നിസാമബാദ്:വിദൂര നഗരത്തിൽ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ മകനെ രക്ഷിക്കാനുള്ള അമ്മയുടെ വാത്സല്യത്തിന് മുന്നിൽ കൊവിഡും ലോക്ക് ഡൗണും രാവും പകലും വിശപ്പും ദാഹവും ഒന്നും തടസമായില്ല. സന്തതസഹചാരിയായ സ്കൂട്ടറിൽ മൂന്ന് ദിവസം രാവും പകലുമായി 1400 കിലോമീറ്റർ സഞ്ചരിച്ച് അമ്മ മകനെ തിരികെ കൊണ്ടുവന്നു.
തെലങ്കാനയിലെ ബോധാൻ സ്വദേശിയായ റജിയ ബീഗം (48) എന്ന അദ്ധ്യാപികയാണ് ആന്ധ്രപ്രദേശിലെ നെല്ലൂർ നഗരത്തിലെ റഹ്മത്ത് നഗറിൽ കുടുങ്ങിപ്പോയ മകൻ നിസാമുദ്ദീനെ കൊണ്ടുവരാൻ ഒറ്റയ്ക്ക് സാഹസികമായി പുറപ്പെട്ടത്.
ഹൈദരാബാദിലെ ഒരു നീറ്റ് കോച്ചിംഗ് സെന്ററിൽ പഠിക്കുന്ന നിസാമുദീൻ സുഹൃത്തിനെ യാത്രയാക്കാനാണ് കഴിഞ്ഞ മാസം നെല്ലൂരിൽ എത്തിയത്. രാജ്യത്താകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു. മകന്റെ ബുദ്ധിമുട്ട് ഓർത്ത് റജിയയ്ക്ക് വിഷമം തങ്ങാനായില്ല.
വിവരം പൊലീസിനെ അറിയിച്ചു. എ.സി.പി ജയ്പാൽ റെഡ്ഡിയെ നേരിട്ട് കണ്ട് യാത്രാനുമതിക്കുള്ള കത്തു വാങ്ങി. മൊബൈലിൽ ഗൂഗിൾ മാപ്പ് ആപ്ളിക്കേഷൻ റെഡിയാക്കി. ഒരു പായ്ക്കറ്റ് റൊട്ടിയും ഒരു കാനിൽ പെട്രോളും കരുതി. ഏപ്രിൽ 6ന് തിങ്കളാഴ്ച രാവിലെ സ്കൂട്ടറിൽ യാത്ര തുടങ്ങി.
കാമറെഡ്ഡി, ഗജ്വേൽ, നൽഗൊണ്ട, അദ്ദാങ്കി, ഓംഗോൾ...സ്ഥലങ്ങൾ പിന്നിട്ടു. ദേശീയ പാത 44, സംസ്ഥാന പാത 2, ആറ് ലെയിനുള്ള എൻ.എച്ച് 16...റജിയയുടെ സ്കൂട്ടി പകലും രാവും പാഞ്ഞു. വല്ലപ്പോഴും കാണുന്ന ട്രക്കുകളല്ലാതെ റോഡിൽ മറ്റ് യാത്രക്കാരാരും ഇല്ല. ഭയം തോന്നിയില്ല. കാരണം, മകന്റെ സുരക്ഷയെ പറ്റി മാത്രമായിരുന്നു ചിന്ത. ഇടയ്ക്ക് വണ്ടി നിറുത്തി ഏതാനും മിനുട്ടുകൾ വിശ്രമിച്ചു. ഹോട്ടലുകളൊന്നും ഇല്ല. റൊട്ടി കഴിച്ചു. വണ്ടിയിൽ പെട്രോൾ നിറച്ചു. പിറ്റേന്ന് പകൽ അമ്മ നെല്ലൂരിൽ മകന്റെ അടുത്തെത്തി. അന്ന് വൈകിട്ട് നാലിന് മകനെ പിന്നിലിരുത്തി മടക്കയാത്ര. മകൻ ഒപ്പമുള്ളതിനാൽ അന്നത്തെ രാത്രി കൂടുതൽ ധൈര്യത്തോടെ വണ്ടി ഓടിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ബൊധാനിലെ വീട്ടിൽ തിരിച്ചെത്തി. ഇരുവഴിക്കുമായി 1400 കിലോമീറ്റർ. സർക്കാർ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആണ് റജിയ ബീഗം. അദ്ധ്യാപകനായിരുന്ന ഭർത്താവ് പതിനഞ്ച് വർഷം മുൻപ് മരിച്ചു. രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. നിസാമുദീൻ ഇളയ മകനാണ്.