കുറ്റ്യാടി: തൊട്ടിൽപാലം മുസ്ലിംലീഗ് ഓഫീസിലെ മദ്ധ്യസ്ഥചർച്ചയ്ക്ക് ശേഷമുണ്ടായ വാക്കേറ്റത്തിനിടയിൽ കുത്തേറ്റ യൂത്ത് ലീഗ് ശാഖാ സെക്രട്ടറി മരിച്ചു. കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട് ബെൽ മൗണ്ടിലെ എടച്ചേരിക്കണ്ടി ആലിയുടെ മകൻ അൻസാർ (29) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി കുറ്റിക്കാട്ടിൽ അമ്മദ് ഹാജിയെ (60) തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെ കുത്തേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മദ് ഹാജിയുടെ കുടുംബവുമായി ബന്ധപ്പെട്ട് വാട്ട്സ് ആപ്പ് പ്രചാരണവും പോസ്റ്റർ പതിക്കലും നടന്നതിനെച്ചൊല്ലി തൊട്ടിൽ പാലം ലീഗ് ഹൗസിൽ നടന്ന മദ്ധ്യസ്ഥ ചർച്ചയിൽ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചിരുന്നു. ചർച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. അക്രമത്തിൽ യൂത്ത് ലീഗ് കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ്, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സി.എച്ച്.സെയ്ദലവി, അൻസാറിന്റെ പിതാവ് ആലി എന്നിവർക്ക് പരിക്കേറ്റു.യൂത്ത് ലീഗ് എസ്റ്റേറ്റ് മുക്ക് ശാഖാ സെക്രട്ടറിയായ അൻസാർ കുറ്റ്യാടിയിലെ ഓട്ടോ തൊഴിലാളിയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുണ്ടുതോട് ജുമ മസ്ജിദിൽ ഖബറടക്കി.
ഉമ്മ: ജമീല, ഭാര്യ: സൈഫുന്നീസ. ഏക മകൾ: ഐസ ഫാത്തിമ. സഹോദരൻ: അൻസിൽ.