ലണ്ടൻ: കൊവിഡ് - 19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. എന്നാൽ, അദ്ദേഹം ആശുപത്രിയിൽ തുടരും. ജോൺസന്റെ ആരോഗ്യം മെച്ചപ്പെട്ട് വരികയാണെന്നും കുറച്ച് ദിവസം കൂടി നിരീക്ഷണം ആവശ്യമാണെന്നും ഡൗണിംഗ് സട്രീറ്റ് വക്താവ് അറിയിച്ചു.
'കേൾക്കാൻ ആഗ്രഹിച്ച വാർത്തയെന്ന്' പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് പറഞ്ഞു. 'വളരെ നല്ല വാർത്തയെന്ന്' യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ ജോൺസനെ പ്രവേശിപ്പിക്കുന്നത്. പിന്നീട് കടുത്ത ശരീരോഷ്മാവും ചുമയുമുണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആദ്യ ലോകനേതാവാണ് ബോറിസ് ജോൺസൺ.