തിരുവനന്തപുരം: ലോക് ഡൗണിനെതുടർന്ന് മദ്യശാലകളും ബാറുകളും പൂട്ടിയ സാഹചര്യത്തിൽ അനധികൃത മദ്യക്കച്ചവടം നടത്തിയാൽ കർശന നടപടി എടുക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. ലോക്ക് ഡൗൺ കഴിയുന്നതുവരെ ബെവ്കോ തുറക്കില്ല. ഓൺലൈൻ മദ്യവില്പനയെപ്പറ്റി ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മദ്യലഭ്യത ഇല്ലാത്തതത് സാമൂഹ്യപ്രശ്നമാകുമോ എന്ന ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അനധികൃത മദ്യക്കച്ചവടത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി എക്സൈസ് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. ബാറുകളിൽ പിൻവാതിൽ കച്ചവടം നടത്തിയാൽ കർശന നടപടിയെടുക്കും. വ്യാപക പരിശോധന ഇതിന്റെ ഭാഗമായി നടക്കുമെന്നും എക്സൈസ് കമ്മീഷണർ പറഞ്ഞു. മദ്യം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ പൊലീസിന്റെയും എക്സൈസിന്റെയും സംഘം പരിശോധനക്ക് എത്തും.
മദ്യം കിട്ടാത്തത് ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സ്ഥിരം മദ്യം ഉപയോഗിക്കുന്ന ചിലർക്കെങ്കിലും പ്രശ്നങ്ങൾ വരാനിടയുണ്ട്. ഇത്തരക്കാർപ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ അടുത്ത പൊലീസ് സ്റ്റേഷനിലോ എക്സൈസ് ഓഫീസിലോ അറിയിക്കണം. വിമുക്തി കേന്ദ്രങ്ങളിലേക്കോ ആശുപത്രിയികളിലേക്കോ ഇവരെ മാറ്റും.