തൊടുപുഴ: ഡി.വൈ.എഫ്.ഐ മുതലക്കോടം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിലേയ്ക്ക് 1100 പച്ചക്കറി കിറ്റുകൾ കൈമാറി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസോലേഷൻ വാർഡിനോടനുബന്ധിച്ച് ആരംഭിച്ച അടുക്കളയിലേയ്ക്കും ഇവർ പച്ചക്കറികൾ സമ്മാനിച്ചു. എട്ടു ദിവസമായി മേഖലാ കമ്മിറ്റിയുടെ പരിധിയിൽ 70 ഭക്ഷ്യകിറ്റുകൾ വീതം തയ്യാറാക്കി നൽകിയിരുന്നു. ബുധനാഴ്ച മുതൽ സംസ്ഥാനത്ത് സൗജന്യറേഷൻ വിതരണം ആരംഭിച്ചതോടെയാണ് പച്ചക്കറി കിറ്റുകൾ നൽകാൻ ഡി.വൈ.എഫ്.ഐ തീരുമാനിച്ചത്. മങ്ങാട്ടുകവലയിലെ എൻ.വി വെജിറ്റബിൾസുമായി സഹകരിച്ചായിരുന്നു പച്ചക്കറി സംഭരണം. പയർ, വെണ്ടയ്ക്ക, ബീറ്റ്റൂട്ട്, തക്കാളി, വെള്ളരിക്ക, മുരിങ്ങക്ക, കോവയ്ക്ക എന്നിങ്ങനെ പതിനാലിനം പച്ചക്കറികളടങ്ങിയ മൂന്നര കിലോയുടെ കിറ്റുകളാണ് തയ്യാറാക്കിയത്. മേഖലാ കമ്മിറ്റിയ്ക്ക് കീഴിലെ മൂന്നു കോളനികളിലെ വീടുകളിലും പച്ചക്കറികൾ സമ്മാനിച്ചു. ഡി.വൈ.എഫ്.ഐ മുതലക്കോടം മേഖലാ പ്രസിഡന്റ് അജിത് തോമസ്, സെക്രട്ടറി പി എം ഷെമീർ, റമീസ് മുഹമ്മദ്, അഭിജിത് ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.