SignIn
Kerala Kaumudi Online
Sunday, 07 June 2020 9.18 AM IST

'ഇതൊക്കെ കൃത്യമായി എങ്ങനെ ചെയ്യുന്നു ആവോ, പാവം നഗരത്തിൽ വളർന്ന കുട്ട്യാണ്,​ എന്നിട്ടും...' അമ്മയുടെ കൊവിഡ് കാലത്തെ മനോഹരമായ കുറിപ്പ് പങ്കുവച്ച് മഞ്ജുവാര്യർ

manju

കൊവിഡ് ക്കാലത്ത് മനോഹരമായൊരു കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആ കത്തെഴുതിയത് മറ്റാരുമല്ല, മലയാളികളുടെ പ്രിയപ്പെട്ട മഞ്ജുവാര്യരുടെ അമ്മ ഗിരിജ തന്നെ. അമ്മയുടെ എഴുത്തിലേക്കുള്ള തിരിച്ചുവരവിന്റെ സന്തോഷം പങ്കിട്ട് മഞ്ജുവാര്യർ തന്നെയാണ് കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. "ഒരുപാട് വർഷങ്ങൾക്ക് ശേഷം അമ്മ എഴുത്തിന്റെ ലോകത്തേക്ക് തിരിച്ച് പോകുന്നു" എന്നാണ് മഞ്ജു കുറിച്ചത്. മക്കളായ മഞ്ജുവാര്യരേയും മധുവാര്യരേയും വീട്ടിൽ ഒന്നിച്ച് കിട്ടിയതിന്റെ സന്തോഷമാണ് കത്തിൽ നിറയെ..

എഴുത്ത് വായിക്കാം:

"ഇവിടെ എല്ലാവരും തിരക്കിലാണ്. കഥയെഴുത്തും ചർച്ചകളുമായി തിരക്കുള്ള ഒരാൾ. സിനിമാഭിനയവും നൃത്തവും ഒക്കെയായി തിരക്കായി, മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വീണു കിട്ടുന്ന ഒഴിവിൽ വിശ്രമിക്കാനെത്തുന്ന മറ്റൊരാൾ. ഇവർ രണ്ട് പേരും ഇപ്പോൾ ഈ വീട്ടിൽ എന്നെക്കാൾ തിരക്കായി ഓടി നടക്കുന്നു. ഒരാളുടെ കൈയ്യിൽ ചൂല്. മറ്റേയാളുടെ കൈയ്യിൽ നിലം തുടയ്ക്കുന്ന മോപ്പ്. കുറച്ച്‌ കഴിയുമ്പോൾ ഒരാൾ ചിരവപ്പുറത്ത്. തേങ്ങ, തുരുതുരെ ചിരകി ഇലയിൽ വീഴുന്നു. അതിൽ നിന്നും കൈയ്യിട്ടു വാരിത്തിന്നാൻ മറ്റേയാൾ,

എന്താദ്..കഥ.. എനിക്ക് ചിരിയാണ് വരുന്നത്, പ്രകൃതി വിഭവങ്ങളോട് താത്പര്യമില്ലാതിരുന്നവർ ഇപ്പോൾ ചക്കയും മാങ്ങയുമൊക്കെ ഇഷ്ടഭോജ്യങ്ങളാക്കിയിരിക്കുന്നു. അടുക്കളയും സജീവം. പച്ചക്കറി അരിയലും പാത്രം കഴുകലും അതൊക്കെ തുടക്കലും, അതാത് സ്ഥാനത്ത് കമഴ്ത്തി വക്കലും..ഒക്കെ പഠിച്ചിരിക്കുന്നു, ആ കുട്ടി..മധുവിന്റെ ഭാര്യ അനു.. ഇതൊക്കെ കൃത്യമായി എങ്ങനെ ചെയ്യുന്നു ആവോ..പാവം നഗരത്തിൽ വളർന്ന കുട്ട്യാണ്,​ എന്നിട്ടും..

പാചകമെങ്കിലും സ്വയം ചെയ്യണം എന്നെനിക്ക് വാശിയാണ്. കുട്ടികൾക്ക് ഇഷ്ടമുള്ളതൊക്കെ പാചകം ചെയ്ത് കൊടുക്കുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന ഒരു തിളക്കുമണ്ട്. അതെനിക്ക് ഏറെ ഇഷ്ടമാണ്. മാധേട്ടനും അങ്ങനെ ആയിരുന്നു. ഇഷ്ടമുള്ള വിഭവങ്ങൾ പറയാതെ തന്നെ മേശപ്പുറത്തെത്തുമ്പോഴത്തെ ആ മുഖത്തെ സന്തോഷവും കണ്ണുകളിലെ തിളക്കവും. പാചകം തീരുമ്പോഴേക്കും അടുക്കള ജനത്തിരക്കുള്ള ഒരു കവലയാകും. രാഷ്ട്രീയവും സിനിമയും തമാശകളും ഗെയിം കളിക്കലും ഒക്കെ അവിടെയാവും പിന്നെ. അതിന്റെയൊക്കെ ഇടയിൽ ഒന്നും അറിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ അഭിപ്രായങ്ങൾ പറഞ്ഞ് അവരുടെ കളിയാക്കലുകൾ ഏറ്റുവാങ്ങുന്നതും ഒരു രസം തന്ന്യാണേ.. അമ്മ അവിടെപ്പോയി കാലുനീട്ടി ഇരുന്നാൽ മതി എന്നാണ് അനുവിന്റെ കൽപ്പന. അതിന് പാകത്തിന് നീട്ടാനൊരു കാലും അതിൽ വരവീണ ഒരു വിരലെല്ലുമായി ഞാനും.

അങ്ങനെ കാൽനീട്ടി ഇരിക്കുമ്പോഴും എന്റെ ചെവികൾ ആനന്ദം അനുഭവിക്കുന്നുണ്ട്. അടച്ചിട്ട വാതിലിന് പിന്നിൽ മഞ്ജുവിന്റെ നൃത്തച്ചുവടുകളുടെ പരിശീലന താളങ്ങൾ..എന്റെ കാലിന്, പക്ഷേ ആഗ്രഹമുണ്ടെങ്കിലും അതിനൊക്കെ വിലക്ക് വന്നിരിക്കുന്നു. ഒരു അഞ്ച് ആഴ്ചക്കാലത്തേക്ക്. ആവണിയാണെങ്കിൽ ഇടയ്ക്കിടെ എത്തും മുത്തുവിനെ തേടി. ഗെയിം കളിക്കാൻ. പാവം ബോറടിക്കുന്നുണ്ടാവും കൂട്ടുകാർ അടുത്തൊന്നും ഇല്ലാത്തതുകൊണ്ട് അച്ഛനും അമ്മയും മുത്തുവും മേമയും ഒക്കെ അവളുടെ കളിക്കൂട്ടുകാരാവുന്നു,അവളുടെ സ്ഥിരം കളിക്കൂട്ടുകാരനാവുമായിരുന്ന 'മാട്ടൻ' ഇനി ഒരിക്കലും കൂടെ കളിക്കാൻ ഉണ്ടാവില്ലെന്ന് ആവണിയും മനസിലാക്കിയിരിക്കുന്നു.

മഹാമാരി താണ്ഡവം തുടങ്ങിയപ്പോഴാണ് ഷൂട്ംഗ് നിർത്തി ആദ്യം മഞ്ജുവും പിന്നെ മധുവും കുടുംബവും എത്തിയത്. ഇത്രയും ദിവസങ്ങൾ ഞങ്ങൾ ഒരുമിച്ച്‌ ഉണ്ടാകുന്നത് വർഷങ്ങൾക്ക് ശേഷമാണ്. മാധേട്ടനും കൂടെ ഉണ്ടായിരുന്നുവെങ്കിൽ ..ഇടയ്ക്കിടെ ഓർത്ത് പോകുന്നു കൊറോണ കാരണം വീട്ടിലെ ജോലിക്കാർക്കും അവധി കൊടുത്തു. ഇപ്പോൾ ഇവിടെ എല്ലാവരും ജോലിക്കാരാവുന്ന.. ജോലിയൊന്നും ചെയ്ത് മുൻപരിചയമല്ലാത്ത താത്കാലിക ജോലിക്കാർ.. അങ്ങനെ ഇവിടെ ഞങ്ങൾ എല്ലാവരും തിരക്കിലാണ്.. അങ്ങനെ ഒരു കൊറോണക്കാലം..''

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MANJU WARRIER, FACEBOOK POST, COVID 19, MANJU WARRIER MOTHER
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.