കൊച്ചി: വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുമ്പോൾ സമയം കളയാൻ പലർക്കും പല വഴികളുണ്ട്. എന്നാൽ, ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരം ആര്യ സമയം ചെലവഴിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്.
സോഷ്യൽമീഡിയയിലെ ട്രോളുകൾ കണ്ട് ചിരിച്ചും തനിക്ക് നേരെ വരുന്ന പൊങ്കാലയ്ക്ക് കൃത്യം മറുപടി കൊടുത്തുമാണ് അത്. വീട്ടുകാര്യങ്ങളിലൂടെയാണ് ടെലിവിഷൻ, സിനിമാതാരമായ ആര്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ആദ്യം ബഡായി ബംഗ്ളാവ്, പിന്നെ റിയാലിറ്റി ഷോ ബിഗ്ബോസിന്റെ വീട്. ഈ രണ്ട് വീടുകളിൽ നിന്ന് സ്വന്തം വീട് എങ്ങനെ വ്യത്യസ്തമാവുന്നെന്ന് പറയുന്നു പ്രിയതാരം.
ഹോം ക്വാറന്റൈൻ എന്നതിന്റെ ബുദ്ധിമുട്ട് തോന്നുന്നേയില്ല എന്നതാണ് സത്യം. വീട്ടിൽ ബോറടിക്കുന്നെന്ന് പറയുന്നത് കേൾക്കുമ്പോൾ ചിരി വരുന്നുണ്ട്. 75 നാൾ റിയാലിറ്റി ഷോയുടെ ഭാഗമായി വീടിനുള്ളിൽ അടച്ചുപൂട്ടി കഴിയുകയായിരുന്നു. അവിടെ ടി.വിയില്ല, ഫോണില്ല, ടാബില്ല. പക്ഷേ, ഒരു കുടുംബം പോലെ കഴിയുന്ന ഒരുപാട് പേരും നിറയെ കളികളുമുണ്ടായിരുന്നു. ഇവിടെ ടി.വിയും ഫോണുമെല്ലാമുണ്ട്. അതിലുപരി ഇപ്പോൾ എനിക്ക് വിനോദം നൽകുന്നത് സോഷ്യൽമീഡിയ ആണ്. ട്രോളുകളും പൊങ്കാലയുമാണ്. ട്രോളുകൾ ചിരിപ്പിക്കുമ്പോൾ പൊങ്കാലയ്ക്ക് കൃത്യം മറുപടി നൽകണം. വേദനിപ്പിക്കുന്നവ തരംതിരിച്ച് സൈബർ പൊലീസിന് നൽകാൻ മാറ്റിവയ്ക്കണം. അങ്ങനെ നിറയെ ജോലികളുണ്ട് എനിക്ക്.
മൂന്ന് വീടുകളാണ് എനിക്ക്. കോമഡി ഷോയായ ബഡായി ബംഗ്ലാവ് മുഴുവൻ തിരക്കഥയിൽ നടന്നുപോയിരുന്നതാണെങ്കിലും ആകെ മൊത്തം ചിരിവീടായിരുന്നു.
അതേസമയം, ബിഗ്ബോസിൽ നമുക്ക് തിരക്കഥയില്ല. പലതരം ടാസ്കുകൾ അതിജീവിച്ച് മുന്നോട്ടു വരണം. മൂന്നാമത്തേത് എന്റെ സ്വന്തം വീടാണ്. അവിടെ എന്റെ സന്തോഷം എന്റെ മകളാണ്. കുറേദിവസം എന്നെ കാണാതെ, ഇപ്പോൾ 24 മണിക്കൂറും എന്നെ കിട്ടുന്നു എന്ന സന്തോഷമുണ്ട് അവൾക്കും എനിക്കും. മകളുടെ അവധിക്കാലമായിരുന്നു ഇത്. റിയാലിറ്റി ഷോയിൽ നിന്ന് മടങ്ങിവന്നിട്ട് അവളെയും കൊണ്ട് പുറത്ത് കറങ്ങണം എന്നുണ്ടായിരുന്നു. അത് ചെയ്യാൻ പറ്റിയില്ല എന്നുള്ളതും ഒരു അടച്ചുപൂട്ടലിൽ നിന്ന് മറ്റൊരു അടച്ചുപൂട്ടലിലേക്ക് വന്നു എന്നുള്ളതും ആണ് സങ്കടം.