ന്യൂഡൽഹി: ഡൽഹി സംഘർഷവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹെെക്കോടതി പൊലീസ് കമ്മിഷണര്‍ക്ക് നോട്ടിസ് അയച്ചു. അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതി ഉത്തരവിനായി കാത്തുനില്‍ക്കേണ്ട, നിയമപ്രകാരം വേണ്ടത് ചെയ്യണം. നടപടികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് നേരിട്ടെത്തി അറിയിക്കാനും കോടതി ഉത്തരവിട്ടു. അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും പൊലീസ് കമ്മീഷണറോട് നിർദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും 12.30ന് പരിഗണിക്കും.
പൊലീസ് ഇടപെടേണ്ടി വരുന്ന സാഹചര്യങ്ങളിൽ അത് ചെയ്യണമെന്നും, അതിന് വേറെ ആരെയും കാത്തിരിക്കേണ്ടതില്ലെന്നും നോട്ടീസയക്കുന്നതിനൊപ്പം കോടതി നിരീക്ഷിക്കുകയും ചെയ്തു. അതേസമയം, ഡൽഹി സംഭവം നിർഭാഗ്യകരമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഡൽഹി കലാപം സംബന്ധിച്ച് ഹെെക്കോടതി കേൾക്കട്ടെയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഷഹീൻബാഗ് കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം.
അതിനിടയിൽ ഡൽഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുവെന്നും ഉടന്‍ സൈന്യത്തെ വിളിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ആവശ്യപ്പെട്ടു. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പൊലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ലെന്നും കേജ്രിവാള് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് കേജ്രിവാളിന്റെ പ്രതികരണം.