മികച്ച ചിത്രത്തിനടക്കം 4 ഓസ്കാർ പുരസ്കാരങ്ങളാണ് ബോങ് ജൂൺഹോ സംവിധാനം ചെയ്ത പാരസൈറ്റിനെ തേടിയെത്തിയത്. പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഓസ്കാറിൽ മികച്ച സിനിമയ്ക്കുള്ള പുരല്കാരം നേടുന്ന ആദ്യ വിദേശ സിനിമകൂടിയാണ് പാരസൈറ്റ്.. കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ നേടുന്ന ആദ്യ കൊറിയൻ സിനിമ കൂടിയാണിത്. ഒരു പടിക്കെട്ടു പോലെ നിലകൊള്ളുന്ന ദക്ഷിണ കൊറിയൻ നഗരങ്ങളിലെ അധികാരവർഗ വ്യവസ്ഥിതിയുടെ പല തട്ടിലുള്ള മനുഷ്യരുടെ ജീവിതം ലളിതമായി മനസിലാക്കി തരുന്ന ഈ ചിത്രം നേരത്തെ തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായിരുന്നു.കൊറിയയുടെ തലസ്ഥനമായ സോളിലെ രണ്ടു വ്യത്യസ്ത കുടുംബങ്ങളുടെ കഥയിലൂടെ സമൂഹത്തിലെ സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള വ്യത്യാസവും സാദൃശ്യങ്ങളുമാണ് സംവിധായകൻ സമർത്ഥമായി വെളിച്ചത്തുകൊണ്ടുവന്നത്.
താഴ്ന്ന പ്രദേശത്തെ ചേരിയിൽ കഴിയുന്ന കിമ്മിന്റെ കുടുംബം, വ്യാജപേരിൽ കിമ്മിന്റെ മകൻ കെവിൻ ട്യൂഷൻ മാസ്റ്ററായി എത്തുന്ന ധനിക വ്യവസായിയായ ഡോങ് ഈകിന്റെ കുടുംബം, ഈക്കിന്റെ വീട്ടുജോലിക്കാരിയായ മ്യൂൺഗ്വാങിന്റെ കുടുംബം. ഇൗ മൂന്ന് കുടുംബങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മകനിലൂടെ ഡോങ്ഈകിന്റെ വീട്ടിൽ പല രീതിയിൽ കയറിപ്പറ്റുന്ന കിമ്മും കുടുംബവും അവർക്കു മുന്നിൽ അപ്രതീക്ഷിതമായി എത്തുന്ന മൂൺഗ്വാങ്ങും രഹസ്യ സെല്ലാറിൽ കഴിയുന്ന അവരുടെ ഭർത്താവും സിനിമയുടെ ഗതിയെ മാറ്റുന്നു.
ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത പാരസൈറ്റ് ഇനി മറ്റൊരു രീതിയിലും ആസ്വദിക്കാം എന്നാണ് പുറത്തുവരുന്ന വാർത്തകൾ.. സിനിമകളുടെ തിരക്കഥകൾ പ്രസിദ്ധീകരിക്കപ്പെടുന്നതിൽ പുതുമയില്ലെങ്കിലും ഇതാദ്യമായി ഒരു സിനിമയുടെ മേക്കിങ്ങിന്റെ കഥ വെബ്സിരീസിനു പുറമെ പുസ്തകമായും പുറത്തിറങ്ങാൻ പോകുന്നു.
ചിത്രത്തിനുവേണ്ടി സംവിധായകന് തയാറാക്കിയ സ്റ്റോറി ബോർഡിന്റെ അടിസ്ഥാനത്തിൽ ഒരു ഗ്രാഫിക് നോവൽ പുറത്തിറങ്ങാന് പോകുന്നു. പാരസൈറ്റ് എന്ന കഥ. ഒപ്പം പാരസൈറ്റിന്റെ നിർമ്മാണ കഥയും. മേയ് 19 ന് ഗ്രാഫിക് നോവൽ വായനക്കാരുടെ കൈകളിലെത്തും. ഗ്രാൻഡ് സെൻട്രൽ പബ്ലിഷിങ് ഹൗസാണ് പ്രസാധകർ. സിനിമ എങ്ങനെയെല്ലാം ആസ്വാദ്യകരമാണോ അതേ രീതിയിൽ തന്നെ ഗ്രാഫിക് നോവലും ആസ്വദിക്കാമെന്നാണ് സംവിധായകൻ നൽകുന്ന ഉറപ്പ്.