കൊച്ചി: ലോക് ഡൗണിലും മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്റ്റോക്ക് എത്തുന്നതിലെ തടസ്സം കാരണം അവശ്യമരുന്നുകൾക്ക് ദൗർലഭ്യം നേരിട്ടു തുടങ്ങിയതോടെ അടിയന്തര സാഹചര്യം നേരിടാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടപടി തുടങ്ങി. ഉത്തരേന്ത്യയിൽ നിന്നും മറ്റും മരുന്നുമായി കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങൾ അതിർത്തികളിൽ കുടുങ്ങിയതോടെയാണ് മരുന്നുകൾക്ക് ക്ഷാമം തുടങ്ങിയത്. ഈ വാഹനങ്ങൾക്ക് സുഗമയാത്ര ഉറപ്പാക്കുകയാണ് പ്രാഥമിക നടപടി.
അവശ്യവിഭാഗത്തിൽപ്പെട്ടവ ഉൾപ്പെടെ മരുന്നുകളുടെ 95 ശതമാനവും എത്തുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ്. രാജ്യത്തെ മരുന്നു നിർമ്മാണ ശാലകളിൽ അധികവും ഹിമാചൽ പ്രദേശ്, മണിപ്പൂർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ്. ചില കമ്പനികളുടെ ഫാക്ടറികൾ മുംബയിൽ. ഇവിടങ്ങളിൽ നിന്ന് മരുന്നുമായി പുറപ്പെട്ട നൂറുകണക്കിന് വാഹനങ്ങൾ പൂനെ- ബംഗളൂരു ഹൈവിയിൽ ഉൾപ്പെടെ കുടുങ്ങിക്കിടപ്പുണ്ട്. രണ്ടു ദിവസത്തിനകം ഈ വാഹനങ്ങളിലെ മരുന്ന് എത്തിക്കാനായില്ലെങ്കിൽ സംസ്ഥാനത്ത് അവശ്യമരുന്നുകൾക്കു പോലും ക്ഷാമം നേരിട്ടുതുടങ്ങുമെന്ന് മെഡിക്കൽ ഷോപ്പ് ഉടമകളുടെ സംഘടന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ മരുന്നുകളുടെ മൊത്തവിതരണ കേന്ദ്രങ്ങൾ മുഴുവൻ കൊച്ചിയിലാണ്. കഴിഞ്ഞ മാസം ലഭിച്ച മരുന്നാണ് മെഡിക്കൽ ഷോപ്പുകളിലുള്ളത്. ഈ മാസം കാര്യമായി ഓർഡർ പോയിട്ടില്ല. കൊച്ചിയിലെ മൊത്തവിതരണ സ്ഥാപനങ്ങളിലെ ജോലിക്കാരിൽ ഭൂരിപക്ഷവും ചേർത്തല, ആലപ്പുഴ, കോട്ടയം ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഏറെയും സ്ത്രീകളുമാണ്. ബില്ലടിക്കാനും പായ്ക്കിംഗിനും വിതരണത്തിനും ജീവനക്കാർക്ക് സ്ഥാപനങ്ങളിലെത്താൻ വാഹനസൗകര്യമില്ല. ഇതുമൂലം ഡിപ്പോകളും സി ആൻഡ്.എഫുകളും (കാര്യേജ് ആൻഡ് ഫോർവേഡിംഗ്) പ്രവർത്തിക്കുന്നില്ല. നിലവിലുള്ള സ്റ്റോക്ക് പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന് വിതരണ സ്ഥാപന ഉടമയും കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ഭാരവാഹിയുമായ പി.വി. ടോമി പറഞ്ഞു.
അറുപത് ദിവസത്തേയ്ക്കുള്ള മരുന്നുകളാണ് സാധാരണ ഷോപ്പുകളിൽ ശേഖരിക്കുക. കഴിഞ്ഞയാഴ്ച മുതൽ ആളുകൾ മരുന്ന് വാങ്ങിക്കൂട്ടാൻ തുടങ്ങി. പതിവായി കഴിക്കുന്ന മരുന്നുകൾ രണ്ടു മാസത്തേക്ക് ഒരുമിച്ച് വാങ്ങിയവരുണ്ട്. പ്രമേഹത്തിനുള്ള മരുന്നുകളും കാൻസർ മരുന്നുകളും വാങ്ങാൻ തിരക്കാണ്. തിരുവനന്തപുരം ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ സ്റ്റോക്കിസ്റ്റുകളുടെ ഗോഡൗണിൽ മരുന്നുണ്ടെങ്കിലും അവ മെഡിക്കൽ സ്റ്റോറുകളിലെത്തിക്കുന്നതിന് ലോക് ഡൗൺ തടസ്സമാകുന്നതാണ് പ്രധാന പ്രശ്നം. മിക്കയിടത്തും ജീവനക്കാർക്ക് ജോലിക്ക് ഹാജരാകാൻ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.