SignIn
Kerala Kaumudi Online
Thursday, 09 April 2020 12.30 AM IST

ഉപഭോക്താക്കൾക്കും വേണ്ടേ വിലയിടിവിന്റെ നേട്ടം

edit

കൊറോണയ്ക്കെതിരായ മഹായുദ്ധത്തിന്റെ ഏറ്റവും നിർണായകഘട്ടത്തിലാണ് രാജ്യം . അവശ്യ സർവീസുകളൊഴികെ മറ്റെല്ലാ മേഖലകളും പൂർണമായും അടച്ചിട്ടുകൊണ്ട് രോഗത്തിന്റെ സമൂഹവ്യാപനം തടയാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുവരെ സമൂഹ വ്യാപന ഘട്ടത്തിലേക്ക് രോഗം കടന്നിട്ടില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഏറെ ആശ്വാസം നൽകുന്ന വാർത്തയാണത്. കർഫ്യൂ സമാനമായ നിയന്ത്രണങ്ങൾ രാജ്യമൊട്ടാകെ പ്രാബല്യത്തിലുണ്ടെങ്കിലും പല ആവശ്യങ്ങളുമായി റോഡിലിറങ്ങുന്നവരുടെ സംഖ്യയിൽ കുറവുണ്ടായിട്ടില്ല. സർക്കാരുകളെയും നിയമപാലകരെയും ഏറെ ഉത്കണ്ഠപ്പെടുത്തുന്ന കാര്യവും ഇതാണ്. നിയന്ത്രണങ്ങൾ ജനങ്ങൾ സ്വമേധയാ പാലിക്കുക തന്നെ വേണം. കേരളത്തിൽ ബുധനാഴ്ച നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടന്നതിന്റെ പേരിൽ 2873 പേർക്കെതിരെ കേസെടുക്കേണ്ടിവന്നു. ആയിരത്തി അറുന്നൂറിലധികം വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടും അഭികാമ്യമായ കാര്യമല്ലിത്. ചില സ്ഥലങ്ങളിൽ യുവാക്കൾ പൊലീസുമായി ഏറ്റുമുട്ടലിനു പോലും തുനിഞ്ഞു. ചോരത്തിളപ്പിൽ കാട്ടിക്കൂട്ടുന്ന ഇത്തരം അഹമ്മതികൾക്ക് കടുത്ത ശിക്ഷ തന്നെയാണ് മരുന്ന്.

ലോക്ക് ഡൗൺ കാരണം ഭക്ഷ്യവസ്തുക്കൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാനുള്ള നടപടികൾ കൂടുതൽ ഊർജ്ജിതമാക്കുകയെന്നതാണ് ഭരണകൂടങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. സംസ്ഥാന സർക്കാർ ഇതിനകം തന്നെ അതിനു നടപടി തുടങ്ങിയത് ആശ്വാസകരമാണ്. എല്ലാ റേഷൻ കാർഡുകാർക്കും പതിനഞ്ചു കിലോ അരി സൗജന്യമായി നൽകാനാണു തീരുമാനം. നിലവിൽ അതിലുമധികം അരി ലഭിക്കുന്ന വിഭാഗങ്ങൾക്ക് അതു തുടരുകയും ചെയ്യും.

കൂടാതെ എല്ലാ കുടുംബങ്ങൾക്ക് അരിക്കു പുറമെ ആയിരം രൂപയുടെ പലവ്യഞ്ജന കിറ്റു കൂടി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതും സ്വാഗതാർഹമാണ്. പ്രളയകാലത്തെ നല്ല അനുഭവങ്ങൾ നമ്മുടെ മുമ്പിൽത്തന്നെയുണ്ട്. ജനങ്ങളിൽ പടരുന്ന അരക്ഷിതാവസ്ഥ ഒരു പരിധി വരെ ഇല്ലാതാക്കാൻ സർക്കാരിന്റെ ആശ്വാസ നടപടികൾ ഉപകരിക്കും. അത് എത്രയും വേഗം നടപ്പാക്കണം.

. ഉത്‌പാദന മേഖലയിലെ പൂർണ സ്തംഭനം മൂലം തൊഴിൽരഹിതരായ കോടിക്കണക്കിനു തൊഴിലാളികളുണ്ട്. അതുപോലെ വരുമാനം നിലച്ച കൂലിവേലക്കാരുണ്ട്. വിശപ്പടക്കാൻ മാർഗം കാണാതെ അന്തിച്ചുനിൽക്കുന്നവരാണിവർ. ഏതു സഹായവും ആദ്യം എത്തേണ്ടത് ഈ വിഭാഗക്കാരിലാണ്. പാക്കേജിന് രൂപം നൽകുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ മനസിലുണ്ടാകണം.

ഷട്ട് ഡൗണിലും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ നിശ്ചിത സമയങ്ങളിൽ തുറന്നിരിക്കണമെന്നാണ് നിബന്ധന. ഇത്തരം കടകളിൽ മുട്ടില്ലാതെ സാധനങ്ങൾ എത്തിക്കാനും കഴിയണം. ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട കേരളമാണ് ഈ പരീക്ഷണകാലത്ത് ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നത്.

പൂഴ്‌ത്തിവയ്പിനും കൊള്ളവിലയ്ക്കുമെതിരെ കർക്കശ നടപടി ഉണ്ടാകുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്. ഉത്‌പാദന കേന്ദ്രത്തിൽ നിന്ന് സാധനങ്ങൾ ഇവിടെ എത്തുന്നത് പലവിധ കടമ്പകൾ കടന്നാണെന്ന് ഓർക്കണം. സപ്ളൈകോ, ഹോർട്ടികോർപ്പ് തുടങ്ങിയ സർക്കാർ ഏജൻസികളുടെ സാന്നിദ്ധ്യം പതിന്മടങ്ങു ശക്തമാക്കിയാൽ പരസ്യ വിപണിയിലെ വിലക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കാനാകും. പ്രതിസന്ധിയുടെ ഈ ഘട്ടത്തിലും അവയ്ക്കു സന്ദർഭത്തിനൊത്തു ഉയരാനായിട്ടില്ല. ദുർദ്ദിനങ്ങൾ മുന്നിൽക്കണ്ട് ആവശ്യത്തിലേറെ സാധനങ്ങൾ ആളുകൾ വാങ്ങിക്കൂട്ടുന്നത് ക്ഷാമമുണ്ടാക്കും. ഈ പ്രവണതയിൽ നിന്ന് എല്ലാവരും പിന്തിരിയണം. മുട്ടില്ലാതെ കടകളിൽ സാധനങ്ങൾ ലഭിക്കുമെന്ന് ഉറപ്പുനൽകാൻ സർക്കാരിനും കഴിയണം. ഷട്ട് ഡൗൺ മുന്നറിയിപ്പില്ലാതെയാണു കടന്നുവന്നത്.

അതുകൊണ്ടുതന്നെ ജനങ്ങൾക്ക് അപ്രതീക്ഷിത പ്രയാസങ്ങളുമുണ്ടായി. എന്നാൽ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏതു പ്രതിസന്ധിയും നേരിടാൻ ജനങ്ങൾ തയ്യാറാകേണ്ടതുണ്ട്. കർക്കശമായ യാത്രാ നിയന്ത്രണങ്ങൾ നിർബന്ധമായി ജനങ്ങൾ പാലിച്ചേ മതിയാവൂ. കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ നിയമപാലകരുടെ ക്ഷമ പരീക്ഷിക്കും വിധമുള്ള രംഗങ്ങൾ പൊതുനിരത്തുകളിൽ ഉണ്ടായിക്കൂടാത്തതാണ്. 21 ദിവസത്തെ അടച്ചിടലിലൂടെ രോഗവ്യാപനം തടയാനാവുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്ത് മൊത്തത്തിൽ രോഗികളുടെ സംഖ്യയിൽ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വർദ്ധനയില്ലാത്തത് ആശ്വാസകരമാണ്. കേരളത്തിൽ രോഗബാധിതരിൽ പന്ത്രണ്ടുപേർ സുഖം പ്രാപിച്ചുവെന്ന വാർത്തയും പ്രത്യാശ നൽകുന്നു. നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കാൻ ജനങ്ങൾ തയ്യാറായാൽ രോഗവ്യാപനം കൃത്യമായി തടഞ്ഞുനിറുത്താൻ നമുക്കാവും. രോഗഭീതിക്കു നടുവിലും രോഗികൾക്കും നാടിനും വേണ്ടി വിശ്രമമില്ലാതെ പണിയെടുക്കുന്ന ആരോഗ്യ മേഖലയിലെ ജീവനക്കാരും മറ്റ് അവശ്യ വിഭാഗങ്ങളിലെ ജീവനക്കാരും നാടിന്റെ മുഴുവൻ സ്നേഹാദരങ്ങൾ അർഹിക്കുന്നവരാണ്. അവരുടെ യത്നം പാഴാക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാകണം ഓരോ വ്യക്തിയുടെയും ധർമ്മം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.