ന്യൂഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്തെ വിവിധ സർവകലാശാലകൾ നടത്താനിരുന്ന പ്രവേശന പരീക്ഷകൾ മാറ്റിവച്ചു. ജെ.എൻ.യു, യു.ജി.സി. നെറ്റ്, നീറ്റ്, ഇഗ്നോ, പി എച്ച്.ഡി. തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളാണ് മാറ്റിവച്ചത്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. എല്ലാ പരീക്ഷകളുടെയും സമയപരിധി ഒരു മാസത്തേക്ക് നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.
പരീക്ഷകളുടെ പുതുക്കിയ ഷെഡ്യൂൾ തയാറാക്കാൻ മാനവ വിഭവശേഷി മന്ത്രാലയം സി.ബി.എസ്.ഇ., നിയോസ്, എൻ.ടി.എ. എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വയംഭരണ സ്ഥാപനങ്ങളോട് ബദൽ അക്കാഡമിക് കലണ്ടർ തയാറാക്കാനും ആവശ്യപ്പെട്ടു.
വിവിധ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നേരത്തെ മാറ്റിവച്ചിരുന്നു.
എല്ലാ വിദ്യാർത്ഥികൾക്കും ഈ പരീക്ഷകൾക്ക് എളുപ്പത്തിൽ അപേക്ഷിക്കാവുന്ന തരത്തിലാണ് മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്.