SignIn
Kerala Kaumudi Online
Sunday, 31 May 2020 1.02 AM IST

കൊറോണയിൽ വിറങ്ങലിച്ച് ലോകം, മരണം 22,000 കവിഞ്ഞു അഞ്ചുലക്ഷത്തോളം രോഗികൾ

corona-vaccine

ന്യൂയോർക്ക്: ലോകമാകെ ഭീതി വിതച്ച് സംഹാരതാണ്ഡവമാടുകയാണ് കൊറോണ വൈറസ്. 198 രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം 22,000 കടന്നു. 24 മണിക്കൂറിനിടെ 2000ത്തിലേറെ ആളുകൾ വിവിധ രാജ്യങ്ങളിലായി മരിച്ചുവെന്നാണ് റിപ്പോർട്ട്. അഞ്ചുലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ചു. ഇറ്റലിയിലും സ്‍പെയിനിലുമാണ് കൂടുതൽ മരണം. ഇറ്റലിയിൽ മരണം 8,000 കവിഞ്ഞു.

ജർമ്മനി, ഫ്രാൻസ്, ഇറാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്.

അമേരിക്ക അടുത്ത ഇറ്റലി ?​

ഏറ്റവുമധികം രോഗികളുള്ള മൂന്നാമത്തെ രാജ്യമായി അമേരിക്ക. രോഗവ്യാപനം ദ്രുതഗതിയിലാണ്. ഒരു ദിവസത്തിനിടെ പതിനായിരത്തിലേറെ പേർ രോഗികളായി. മരണം ആയിരത്തിലേറെയായി. 80,000ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ പകുതിയിലധികവും ന്യൂയോർക്കിലാണ്.

രോഗബാധയുടെ തോത് നോക്കിയാൽ കൊറോണ വൈറസിന്റെ അടുത്ത വിഹാര കേന്ദ്രം അമേരിക്ക ആയിരിക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

അതീവ ഗുരുതര നിലയിലുള്ള രോഗികൾക്ക് ആവശ്യമായ വെന്റിലേറ്ററുകളോ കിടക്കകളോ ആശുപത്രികളില്ലെന്ന് യു.എസിലെ ആരോഗ്യപ്രവർത്തകർ പറയുന്നു .ന്യൂയോർക്കിൽ മാത്രമല്ല, രാജ്യമെങ്ങും സമാന അവസ്ഥയാണ്. മാസ്കുകൾ, ഗൗണുകൾ തുടങ്ങിയവയ്ക്കും ക്ഷാമമുണ്ട്. അമേരിക്ക അടുത്ത ഇറ്റലിയാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

ഇറാനിൽ മരണം 2300 കടന്നു

 ഇറാനിൽ സ്ഥിതി ഗുരുതരമായി. മരണം 2300 കടന്നു. 24 മണിക്കൂറിനിടെ 143 പേർ മരിച്ചു. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. പേർഷ്യൻ പുതുവത്സര ദിനം ആഘോഷിക്കുന്നതിനാൽ റോഡുകളിൽ ജനം നിറഞ്ഞിരിക്കുകയാണ്. സർക്കാർ ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഫലമില്ല.

മാർപാപ്പയുടെ സഹചാരിക്കും രോഗം

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സഹചാരിയായ വൈദികന് കൊറോണ സ്ഥിരീകരിച്ചു. മാർപാപ്പയും ഇയാളും ഒരേയിടത്താണ് താമസിച്ചിരുന്നത്. വൈദികൻ ആശുപത്രിയിലാണ്. സാന്റാ മാർത്ത എന്ന അതിഥിമന്ദിരത്തിലാണ് ഫ്രാൻസിസ് മാർപാപ്പ താമസിക്കുന്നത്.

 ചൈന തിരിച്ചുവരവിന്റെ പാതയിലാണ്. 8,66,61 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിൽ 70,000 പേരുടെയും രോഗം ഭേദമായി. 3285 പേർ മരിച്ചു. നിലവിൽ സമൂഹ വ്യാപനമില്ല.

 മരുന്നായി മദ്യം,

ഇറാനിൽ കൂട്ടമരണം

കൊറോണയെ ചെറുക്കാൻ മദ്യം നല്ലതാണെന്ന വ്യാജപ്രചാരണത്തെ തുടർന്ന് വിഷമദ്യം കഴിച്ച് ഇറാനിൽ കൂട്ടമരണം. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ പിഞ്ചു കുഞ്ഞിന്റെ കാഴ്ച പോയെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി.

1979 മുതൽ ഇറാനിൽ മദ്യം നിരോധിച്ചെങ്കിലും വ്യാജമദ്യം വ്യാപകമാണ്. കൊറോണ രൂക്ഷമായതോടെ വ്യാജപ്രചാരണത്തിൽ വിശ്വസിച്ച് വിഷമദ്യം കഴിച്ച് 12 പേർ മരിച്ചതായും 218 പേർ ആശുപത്രിയിലാണെന്നും റിപ്പോ‌ർട്ടുണ്ട്.

 ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. 24ന് കൊൽക്കത്തയിൽ നിന്ന് തിരിച്ചെത്തിയ ആൾക്കാണ് രോഗം.

ഒറ്റക്കെട്ടായി നിൽക്കണം

കൊറോണ ബാധിത രാജ്യങ്ങളെ സഹായിക്കാൻ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഐക്യരാഷ്ട്ര സഭ അഭ്യർത്ഥിച്ചു. ഈ രാജ്യങ്ങൾക്ക് കരകയറാൻ 200 കോടി ഡോളർ വേണം. ലോക രാജ്യങ്ങൾ ഒരുമിച്ച് നിന്നാലെ ഇത് സാദ്ധ്യമാകൂ എന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

മനുഷ്യ വംശത്തിന് ആകെയുള്ള ഭീഷണിയാണ് കൊറോണ. രോഗത്തെ ചെറുക്കാൻലോക രാജ്യങ്ങളുടെ ഐക്യമാണ് പരമ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

 പ്രതിരോധിക്കണം

അടച്ചുപൂട്ടൽ പ്രഖ്യാപിച്ച രാജ്യങ്ങൾ വൈറസിനെ കണ്ടെത്താനും പ്രതിരോധിക്കാനും ഈ സമയം ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ അഭിപ്രായപ്പെട്ടു.ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകി പലയിടങ്ങളിലായി നിയോഗിക്കണം. സ്രവ പരിശോധനകളുടെ എണ്ണം കൂട്ടണം. രോഗബാധ സംശയിക്കുന്നവരെയെല്ലാം കണ്ടെത്തണം.'

 കൊറോണയില്ല

ലോകം മുഴുവൻ കൊറോണ പടരുമ്പോൾ ഉത്തരകൊറിയയും ബോട്സ്വാനയും ദക്ഷിണ സുഡാനും കൊറോണ മുക്തമാണ്.

ലിബിയ, യെമൻ എന്നിവിടങ്ങളിലും വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 ഒമാനിൽ രോഗബാധിതരുടെ എണ്ണം 99ആയതോടെ ശക്തമായ നടപടികളുമായി ഒമാൻ സുപ്രീം കമ്മറ്റി. രോഗ വിവിവരം അറിയിച്ചില്ലെങ്കിൽ ഒരു വർഷം തടവും കനത്ത പിഴയും ഉണ്ടാകും. ക്വറന്റൈൻ പാലിക്കാത്തവർക്കെതിരെയും കർശന നിയമ നടപടികളുണ്ടാകും. ആഭ്യന്തര - അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണമായും അവസാനിപ്പിച്ചു.

 റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ കർഫ്യൂ നീട്ടി. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് തുടങ്ങിയ കർഫ്യൂ ഇന്ന് പുലർച്ചെ ആറ് വരെ നീളും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, CORONA WORLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.