റിയാദ്: വാക്ക് തർക്കത്തിനിടയിൽ ദമാമിൽ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്റർ (32)കുത്തേറ്റ് മരിച്ചു. സംഭവത്തിന് ശേഷം വേഷം മാറി ഒളിവിൽ പോയ പ്രതി കൊല്ലം സ്വദേശി സക്കീറിനെ പൊലീസ് പിടികൂടി.വെള്ളിയാഴ്ച അൽ കോബാർ റാക്കയിലുള്ള താമസസ്ഥലത്തു വച്ചാണ് സന്തോഷ് പീറ്റർ കുത്തേറ്റ് മരിച്ചത്.
സ്വകാര്യ മാൻപവർ കമ്പനിയുടെ കീഴിൽ കഴിഞ്ഞ ആറു മാസമായി ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു സന്തോഷ്. ഇതേസ്ഥാപനത്തിലെ ഡ്രൈവറാണ് സക്കീർ. സംസാരത്തിനിടയിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അധികൃതർ പറയുന്നത്. വാക്കു തർക്കത്തിനുശേഷം ഇരുവരും പിരിഞ്ഞുപോയെങ്കിലും പിന്നീട് സക്കീർ അരയിൽ കത്തിയുമായി വന്ന് കുത്തുകയായിരുന്നുവെന്നാണ് ദമാം പൊലീസ് പറയുന്നത്. ഉടൻതന്നെ സന്തോഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സന്തോഷിനൊപ്പം ഉണ്ടായിരുന്ന മലയാളിയായ തിരുവല്ല സ്വദേശി ജിജോയ്ക്കും കുത്തേറ്റു. ആശുപത്രിൽ ചികിത്സയിൽ കഴിയുന്ന ജിജോയുടെ നില ഗുരുതരമല്ല. സന്തോഷിന്റെ മൃതദ്ദേഹം ദമാം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.