എന്തിനാണ് ഞാൻ ഈ വഴി വന്നത്? ഓർമ്മവെച്ചകാലം തൊട്ടേ ഒരിക്കൽ പോയ വഴികൾ പിന്നീട് ഒരിക്കലും മറന്നിട്ടില്ല. മെയിൻ വഴികൾ ആണെങ്കിലും ഇടവഴികൾ ആണെങ്കിലും എല്ലാം ഒരുവട്ടം പോയാൽ മതി പിന്നീട് അത് മറക്കില്ല. ഇടയ്ക്കു നേരം കിട്ടുമ്പോൾ എല്ലാം വീണ്ടും ആ വഴിയേ സഞ്ചരിക്കും. ആദ്യം പോയപ്പോൾ കണ്ട കാഴ്ചകൾ വീണ്ടും വീണ്ടും കണ്ട് അതിന്റെ ഭംഗി സ്വയം നഷ്ടപ്പെടുത്തും. അതിൽ നിന്ന് എന്ത് ആനന്ദം കിട്ടുന്നു എന്ന് എനിക്ക് അറിയില്ല. കുഞ്ഞുനാൾ തൊട്ടേ അങ്ങനെയാണ്. എന്ത് കണ്ടാലും.. അത് വീണ്ടും വീണ്ടും കണ്ട് അതിനോടുള്ള താല്പര്യം കെടുത്തി കളയും. പക്ഷേ.. എന്തുകൊണ്ടാണ് ഒരുവട്ടം പോയിട്ട് പിന്നീട് ഒരിക്കലും ഞാൻ ഈ വഴി വരാതെ ഇരുന്നത്. എന്തിനാണ് ഞാൻ ഇപ്പോൾ പെട്ടെന്ന് ഓർമ്മയുടെ ഒരു ചിതലരിച്ച മൂലയിൽ നിന്ന് ഈ വഴി തിരഞ്ഞെടുത്തത്. ശരിക്കും ഞാൻ തിരഞ്ഞെടുക്കുകയല്ലായിരുന്നു. ആരോ എന്റെ ഉള്ളിൽ നിന്ന് ആ വഴി തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിക്കുകയായിരുന്നു.
പത്തിൽ നിന്ന് ജയിച്ച് പ്ലസ് വൺ പഠനകാലത്തിന്റെ ആരംഭത്തിലാണ് ഞാൻ അവളെ ആദ്യം കണ്ടത്. ക്ലാസ് തുടങ്ങുന്ന ആദ്യ ദിവസം എല്ലാകുട്ടികളും സ്വയം പരിചയപ്പെടുത്തുന്ന രീതി ഉണ്ടായിരുന്നു. ആദ്യം തന്നെ എന്നെ പരിചയപ്പെടുത്തിയിട്ട് ഞാൻ പിൻസീറ്റിൽ ഒരു മൂലയ്ക്കായി പോയി ഇരുന്നു. എന്റെ കൂടെ ടോണിയും. കുഞ്ഞുനാളിലെ കൂടെയുള്ള കൂട്ടാണ് അവൻ. നിരത്തിയിട്ടിരിക്കുന്ന ബെഞ്ചുകളിൽ നിന്ന് ഓരോരുത്തരായി പരിചയപ്പെടുത്തൽ നടത്തിക്കൊണ്ടിരിക്കുന്നു. അപ്പോളാണ് മുമ്പിൽ നിന്ന് മൂന്നാമത്തെ ബെഞ്ചിൽ നടുക്ക് നിന്ന് അവൾ എഴുന്നേറ്റത്. ഇരുനിറത്തിൽ പൂച്ചക്കണ്ണു തെളിഞ്ഞു നിൽക്കുന്ന ചെമ്പൻ മുടിക്കാരി. എന്റെ ഉള്ളിൽ ആദ്യം അറപ്പാണ് പുറപ്പെടുവിച്ചത്. ഇങ്ങനെയും ഒരു കോലമോ? കഷ്ടം.
ഒരു നിമിഷം അവളുടെ നാടിനെയും വീടിനെയും ഞാൻ ശപിച്ചു. ഇങ്ങനെയാണോ ഒരു പെൺകുട്ടിയെ സ്കൂളിലേക്ക് പറഞ്ഞു വിടുന്നത്. അതും ആദ്യം ദിവസം. ഇങ്ങനെയാണോ അവരുടെ ഒക്കെ നാട്ടിലെ സംസ്കാരം. ആരെ കുറ്റം പറയണം എന്നറിയാതെ ഞാൻ ചുമ്മാ പിറുപിറുത്തു കൊണ്ടിരുന്നു. ഒന്നുമില്ലാതെ ശൂന്യമായി കിടന്നിരുന്ന മനസിലേക്ക് ചുമ്മാ ചിന്തിക്കാൻ ഒരു കാരണം വീണു കിട്ടി. എന്തായാലും ടോണിയൊഴികെ ബാക്കി ഉള്ള നാൽപ്പത്തിമൂന്നു സഹപാഠികളിൽ ഒരാൾ ഞാൻ പോലും അറിയാതെ എന്റെ മനസിൽ ഇടം പിടിച്ചു.
കുന്നിൻ മുകളിലേക്ക് വണ്ടി വലിഞ്ഞു കയറാൻ ഭയങ്കര പ്രയാസം. പണ്ട് പഠിക്കുമ്പോൾ ഈ വഴി ഇതിലും വലിയ കയറ്റമായിരുന്നു. അന്നൊക്കെ ഈ കുന്ന് പലവട്ടം ഓടി കയറിയിരുന്നു എന്നുള്ളത് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല. കുന്നിൻ മുകളിലെ വലത്തേ മൂലയിലെ നാരായണ ഏട്ടന്റെ കട ഇന്നില്ല. അത് പൊളിച്ചു മാറ്റപെട്ടു. പണ്ട് അവിടെ വച്ചാണ് ഞാൻ ആദ്യം അവളോട് മിണ്ടിയത്. കുന്നിറങ്ങി ഒരു കിലോമീറ്റർ അടുത്ത് നടന്നാൽ ഞങ്ങളുടെ വീടെത്തും. പിന്നെ എന്തിനാണോ ഇവൻ ഇങ്ങനെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നത്. മണിക്കൂറിൽ ഒരു വട്ടം പോകുന്ന ബസും നോക്കി നിൽക്കുകയാണ് കഴുത. ബസിൽ കയറി വീട്ടിൽ പോകാനുള്ള പൈസ ഞങ്ങളുടെ രണ്ടു പേരുടെയും കൈകളിൽ ഇല്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ നായരുചേട്ടന്റെ കടയിൽ നിന്ന് സിപ്പ് അപ്പ് വാങ്ങി കഴിച്ചേനെ. പിന്നെയോ. ബസ് കയറാൻ നിൽക്കുന്ന പെണ്ണുങ്ങളെ ചുമ്മാ നോക്കി നിൽക്കാനാണ് ഈ പരിപാടി. അവനെ കുറ്റം പറയുമെങ്കിലും അവൻ കാരണം ഞാനും അത് പതിയെ ആസ്വദിച്ചു അങ്ങനെ നിൽക്കാറുണ്ട്.
''എടാ നീ വരുന്നുണ്ടോ.. സമയം പോയി...""
''ദേ വരുന്നെടാ.. കുറച്ചുനേരം കൂടെ.. ""
''കൊറച്ചുനേരം കൂടെ നിന്നിട്ട് എന്ന കിട്ടാനാ.. ചുമ്മാ... ""
''ദേണ്ടടാ.. നമ്മളുടെ ക്ലാസിലെ പിള്ളേർ അല്ലെ വരുന്നേ...""
ടോണി സ്കൂളിന്റെ മെയിൻ കവാടത്തിന്റെ അവിടേക്കു ചൂണ്ടി കാണിച്ചു. ക്ലാസിലെ മൂന്ന് പെൺകുട്ടികൾ ആണത്. ശരിയാണല്ലോ ഞാനും ഓർത്തു. ഇവർ എന്തിനാ ഇതിലെ വരുന്നേ. യൂണിഫോമിൽ അല്ല മൂന്നു പേരും. കൈകളിൽ പുസ്തകങ്ങളുമുണ്ട്. ഹാ കൂട്ടത്തിൽ ആ ചെമ്പൻ മുടിക്കാരിയും ഉണ്ടല്ലോ..!ഇവർ ഹോസ്റ്റലിലാണല്ലോ.. അതാണെങ്കിൽ സ്കൂൾ ഇരിക്കുന്ന കവാടത്തിന് ഉള്ളിൽ തന്നെയാണ്.. പിന്നെ ഇത് എങ്ങോട്ട്, അതും ആലോചിച്ചു അവരെയും നോക്കി നിന്നു. നോട്ടവും ആലോചനയും അവസാനിച്ചത് അവർ അടുത്ത് വന്നപ്പോഴാണ്.
''ഹായ്... ""
കൂട്ടത്തിൽ ചെമ്പൻ മുടിക്കാരിയാണ് എന്നോട് സംസാരിച്ചത്. ബാക്കി രണ്ടുപേരും ടോണിയുമായി കത്തി വെപ്പ് തുടങ്ങി കഴിഞ്ഞു.
''ഹായ്.. എങ്ങോട്ടാ...""
''ഞങ്ങൾ ട്യൂഷൻ പോകുവാ.... സൽമാൻ വീട്ടിൽ പോയില്ലേ...""
''ഇല്ല.. ഇപ്പോൾ ഉടനെ പോകും.. അല്ല എന്റെ പേര്...""
''നമ്മൾ ഒരേ ക്ലാസിൽ അല്ലെ.. പിന്നെ പേര് അറിയാൻ എന്ത് പാട്...""
''അല്ല എനിക്ക് തന്റെ പേര് അറിയില്ല.. ''"
'' ക്ലാസ് തുടങ്ങി മൂന്നു ദിവസം ആയിട്ട് ഇപ്പോളും അറിയില്ല...""
'' അറിയില്ല.. സോറി...""
''ഞാൻ പേർളി...""
സംസാരം നീളുന്നതിനു മുമ്പ് കൂട്ടുകാരികൾ അവളെ ട്യൂഷന് പോകാൻ വിളിച്ചുകൊണ്ടു പോയി. മൂവരും നടന്നു പോകുന്നത് ഞാൻ നോക്കി നിന്നു.. വലത്തേ അറ്റത്തെ ദീപ ചേച്ചിയുടെ വീട്ടിലേക്കു ട്യൂഷൻ പഠിക്കാൻ കയറും വഴി പ്രതീക്ഷിക്കാതെ അവൾ എനിക്ക് കൈകൾ കൊണ്ടൊരു യാത്രാമൊഴി നൽകി... എന്നിട്ട് അവൾ ചിരിച്ചു കൊണ്ട് ഗേറ്റ് കടന്നു അകത്തേക്ക് കയറി പോയി..
ദീപ ചേച്ചി കല്യാണം കഴിഞ്ഞിപ്പോൾ അങ്ങ് മുംബയിൽ ആണെന്ന് ഞാൻ നാട്ടിൽ ലീവിന് വന്നപ്പോൾ അമ്മ പറഞ്ഞറിഞ്ഞു. എന്നെ പത്താം ക്ലാസ് വരെ ട്യൂഷൻ എടുത്തിരുന്നത് ദീപ ചേച്ചിയായിരുന്നു. പത്തുകഴിഞ്ഞപ്പോൾ ഞാൻ തന്നെ അത് അങ്ങ് നിറുത്തി. തനിയെ പഠിച്ചു ജയിക്കാം എന്നുള്ള അഹങ്കാരം ആയിരുന്നെങ്കിലും. പതിവായി അവളെ കണ്ടും അവളുമായി സംസാരിച്ചും ഒടുവിൽ ഞാൻ അവിടെ ട്യൂഷൻ പഠിക്കാൻ പോകാൻ തീരുമാനിച്ചു.
ട്യൂഷൻ ക്ലാസ് കഴിഞ്ഞു എന്നും ഞാൻ അവളുടെ കൂടെ ഹോസ്റ്റൽ വരെ അനുഗമിക്കും. അവളുടെ കൂടെ നടക്കാൻ പതിയെ ഞാൻ ആഗ്രഹിച്ചു തുടങ്ങിയ നാളുകൾ ആയിരുന്നു അത്. ഒന്നിച്ചു നടക്കുന്ന വേളയിൽ അവൾ പോലും അറിയാതെ എന്റെ വലത്തേ കൈ അവളുടെ തോളിൽ തട്ടാറുണ്ടായിരുന്നു. ഒരിക്കൽ അത് മനസിലാക്കിയിട്ടെന്നവണ്ണം അവൾ എന്റെ കൈകളോട് അവളുടെ തോൾ ചേർത്തു വെച്ചു. അത് എന്നിൽ അതുവരെ ഉണ്ടാകാതിരുന്ന എന്തോ ഒരു സന്തോഷം സമ്മാനിച്ചു. അവൾ ഗേറ്റ് കടന്നു ഹോസ്റ്റലിലേക്ക് പോകുന്നത് വരെ ഞാൻ ഗേറ്റിൽ ചാരി നിന്നു. പിന്നെ പതിയെ എന്റെ ശരീരം അവിടെ നിന്ന് തിരികെ നടന്നു.
ഇന്ന് ആ ഗേറ്റ് തുരുമ്പ് പിടിച്ചിരിക്കുന്നു. ആരും തലോടാതെ അതിനും വിഷമം തോന്നിയിരിക്കണം. വർഷങ്ങൾക്ക് ശേഷം ഞാൻ ഈ വഴി വരുമെന്നും ഈ തുരുമ്പിലും ചുംബിക്കുമെന്നും അതിനറിയാമായിരിക്കും. ഗേറ്റിൽ ഇന്നും എന്റെ കണ്ണുനീരിന്റെ ഉപ്പുരസം അനുഭവപ്പെടുന്നുണ്ട്.
പ്ലസ് വൺ ക്ലാസ് കഴിഞ്ഞ അന്നാണ് അവൾ പെട്ടന്ന് സ്കൂൾ മാറുകയാണെന്ന് എന്നോട് പറഞ്ഞത്. സാധാരണ ഗതിയിൽ പ്ലസ് ടുവിലേക്കു നേരിട്ട് ഒരു അഡ്മിഷൻ അങ്ങനെ എളുപ്പത്തിൽ സാധ്യമല്ല. അങ്ങനെ ശ്രമിച്ചു നടന്നില്ലെങ്കിൽ ഒരു പക്ഷേ ഒരു കൊല്ലം വെറുതെ പോകും. പിന്നെ എന്തിനാണ് തിടുക്കത്തിൽ ഇങ്ങനെ ഒരു തീരുമാനം? അന്നാണ് അവളുടെ പാറിക്കിടക്കുന്ന ചെമ്പൻ മുടികളുടെയും പൂച്ചകണ്ണിന്റെയും രഹസ്യം ഞാൻ അറിഞ്ഞത്. അവളുടെ അച്ഛൻ ഉത്തരേന്ത്യകാരനാണ്. അവളുടെ അമ്മ മലയാളിയും. അവൾ ജനിച്ചതും വളർന്നതുമെല്ലാം അവിടെയാണ്. അമ്മയുടെ കൂടെ ഇടപഴകിയും കൂട്ടുകൂടിയുമാണ് അവൾ അനായാസം മലയാളം പറയാൻ പഠിച്ചത്. ഇപ്പോൾ അവളുടെ അച്ഛൻ അവരെ രണ്ടുപേരെയും തിരികെ കൊണ്ട് പോകുകയാണെന്ന് അവൾ പറഞ്ഞവസാനിപ്പിച്ചപ്പോൾ എന്റെ ഉള്ള് മുഴുവൻ ഇരുട്ട് വീണിരുന്നു. ഇനിയെന്നെങ്കിലും കാണുമോ? ഒരിക്കലെങ്കിലും പഴയതു പോലെ നടക്കാനും തോളിൽ കൈ ചേർത്തു നടക്കാനും സാധിക്കുമോ എന്നൊന്നും ചോദിക്കാതെ ഞാൻ ഹോസ്റ്റലിന്റെ മുമ്പിൽ നിന്ന് നടന്നു. എന്റെ നടത്തം അവസാനിച്ചത് ഗേറ്റിന്റെ മുമ്പിലാണ്. അന്ന് അതിൽ തലവച്ചു ഞാൻ കരഞ്ഞതിന്റെ കണ്ണുനീർ തുള്ളികളുടെ ശേഷിപ്പ് കുറച്ചു നേരം ഞാൻ നോക്കി നിന്നു. പിന്നെ ഗേറ്റ് മലർക്കെ തുറന്നു ഞാൻ എന്റെ കാർ ഓടിച്ചു അകത്തേക്ക് കയറി.
ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഈ സ്കൂളിന്റെ പടി ചവിട്ടിയത്. സ്കൂൾ കഴിഞ്ഞും ഇടയ്ക്ക് ഞാൻ ഇവിടെ വന്നിരിക്കാറുണ്ടായിരുന്നു. അവസാനമായി വന്നത് ഞങ്ങളുടെ വീടും സ്ഥലവും ഒക്കെ വിറ്റ് ഇവിടെ നിന്ന് പോകുന്നതിന്റെ അന്നാണ്. അന്ന് മനസിൽ തീരുമാനിച്ചിരുന്നു. ഇനി ഈ വഴി വരില്ല.. എന്ന്. .. പിന്നെ ഇന്ന്..? ക്ലാസിലെ എല്ലാവരും കൂടി ഒരു റീയൂണിയൻ വെച്ചപ്പോൾ നാട്ടിൽ ഉണ്ടായിട്ടും വരാതിരുന്നത് നല്ലതല്ല എന്ന് ടോണി പറഞ്ഞത് കൊണ്ടുമാത്രമാണ്.. കാർ പാർക്കിംഗിൽ ഇടാതെ നേരെ സ്കൂൾ ഗ്രൗണ്ടിന്റെ എതിർവശത്തുള്ള ഹോസ്റ്റലിന്റെ മുമ്പിൽ നിറുത്തിയിട്ടു. അപ്പോൾ കണ്ടു കുറച്ചു ദൂരെയായി ഒരു കാർ തിരികെ പോകുന്നത്. അതിലെ പുറകിലത്തെ സീറ്റിൽ നിന്ന് ചെമ്പൻ മുടിയിഴകൾ പാറി പുറത്തേക്കു വരുന്നത് ഞാൻ കണ്ടു. അതങ്ങ് ദൂരേക്ക് പോയി മറയും വരെ ഞാൻ അത് നോക്കി നിന്നു. കാർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ എന്റെ കാർ ചെമ്മണ്ണ് നിറഞ്ഞ ഗ്രൗണ്ടിൽ ഇറക്കി രണ്ടുവട്ടം കറക്കി. ഉയർന്നു വന്ന ചെമ്മണ്ണ് പൊടികളിൽ ഞാൻ എന്റെ ഓർമ്മകളെയും പറത്തിവിട്ടു പരിപാടി നടക്കുന്ന ഇടത്തേക്ക് വണ്ടി ഓടിച്ചു പോയി..