ന്യൂഡൽഹി: രാജ്യത്തെ എല്ലാ പെൺമക്കൾക്കും വേണ്ടി കഴിഞ്ഞ ഏഴു വർഷമായി ഒരമ്മയുടെ പ്രാർത്ഥനയുണ്ട്. ഡൽഹിയിലെ ഒരു ഭീകരരാത്രിയിൽ, ഓടിക്കൊണ്ടിരുന്ന ബസിൽ സ്വന്തം മകൾക്കു സംഭവിച്ചത് ഇനിയൊരിക്കലും ഒരു പെൺകുട്ടിക്കും സംഭവിക്കരുതേ എന്ന നെഞ്ചുരുകുന്ന പ്രാർത്ഥന.
നിർഭയയുടെ അമ്മ ആശാദേവിയുടെ മുഖത്ത് നേർത്തൊരു പുഞ്ചിരിയുടെയെങ്കിലും മങ്ങിയ വെട്ടം വീണിട്ടുപോലും കാലമേറെയായി. മകളുടെ ചിരിയൊഴിഞ്ഞ വീട്ടിൽ, അവളെക്കുറിച്ചുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന മുറിയി? ഓരോ തവണയും ഈ അമ്മ പ്രാർത്ഥന അവസാനിപ്പിക്കുന്നതും ഒരേ വാചകത്തിൽ- അവർക്ക് വധശിക്ഷ ലഭിക്കണം.
സിംഗപ്പൂരിലെ ആശുപത്രിയിൽ, ആ പുലർച്ചെ മരണത്തിലേക്ക് വഴുതിപ്പോകുന്ന ബോധത്തിനിടെ നിർഭയ അമ്മയുടെ കൈകളിൽപ്പിടിച്ച് പറഞ്ഞതും അതു തന്നെയായിരുന്നു. നാളെ, തിഹാർ ജയിലിലെ തൂക്കുമരത്തിൽ നാലു പ്രതികൾക്ക് വധശിക്ഷ നടപ്പിലാക്കപ്പെടുമ്പോൾ ആശാദേവി ചിരിക്കില്ലായിരിക്കാം. പക്ഷേ, ആ അമ്മയുടെ നെഞ്ചിൽ ആശ്വാസത്തിന്റെ ചെറുതണുപ്പു പടരും. ആശാദേവി, നിർഭയയോടു പറയും: മോളേ, നമ്മുടെ രാജ്യം ആ വാക്കു പാലിച്ചിരിക്കുന്നു.
ഏഴു വർഷമായി കോടതി മുറികളിലും വക്കീലോഫീസുകളിലുമായാണ് ഈ അമ്മയുടെ ജീവിതം. ആ പോരാട്ടത്തിന് നാളെ അറുതിയാകുമോ? പ്രതികളുടെ ഹീനപ്രവൃത്തി ദയ അർഹിക്കുന്നതല്ലെന്ന് രാഷ്ട്രപതി വ്യക്തമാക്കിയിട്ടും പ്രതികളിൽ ഒരാൾ വീണ്ടും ദയാ ഹർജിയുമായി ജയിൽ അധികൃതരെ സമീപിച്ചതായി കഴിഞ്ഞ ദിവസവും വാർത്ത വന്നു. പ്രതികളുടെ ഹർജി സ്വീകരിക്കുന്ന കോടതികളോടും, വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവർക്ക് ജീവിക്കാനുള്ള അവകാശത്തെപ്പറ്റി സംസാരിക്കുന്നവരോടും ആശാദേവിക്കു ചോദിക്കാനുള്ളത് ഒരേ ചോദ്യം: എന്റെ മകൾക്ക് ജീവിക്കാൻ അകാശമുണ്ടായിരുന്നില്ലേ?
ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലും അതീവഗുരുതരാവസ്ഥയിൽ നിർഭയയ്ക്ക് ഇടയ്ക്കിടെ മാത്രമെ ബോധം വരുന്നുണ്ടായിരുന്നുള്ളൂ. ആ ഓരോ തവണയും വിറയാർന്ന ശബ്ദത്തിൽ അവൾ അമ്മയോട് പറഞ്ഞുകൊണ്ടിരുന്നു: ജീവിക്കണമെന്ന് തോന്നുന്നു, അമ്മേ! അവളുടെ ആഗ്രഹം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കുമുണ്ട്. സുരക്ഷിതരായി ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവകാശം. സ്വന്തം ശരീരവും അഭിമാനവും കാത്തുസൂക്ഷിക്കാനുള്ള അവകാശം. അതിനു വേണ്ടിയായിരുന്നു, ഈ അമ്മയുടെ ദീർഘമായ നിയമയുദ്ധം.
ആ ദിവസത്തിനു ശേഷം നിർഭയയുടെ അമ്മ ക്ഷേത്രത്തിൽ പോയിട്ടില്ല. അതൊരു പ്രതിജ്ഞയാണ്. അതിനു ശേഷമേ ഞാൻ മുന്നിൽ വരൂ എന്ന് ദൈവങ്ങളോട് ചെയ്ത പ്രതിജ്ഞ! 'നാളെ പുലർച്ചെ വരെ എനിക്ക് ഉറങ്ങാനാവില്ല. വധശിക്ഷ നടപ്പാക്കപ്പെട്ടു കഴിഞ്ഞ് ദൈവത്തിനു നന്ദി പറയാൻ ക്ഷേത്രത്തിൽ പോകും. എല്ലാവർക്കും മധുരം വിതരണം ചെയ്യും. മോൾ തിരികെ വരില്ലെങ്കിലും അവളുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കും.' ആശാദേവി പറയുന്നു.
നാളത്തെ ദിവസം അമ്മയ്ക്ക് ഒപ്പമുണ്ടാകണമെന്ന ആഗ്രഹവുമായി മകൻ ജോലിസ്ഥലത്തു നിന്ന് എത്തിയിട്ടുണ്ട്. പൈലറ്റ് ആണ് നിർഭയയുടെ സഹോദരൻ. ദൂരെനിന്നുള്ള ചില ബന്ധുക്കളും സുഹൃത്തുക്കളും വന്നിട്ടുണ്ട്. ആശാദേവി അധികമാരോടും സംസാരിക്കുന്നില്ല. നിയമത്തിന്റെ പഴുത് ഇനിയും പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കാൻ ഇടവരുത്താതിരിക്കട്ടെ എന്ന പ്രാർത്ഥനയാണ് ആശാദേവിക്ക്. അങ്ങനെ സംഭവിക്കില്ലെന്ന് ഇപ്പോഴും ഈ അമ്മയ്ക്ക് ഉറപ്പില്ല. നാലു പ്രതികളെ തൂക്കിലേറ്റുന്നത് നേരിൽ കാണാൻ അനുമതി നൽകണമെന്ന ആശാദേവിയുടെ അപേക്ഷ തിഹാർ ജയിൽ അധികൃതർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആ രംഗം ഇതിനകം എത്രയോ തവണ ആശാദേവി സ്വപ്നത്തിൽ കണ്ടിരിക്കുന്നു.