SignIn
Kerala Kaumudi Online
Thursday, 09 April 2020 3.35 AM IST

കള്ളുഷാപ്പുകൾക്ക് ദൂരപരിധി ബാധകമാക്കില്ല, ചെത്തുന്ന കള്ളിന്റെ അളവ് ദിനംപ്രതി രണ്ടുലിറ്ററായി ഉയർത്തും: പുതിയ മദ്യനയത്തിന് അംഗീകാരം

cabinet

തിരുവനന്തപുരം: 2020- 21ലെ മദ്യനയം മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതനുസരിച്ച് ടോഡി ബോർഡ് നിലവിൽ വരുന്നതുവരെയോ മൂന്നു വർഷം വരെയോ കള്ളുഷാപ്പുകൾ വിൽപ്പന നടത്തുന്നതാണ്. 2019- 20 വർഷത്തെ ലൈസൻസികൾക്ക് വിൽപ്പനയിൽ മുൻഗണന നൽകും. തെങ്ങിൽ നിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ദിനംപ്രതി രണ്ടുലിറ്ററായി ഉയർത്തി നിശ്ചയിക്കും. കള്ള് ഷാപ്പിന്റെ ആവശ്യത്തിലേക്ക് ചെത്തുന്ന കള്ളിന്റെ അളവ് നിലവിൽ ദിനംപ്രതി തെങ്ങ് ഒന്നിന് ഒന്നര ലിറ്ററാണ്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ലളിതാംബിക കമ്മിറ്റി അളവ് വർദ്ധിപ്പിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.

കള്ളുഷാപ്പുകളിൽ ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്നത് നിയമവിധേയമാക്കും. നിലവിൽ കള്ളുഷാപ്പുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് ദൂരപരിധി ബാധകമാക്കില്ല. ഇത്തരത്തിൽ നിലവിലുള്ള കള്ളുഷാപ്പുകളെ സംരക്ഷിക്കും.

മദ്യഷാപ്പുകളുടെയും ബാറുകളുടെയും ലൈസൻസ് ഫീസിൽ മാറ്റം വരുത്തും. ഇതിനു മുമ്പ് 2017- 18ലാണ് ഏതാനും ഇനം ലൈസൻസ് ഫീസ് അവസാനമായി വർദ്ധിപ്പിച്ചത്. പുതിയ നയ പ്രകാരം എഫ്.എൽ 3 ബാറുകളുടെ ലൈസൻസ് ഫീസ് 28 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി വർദ്ധിക്കും. എഫ്.എൽ 4എ (ക്ലബ്ബ്) ഫീസ് 15 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാകും. എഫ്.എൽ 7 (എയർപോർട്ട് ലോഞ്ച്) ഫീസ് ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമാകും.

ഡിസ്റ്റിലറി ആന്റ് വേർഹൗസ് വിഭാഗത്തിൽ നിലവിലുള്ള ഫീസ് ഇരട്ടിയാക്കാൻ നിർദേശമുണ്ട്. നാല് ഇനങ്ങളുടെ ഫീസ് രണ്ടു ലക്ഷത്തിൽ നിന്ന് നാലു ലക്ഷം രൂപയാകും. ബ്രുവറി റൂൾസ് പ്രകാരമുള്ള ഫീസും ഇരട്ടിക്കും.

ക്ലബ്ബുകളുടെ ഭാരവാഹികൾ മാറുമ്പോൾ ഫീസ് ഈടാക്കുന്നത് ഒഴിവാക്കും. ഇപ്പോൾ സംസ്ഥാനത്ത് 42 ക്ലബ്ബുകൾക്ക് എഫ്.എൽ 4എ ലൈസൻസുണ്ട്. ഭാരവാഹികൾ മാറുമ്പോൾ നിലവിലെ നിയമപ്രകാരം രണ്ടുലക്ഷം രൂപ ഫീസ് അടയ്ക്കണം. ഈ ഫീസ് നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ് ഫീസ് ഒഴിവാക്കുന്നത്.

കേരളത്തിന് പുറത്തുള്ള ഡിസ്റ്റിലറികൾ കേരളത്തിലെ ഡിസ്റ്റിലറികളിൽ കരാർ വ്യവസ്ഥയിൽ മദ്യം ഉൽപാദിപ്പിക്കുമ്പോൾ ഒരു ഡിസ്റ്റിലറിക്ക് രണ്ടു ലക്ഷം രൂപ നിരക്കിൽ ഫീസ് ഈടാക്കും. കേരളത്തിലെ ചില ഡിസ്റ്റിലറികളിലും ബ്ലണ്ടിംഗ് യൂണിറ്റുകളിലും സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികൾ അവരുടെ മദ്യം ഉൽപാദിപ്പിക്കുന്നുണ്ട്. ഇതു മൂലം സംസ്ഥാനത്തിന് ഇറക്കുമതി ഫീസ് നഷ്ടപ്പെടുമെന്ന് അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാണിച്ചിരുന്നു. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിയത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു.

ഗോപാലകൃഷ്ണ ഭട്ടിന് കശുവണ്ടി സെക്രട്ടറിയുടെ ചുമതല

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിന് വ്യവസായ (കാഷ്യൂ) വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകും.

ഗ്രാമവികസന വകുപ്പ് കമ്മിഷണർ എൻ. പത്മകുമാറിന് വ്യവസായ (കയർ) വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതല നൽകും. ഇദ്ദേഹം നിലവിലുള്ള അധിക ചുമതലകൾ തുടർന്നും വഹിക്കും.

മത്സ്യബന്ധന വകുപ്പ് ഡയറക്ടർ എസ്. വെങ്കിടേശപതി കേരള ജല അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും.

കായികയുവജന കാര്യ വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ്ജിനെ മാരിടൈം ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവിലുള്ള മറ്റ് അധിക ചുമതലകൾ തുടർന്നും വഹിക്കും. പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ. രേണുരാജിന് കായികയുവജന കാര്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകും.

കൊല്ലം ജില്ലയിലെ വേലംപൊയ്കയിൽ കുടിവെള്ള സംഭരണി വീടിനു മുകളിലേക്ക് വീണ് ഏഴു വയസ്സുകാരൻ മരണപ്പെടുകയും അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കുടുംബത്തിന് ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 3.22 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു. വേലംപൊയ്ക ഷിബു ഭവനിൽ ആഞ്ചലോസിന്റെ മകൻ അബി ഗബ്രിയേലാണ് മരണപ്പെട്ടത്. ആഞ്ചലോസിന്റെ ഭാര്യ ബീനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വാട്ടർ അതോറിറ്റി ജീവനക്കാർ ഒരു ലക്ഷം രൂപ പിരിച്ചെടുത്ത് ഈ കുടുംബത്തിന് സഹായമായി നൽകിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CABINET MEET, LIQUOR POLICY, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.