SignIn
Kerala Kaumudi Online
Wednesday, 30 September 2020 10.26 PM IST

നാടൻ കളികളിലേക്ക് ഒരു മടക്കയാത്ര...

കിളിമാനൂർ: ഓരോ അവധിക്കാലവും കുട്ടികളുടെ വസന്തമാണ്. അവരുടെ കളികളുടെ കൂടി കാലമാണത്. പാടത്തും പറമ്പിലും നിറഞ്ഞുനിന്ന കളിയോർമ്മകൾ ഇന്ന് വീടുകളിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയപ്പോൾ പുതിയ കളികൾ മൊബൈൽ ഫോണിലേക്കും കമ്പ്യൂട്ടറിലേക്കും പറിച്ചുമാറ്റപ്പെട്ടു. ഗ്രാമങ്ങളിലെ കുട്ടിക്കൂട്ടങ്ങൾക്ക് പകരം ഇന്ന് മൊബൈലും ടാബ്‌ലെറ്റും കമ്പ്യൂട്ടറും കളിക്കൂട്ടുകാരായി മാറി. പുതിയ കളികളിലേക്ക് ലോകം മാറിയപ്പോൾ നാം മറന്നു തുടങ്ങിയ ധാരാളം കളികളുണ്ട്. ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങാൻ തടസമുണ്ടായതോടെ പഴയ നാടൻ കളികൾ വീണ്ടും തിരിച്ചെത്തുകയാണ്.

പുരയിടത്തിലെ കളികൾക്ക് വിലക്ക്

-------------------------------------------------

ഇത്തവണത്തെ വേനലവധിക്ക് മുമ്പുള്ള പരീക്ഷച്ചൂടിനിടെയിരുന്നു കൊവിഡിന്റെ വരവ്. 10 വരെയുള്ള പരീക്ഷകളൊക്കെ ഉപേക്ഷിച്ചതോടെ കുട്ടികൾക്ക് അവധിക്കാലമായി. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങി കൂട്ടം കൂടിയുള്ള കളികൾക്ക് താത്കാലിക വിലക്കായി. ന്യൂജെൻ വെക്കേഷൻ കാലത്ത് ബാറ്റും ബാളും കളഞ്ഞ് കുട്ടികൾക്ക് അടുത്ത ക്ലാസിലേക്കുള്ള ട്യൂഷൻ തുടങ്ങുന്ന രീതിയായി. ഇത്തവണ അതിനും വിലക്ക് വന്നതോടെ പണ്ടുകാലത്ത് വീട്ടിലിരുന്നു തന്നെ കളിക്കാവുന്ന നാടൻ കളികൾ തിരികെ വന്നു. പ്രായഭേദമെന്യേയുള്ള ഇത്തരം കളികളാണ് നാട്ടിൻപുറങ്ങളിൽ ഇപ്പോഴത്തെ കാഴ്ച.

അങ്ങനെ വീണ്ടും സജീവമായ ചില കളികളെക്കുറിച്ച്

ഗോലി കളി
-----------------------

ഗോലി കളി പല സ്ഥലങ്ങളിലും വ്യത്യസ്ഥമാണ്. മണ്ണിൽ ചെറിയ കുഴിയുണ്ടാക്കിയ ശേഷം അല്പം അകലെ ഒരു വരയിടുന്നു. അവിടെ നിന്നും കോട്ടി കുഴിയിൽ വീഴ്‌ത്തുകയാണ് വേണ്ടത്. കുഴിയിൽ വീണ ഗോലി കളിക്കാരന് സ്വന്തമാക്കാം. കള്ളി വരച്ച് എതിർ ടീം പറയുന്ന ഗോലിക്ക് എറിഞ്ഞ് അത് കള്ളിയുടെ പുറത്തേക്ക് തെറിപ്പിച്ചാൽ ആ കള്ളിയിലെ ഗോലി മുഴുവൻ കളിക്കാരന് സ്വന്തമാക്കുന്നത് വേറൊരു കളി. രണ്ട് കുഴികൾ അടുത്തടുത്തും മറ്റൊന്ന് കുറച്ച് അകലെയായും കുഴിക്കുന്നു. ഊഴം അനുസരിച്ച് അടുത്തടുത്ത കുഴിയിൽ നിന്നും അകലെയുള്ള കുഴിക്ക് മുന്നിൽ വച്ചിരിക്കുന്ന എതിരാളിയുടെ ഗോലി അകലേക്ക് തെറിപ്പിക്കണം. പച്ച,​ഇട,​പാസ് എന്നിങ്ങനെയാണ് കുഴികളെ പറയുന്നത്. കുറഞ്ഞത് രണ്ടുപേർ കളിക്കു വേണം. ടീമായിട്ടും ഒറ്റതിരിഞ്ഞും രണ്ടിൽ കൂടുതൽ പേർക്കും കളിക്കാം.

ഈർക്കിൽ കളി

-------------------------

തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക. നീളത്തിലുള്ള ഒരു ഈർക്കിലും നീളം കുറഞ്ഞ ഈർക്കിലുകളുമാണ് ഇതിന് ആവശ്യം. നീളമുള്ള ഈർക്കിലിന് ഉയർന്ന പോയിന്റും, മറ്റു ഈർക്കിലുകൾക്ക് കുറഞ്ഞ പോയിന്റും നൽകുന്നു. ഈർക്കിലുകൾ കുലുക്കി തറയിലേക്കിടുകയും ഉയർന്ന ഈർക്കിലിന് മുകളിലായി ചെറു ഈർക്കിലുകൾ വീഴുകയും വേണം. അടിയിലായി വീണാൽ ആ ആൾ പുറത്താകുകയാണ് പതിവ്. ഇങ്ങനെ വലിയ ഈർക്കിലിന് പുറത്ത് വീണ ചെറു ഈർക്കിലുകളെ സ്വതന്ത്രമായി വീണ ഈർക്കിൽ കൊണ്ട് അനങ്ങാതെ എടുത്ത് പോയിന്റ് നേടണം.

കള്ളനും പൊലീസും

-------------------------

തീപ്പെട്ടി കാർഡോ, കടലാസോ കൊണ്ട് ഈ കളിയിൽ ഏർപ്പെടാം. ഒരു കുടുംബത്തിലെ അംഗങ്ങൾക്കൊക്കെയും ഇതിൽ പങ്കെടുക്കാം. കാർഡിൽ രാജാവ്, രാജ്ഞി, മന്ത്രി, പൊലീസ്, കള്ളൻ എന്നീ ക്രമത്തിൽ എഴുതുന്നു. രാജാവിന് ഉയർന്ന പോയിന്റും തുടർന്നിങ്ങോട്ടുള്ളവർക്ക് പോയിന്റു കുറഞ്ഞു വരികയും കള്ളന് പോയിന്റില്ലാതെയുമാകുന്നു. ഇങ്ങനെ എഴുതിയ കടലാസുകൾ മടക്കി കുലുക്കി ഇടുകയും ഓരോരുത്തരായി എടുക്കുകയും അതിൽ എഴുതിയിരിക്കുന്ന പോയിന്റ് കരസ്ഥമാക്കുകയും ചെയ്യുന്നു.

ഏണിയും പാമ്പും

-------------------------------

വീടിനുള്ളിൽ കളിക്കാവുന്ന കളിയാണിത്. 1 മുതൽ 100 വരെയെഴുതിയ കള്ളികളുള്ളതാണ് കളിക്കളം. ഇതിൽ പാമ്പിന്റെയും കോണിയുടെയും രൂപങ്ങൾ വരച്ചിട്ടുണ്ടാവും. ആറു വശങ്ങളിലായി 1 മുതൽ 6 വരെ അടയാളപ്പെടുത്തിയ സമചതുര കട്ടകൊണ്ടാണ് കളിക്കുന്നത്. കട്ട നിലത്തിടുമ്പോൾ മുകളിലെ വശത്തുള്ള സംഖ്യ നോക്കി കളത്തിലെ കരു നീക്കണം. കരു നീക്കി ഏണിയുള്ള കളത്തിലെത്തിയാൽ ആ ഏണിയുടെ മറ്റേ അറ്റമുള്ള കളത്തിലേക്ക് കരു നീക്കാം. മറിച്ച് പാമ്പുള്ള കളമാണെങ്കിൽ താഴോട്ടിറങ്ങേണ്ടി വരും. ഇങ്ങനെ കളിച്ച് നൂറാമത്തെ കളത്തിലേക്ക് കരു എത്തിച്ചയാൾ വിജയിക്കും.

നല്ല ഏകാഗ്രതയും ശ്രദ്ധയും വേണ്ട കളിയാണിത്.

അന്താക്ഷരി

----------------------

വീട്ടിലെ എല്ലാം അംഗങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ചലച്ചിത്ര ഗാനമോ, അക്ഷര ശ്ലോകങ്ങളോ കവിതകളോ ഒരാൾ ചൊല്ലും. ആ ആൾ പാടി അവസാനിക്കുന്ന അക്ഷരത്തിൽ നിന്ന് മറ്റൊരാൾ മറ്റൊരു ഗാനം ആലപിക്കുന്ന രീതിയാണിത്.

സാറ്റുകളി

-------------------

ഈ കളിയിൽ ഒരാൾ മരത്തിനോട് ചേർന്ന് കണ്ണ് പൊത്തി 1 മുതൽ 50 ( ഇതിൽ വ്യത്യാസം വരാം)​ വരെ എണ്ണുന്നു. അപ്പോൾ മറ്റുള്ള കുട്ടികൾ ഏതെങ്കിലും സ്ഥലത്ത് ഒളിക്കുന്നു. ഒളിച്ചിരിക്കുന്നവരുടെ കൂവൽ കേട്ടാൽ എണ്ണിയ ആൾ അന്വേഷണം തുടങ്ങും. ഒളിച്ചവർ ആരെങ്കിലും ആദ്യം തൊട്ടെണ്ണിയ മരത്തിൽ വന്നു തൊട്ടാൽ എണ്ണിയ കുട്ടി തോറ്റു. മരത്തിൽ ഒളിച്ചിരുന്നവരിൽ ആദ്യം കണ്ടുപിടിക്കപ്പെടുന്നയാൾ വീണ്ടും എണ്ണണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.