SignIn
Kerala Kaumudi Online
Monday, 01 June 2020 8.05 AM IST

പകർച്ചപ്പനികളെ നേരിടുന്നതിൽ വിജയിച്ച അമേരിക്കയുടെ സീക്രട്ട് ഫാമുകളിലെ മുട്ടകൾക്ക് കൊറോണയെ കീഴ്പ്പെടുത്താൻ കഴിയുമോ? പ്രതികരണവുമായി വിദഗ്ദ്ധർ

egg-corona

ന്യൂയോർക്ക്: അമേരിക്കയിലെ ചില രഹസ്യ ഫാമുകളിൽ ദിവസവും ആയിരക്കണക്കിന് മുട്ടകൾ ഉത്പാദിപ്പിക്കുന്നുണ്ട്. വളരെ കുറച്ച് പേർക്ക് മാത്രമേ ഈ ഫാമുകൾ എവിടെയാണെന്ന് അറിയുകയുള്ളു. സുരാക്ഷാ കാര്യങ്ങൾ മുൻ നിറുത്തി ഈ ഫാമുകളുടെ സ്ഥാനം അധികൃതർ പുറത്തുവിടില്ല. ഇവിടെ നിന്നും മുട്ടകൾ കോടികൾ മുടക്കി നിർമിച്ചിരിക്കുന്ന അതീവ സുരക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കും. ഈ മുട്ടകളെല്ലാം ആഹാരത്തിലുൾപ്പെടുത്താനാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇവയെല്ലാം ഇൻഫ്ലുവെൻസ വാക്സിനുകളുടെ നിർമാണത്തിന് വേണ്ടിയാണ്. കഴി‌ഞ്ഞ 80 വർഷമായി ഇൻഫ്ലുവെൻസ വാക്സിനുകളുടെ നിർമാണത്തിന് ലോകം ആശ്രയിക്കുന്നത് കോഴിമുട്ടകളെയാണ്.

പകർച്ചപ്പനി തടയുന്നതിനായി യു.എസിൽ കഴിഞ്ഞ വർഷം വിതരണം ചെയ്തത് 174.5 ദശലക്ഷം ഇൻഫ്ലുവെൻസ വാക്സിനുകളാണ്. ഇതിൽ 82 ശതമാനത്തോളം വാക്സിനുകൾ മുട്ടയിൽ നിന്നും രൂപപ്പെടുത്തുന്നവയാണ്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്കനുസരിച്ച് ഒരു വാക്സിന് ഒരു മുട്ടയെന്ന അനുപാതത്തിൽ കഴിഞ്ഞ വർഷം യു.എസ് ഉപയോഗിച്ചത് 140 ദശലക്ഷം മുട്ടകളാണ്.!

ഓരോ വർഷവും ഇൻഫ്ലുവെൻസ പോലുള്ള പകർച്ചവ്യാധികളെ നേരിടാൻ വാക്സിൻ നിർമാണത്തിനുള്ള മുട്ടകൾ ഉറപ്പാക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ യു.എസ് ഗവൺമെന്റ് നീക്കി വയ്ക്കാറുണ്ട്. ഇത്രയൊക്കെ മുൻകരുതലുകൾ സ്വീകരിച്ചിട്ടും ഇപ്പോൾ ലോകത്ത് ഭീതിപരത്തുന്ന കൊറോണയ്ക്കെതിരെ ഒരു വാക്സിൻ രൂപപ്പെടുത്താൻ യു.എസിന് കഴിഞ്ഞിട്ടില്ല. കാരണം പകർച്ചപ്പനികൾക്ക് കാരണക്കാരായ ഇൻഫ്ലുവെൻസ വൈറസുകളെ പോലെയല്ല കൊറോണ. കൊറോണയെ പിടിച്ചു കെട്ടാൻ മുട്ട മതിയാവില്ല. കൊറോണ വാക്സിനായി ഗവേഷകർ നെട്ടോട്ടമോടുമ്പോൾ യു.എസ് സംഭരിച്ചു വച്ചിരിക്കുന്ന മുട്ടകൾക്ക് നോക്കുകുത്തിയായി നിൽക്കാനെ കഴിയുന്നുള്ളു.

1930കളിലാണ് വാക്സിൻ നിർമാണ മേഖലയിലേക്ക് മുട്ടകൾ കടന്നു വരുന്നത്. മിലിട്ടറിയ്ക്ക് വേണ്ടിയാണ് യു.എസിൽ ആദ്യമായി ഇൻഫ്ലുവെൻസ വാക്സിൻ വിജയകരമായി പരീക്ഷിച്ചത്. 1940കളിൽ മുട്ടകളിൽ നിന്നുള്ള വാക്സിൻ ജനങ്ങൾക്ക് വേണ്ടിയും തയാറായി.

ഓരോ വർഷവും പകർച്ചപ്പനികളുടെ സ്വഭാവം മാറുമെന്നതിനാൽ പുതിയ വാക്സിനുകളാണ് വേണ്ടിവരിക. നിശ്ചിത വൈറസുകളെ കോഴിമുട്ടയിലേക്ക് കടത്തി വിടുകയും മുട്ടയെ ഇൻകുബേഷൻ, റെപ്ലിക്കേഷൻ തുടങ്ങിയ പ്രക്രിയകൾക്ക് വിധേയമാക്കി അവയിൽ നിന്നും ആന്റിജനുകൾ ഉത്പാദിപ്പിക്കുന്നു. ഈ ആന്റിജനുകൾ മനുഷ്യന്റെ പ്രതിരോധ ശക്തിയെ ഉത്തേജിപ്പിക്കുന്നു. ഇങ്ങനെ രോഗത്തെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ രൂപപ്പെടുന്നു. മുട്ട ഉണ്ടാകുന്നത് മുതൽ വാക്സിൻ രൂപപ്പെടുന്നതിന് വരെ കുറഞ്ഞത് ആറ് മാസമെങ്കിലും സമയം വേണം.

യു.എസ് ഗവൺമെന്റിന് വേണ്ടി വാക്സിൻ നിർമിച്ചു നൽകുന്ന കമ്പനികളുടെയെല്ലാം മുട്ട ഫാമുകൾ അതീവ രഹസ്യമായാണ് പ്രവർത്തിക്കുന്നത്. ഉയർന്ന ഗുണനിലവാരമുള്ള മുട്ടകൾക്കായി ഒരു കമ്പനിയുമായി മാത്രം സർക്കാർ ഏർപ്പെടുന്ന മൂന്ന് വർഷ കോൺട്രാക്ടിന് നൽകുന്നത് ഏകദേശം 42 ദശലക്ഷം ഡോളറാണത്രെ. ഇങ്ങനെ ദശലക്ഷക്കണക്കിന് ഡോളറുകളാണ് ഇൻഫ്ലുവെൻസ വാക്സിൻ നിർമാണത്തിനായി ചെലവഴിക്കുന്നത്. മുട്ടകളുടെ ലഭ്യതയിൽ എന്തെങ്കിലും തരത്തിലെ പ്രതിസന്ധികൾ നേരിട്ടാൽ രാജ്യവ്യാപകമായി വാക്സിൻ നിർമാണത്തെ ബാധിക്കും. വാക്സിനുകൾ നിർമിക്കുന്ന കമ്പനികൾ എല്ലാ തരത്തിലും അതീവ സുരക്ഷ ഉറപ്പാക്കേണ്ടതുമുണ്ട്. വാക്സിനുകൾക്കായി കോടികൾ മുടക്കുന്നുണ്ടെങ്കിലും പ്രതിവർഷം ഏകദേശം 10 ലക്ഷം കോടി ജനങ്ങൾ യു.എസിൽ പകർച്ചപ്പനിയ്ക്ക് ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്.

എന്നാൽ മുട്ടകൾക്ക് ബദൽ മാർഗങ്ങൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണ് ഗവേഷകർ. പക്ഷിപ്പനി പോലുള്ള രോഗങ്ങൾ പടർന്നു പിടിച്ചാൽ മുട്ട ഉത്പാദനം കുറയുകയും അത് വാക്സിൻ നിർമാണത്തെ ബാധിക്കുകയും ചെയ്യും. കൊറോണ പോലെയുള്ള മഹാമാരികളെ തടയാൻ ഫലപ്രദമായ വാക്സിനുകൾ കണ്ടെത്തിയേ തീരു.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കനുസരിച്ച് മുട്ട ഉപയോഗിച്ചിട്ടില്ലാത്ത 20ലേറെ കൊറോണ വൈറസ് വാക്സിനുകൾ ലോകത്ത് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എം.ആർ.എൻ.എ, ഡി.എൻ.എ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ഇവയിൽ മിക്കവയും നിർമിക്കുന്നത്. പക്ഷേ, ഏതെങ്കിലുമൊരു കൊറോണ വാക്സിൻ ഫലപ്രദമാണെന്ന് തെളിയിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനുള്ള അംഗീകാരങ്ങൾ നേടിയെടുക്കുന്നതിനും കുറഞ്ഞത് ഒരു വർഷം വേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. യു.എസ് വികസിപ്പിച്ച ഒരു കൊറോണ വാക്സിൻ മാർച്ച് 17ന് മനുഷ്യനിൽ പരീക്ഷണം നടത്തിയിരുന്നു. എന്നാൽ ഇത് ഫലപ്രദമാണെന്ന് തെളിയിക്കാൻ ഇനിയും കാത്തിരിക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, CORONA, AMERICA, EGG, VACCINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.