പിളെ ഒരുമൈ സമരത്തിനിടയിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ച സമരനേതാക്കളിൽ ഒരാളായ ഗോമതിയെയും കൂട്ടരെയും വലിച്ചുനീക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് പറഞ്ഞു കൊണ്ടിരുന്നത്.

വേതനക്കുടിശിക

2.79 കോടി

സംസ്ഥാനത്ത് തേയിലത്തോട്ടം തൊഴിലാളികളുടെ വേതനക്കുടിശിക 2.79 കോടി രൂപയാണ്. കേരളത്തിനൊപ്പം കുടിശികക്കാരുടെ പട്ടികയിലുള്ള മറ്ര് മൂന്ന് സംസ്ഥാനങ്ങളും 75 ശതമാനം തുകയും വിതരണം ചെയ്തുകഴിഞ്ഞു. 99 കോടി കൊടുക്കാനുണ്ടായിരുന്ന അസം 79 കോടിയും 15 കോടി കുടിശിക ഉണ്ടായിരുന്ന പശ്ചിമബംഗാൾ, 12.18 കോടി രൂപയും കൊടുത്തുകഴിഞ്ഞു. 9.5 കോടിരൂപ കുടിശികയുള്ള തമിഴ്നാട് എട്ടുകോടിയും കൊടുത്തു. തേയിലക്കമ്പനികളും സർക്കാരും ചേർന്നാണ് കുടിശികയിനത്തിലുള്ള തുക കണ്ടെത്തിയത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ചേർന്നതാണ് കുടിശിക. തുക വിതരണം ചെയ്യേണ്ടത് പ്ലാന്റേഷൻ ലേബർ കമ്മിഷണറാണ് . പണം പിൻവലിക്കാൻ അനുമതി നൽകിയെങ്കിലും കമ്മിഷണറേറ്റിൽ നടപടികൾ പൂർത്തിയാകാത്തതാണ് വിതരണത്തിന് തടസമെന്നാണ് സർക്കാരിന്റെ വാദം. അതേസമയം, തൊഴിലാളികളുടെ പക്കൽ നിന്ന് തുക കൈപ്പറ്റുന്നതായി രസീത് ഒപ്പിട്ടു വാങ്ങിയ ശേഷം പണം നൽകാതിരിക്കുകയാണ് പല തേയിലക്കമ്പനികളും.


ചെറിയ കമ്പനികളുടെ കുടിശിക

വേതനക്കുടിശിക കൊടുത്തിട്ടുള്ള കമ്പനികളുണ്ട്. അതൊക്കെയും വലിയ കമ്പനികളാണ്. എന്നാൽ ചെറിയ ചില കമ്പനികൾ ഇപ്പോഴും കൊടുക്കാനുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് അനുസരിച്ച് അവയും നൽകുമെന്നാണ് കരുതുന്നത്. ദിവസവേതനത്തിന് പുറമേ, പി.എഫ്, ഗ്രാറ്റുവിറ്റി എന്നിവയൊക്കെ നൽകുന്നതു കൊണ്ടാണ് വർഷങ്ങൾക്ക് മുമ്പ് തീരുമാനമായിരുന്ന 500 രൂപയെന്ന കൂലി നൽകാൻ കഴിയാത്തത് എന്നാണ് പല കമ്പനികളും നൽകുന്ന വിശദീകരണം.

എസ്.രാജേന്ദ്രൻ

ഇടുക്കി ദേവികുളം എം.എൽ.എ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PARAMBARA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.