SignIn
Kerala Kaumudi Online
Monday, 10 August 2020 11.28 AM IST

വെള്ളം തെളിഞ്ഞിട്ട് മീൻ പിടിക്കാം

editorial-

കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങൾക്കും ഒരു കുറിപ്പ് അയച്ചു. ലോക്ക് ഡൗൺ കാലത്ത് കൊവിഡ് വ്യാപനത്തിന്റെ മറവിൽ രാജ്യത്ത് വർഗീയ ധ്രുവീകരണം നടത്താനുള്ള ഗൂഢശ്രമം നടക്കുന്നുണ്ടെന്നും അത് തടയാൻ വേണ്ട നിയമപരമായ മുൻകരുതൽ എടുക്കണമെന്നുമാണ് കുറിപ്പിന്റെ ഉള്ളടക്കം. കൊവിഡ് ബാധയുടെ ഉത്തരവാദികൾ ഒരു പ്രത്യേക സമുദായക്കാരാണെന്നും അവർ നടത്തുന്ന കടകളിൽ നിന്നും പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ തുടങ്ങിയവ വാങ്ങാതിരിക്കാൻ ഭൂരിപക്ഷ സമുദായക്കാർ ശ്രദ്ധിക്കണമെന്നുമുള്ള മുന്നറിയിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു വിദ്വേഷ സന്ദേശം പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക നിർദ്ദേശം നൽകുന്നതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങൾ കൂടുതലായും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് പ്രചരിച്ചത്. കൊവിഡ് വ്യാപന കാലത്ത് വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നവർക്കും അത് ഫോർവേഡ് ചെയ്യുന്നവർക്കുമെതിരെ പകർച്ചവ്യാധി നിരോധന നിയമ പ്രകാരം കേസെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് ഒരു രോഗമാണ്. ജാതിയും മതവുമൊന്നും നോക്കിയല്ല രോഗാണു മനുഷ്യനിൽ പ്രവേശിക്കുന്നത്. അതിന് കൂടിയ ആളെന്നോ കുറഞ്ഞ ആളെന്നോ ഉള്ള ഭേദമില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വരെ രോഗം വന്നു. വസ്തുത ഇതായിരിക്കെ രോഗം പരന്നതിന്റെ പേരിൽ ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം എന്തിലും ഏതിലും ജാതിയും മതവും കാണുന്ന തലതിരിഞ്ഞ ചിലരുടെ വക്രബുദ്ധിയിൽ ഉദയം കൊണ്ടതാകാതെ തരമില്ല. അത്തരത്തിൽ പ്രചരിപ്പിച്ചാൽ അത് രോഗത്തേക്കാൾ വേഗം ജനങ്ങളിൽ എത്തുമെന്ന് ഇതിന്റെ നിർമ്മിത ബുദ്ധികൾക്ക് അറിയാം. വ്യാജവും അന്ധവുമായ പ്രചാരണങ്ങളാണ് സമൂഹത്തിൽ കാട്ടുതീ പോലെ വ്യാപിക്കപ്പെടുക.

സന്ദേശം വായിക്കുന്നവർ ഒരു നിമിഷം ഇത് യുക്തിഭദ്രമാണോ എന്ന് ചിന്തിക്കാൻ പോലും തുനിയാതെ അത് വിശ്വസിച്ച് പ്രചരിപ്പിക്കണം. അതാണ് അവരുടെ ലക്ഷ്യം. ഇന്ത്യയുടെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്ന കൂട്ടർ തന്നെയാണ് ഇതിന്റെ പിന്നിൽ. ഇന്ത്യയിൽ നിന്നാണോ വിദേശത്തു നിന്നാണോ ഈ വിദ്വേഷ സന്ദേശം ജനിച്ചതെന്നൊക്കെ ഇനി അന്വേഷണത്തിൽ തെളിയേണ്ടതാണ്. ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ചത് മലയാളിയായ തൃശൂർ സ്വദേശിനിക്കാണ്. ജനുവരി 30നാണ് രോഗം സ്ഥിരീകരിച്ചത്. വുഹാനിൽ എം.ബി.ബി.എസിനു പഠിച്ചിരുന്ന വിദ്യാർത്ഥിനി നാട്ടിലെത്തിയപ്പോൾ പനിക്ക് ചികിത്സിക്കാൻ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും എത്തിയതോടെയാണ് രോഗം കണ്ടെത്തിയത്. പക്ഷേ ഇന്ത്യയിൽ രോഗം കൊണ്ടുവന്നത് മാർച്ചിൽ നടന്ന തബ്‌ലീഗ് സമ്മേളനമാണെന്നാണ് വിദ്വേഷ സന്ദേശത്തിൽ പറയുന്നത്. ഇന്ത്യയിൽ രോഗവ്യാപനത്തിന്റെ തോത് കൂട്ടാൻ തബ്‌ലീഗ് സമ്മേളനം ഇടയാക്കി എന്നത് ഒരു വസ്തുതയാണ്. അതാരും നിഷേധിക്കുന്നുമില്ല. അതു നിർഭാഗ്യകരമായിപ്പോയി. സംഭവിച്ചുകഴിയുകയും ചെയ്തു. അതിന്റെ പേരിൽ ഒരു പ്രത്യേക സമുദായത്തെ മുഴുവൻ പഴിക്കുന്നത് സാംസ്കാരിക ആഭാസമാണ്. തമിഴ്‌നാട്ടിൽ തബ്‌ലീഗ് വോളന്റിയർമാർ സർക്കാരുമായി സഹകരിക്കുകയും ഡൽഹി സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ ചെയ്യേണ്ടത്. അല്ലാതെ വിദ്വേഷ സന്ദേശത്തിന് അതിനേക്കാൾ വിദ്വേഷം തോന്നിക്കുന്ന മറുപടി സന്ദേശങ്ങളിട്ട് വർഗീയ ധ്രുവീകരണം വ്യാപിപ്പിക്കാനല്ല ശ്രമിക്കേണ്ടത്.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ആഴ്ചകൾക്ക് മുമ്പ് തന്നെ കൊറോണക്കാലം വർഗീയ വിളവെടുപ്പിനുള്ള അവസരമാക്കി മാറ്റരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിലെ മത നേതാക്കളും രാഷ്ട്രീയ നേതാക്കളും ഇക്കാര്യത്തിൽ പക്വത പാലിച്ച് ഇവിടത്തെ സൗഹൃദാന്തരീക്ഷം തകരാതെ സംരക്ഷിക്കുകയും ചെയ്തു. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഇനിയും പലരും ഇറങ്ങാൻ സാദ്ധ്യതയുണ്ട്. ഇക്കാര്യത്തിൽ പൊതുജനങ്ങൾ ജാഗരൂകരായിരിക്കണം. സോഷ്യൽ മീഡിയയിൽ വരുന്ന പിതൃശൂന്യമായ സന്ദേശങ്ങളല്ല, നമ്മുടെ രാജ്യത്തിന് ദോഷം വരാത്ത ചിന്തയും യുക്തിഭദ്ര‌തയുമാണ് ഇക്കാലയളവിൽ നമ്മെ നയിക്കേണ്ടത്.

ഇതോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം സുപ്രീംകോടതിയും ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇൻഡോറിൽ ഏപ്രിൽ 2ന് ആരോഗ്യ പ്രവർത്തകരെ ജനക്കൂട്ടം കല്ലെറിഞ്ഞ സംഭവം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പതിനഞ്ച് പേജുള്ള ഉത്തരവിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കാൻ തുനിയുന്നവർക്കെതിരെ കേസെടുക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയത്. ഗാസിയാബാദിലും മറ്റ് ചിലയിടങ്ങളിലും നടന്ന സംഭവങ്ങളും ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിൽ എടുത്തുപറഞ്ഞിരുന്നു. ഒറ്റപ്പെട്ടതാണെങ്കിലും കേരളത്തിലും ലജ്ജാകരമായ ഇത്തരം ചില സംഭവങ്ങൾ ഉണ്ടായി. തണ്ണിത്തോടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഒരു പെൺകുട്ടിയുടെ വീടിനു നേരെ കല്ലേറുണ്ടായി. എറണാകുളത്ത് ഡോക്ടറോട് വസതി ഒഴിയാൻ ഒരു ഫ്ളാറ്റുടമ ആവശ്യപ്പെട്ടു. കൊല്ലത്ത് ഇറ്റലിയിൽ നിന്ന് വന്ന ഒരു യുവാവിനെ ക്വാറന്റീനിൽ പാർപ്പിച്ചതിന്റെ പേരിൽ ഒരു കുടുംബത്തെ ഒറ്റപ്പെടുത്തിയതിന്റെ സ്റ്റോറി കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. വീട് കത്തിക്കണം, കല്ലെറിയണം എന്ന മട്ടിൽ നിന്നിരുന്ന ബന്ധുക്കളും അയൽക്കാരും വാർത്ത വന്ന് നിജസ്ഥിതി അറിഞ്ഞതിനുശേഷം ആ കുടുംബത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്. യഥാർത്ഥ വസ്തുതകൾ അറിഞ്ഞാൽ ജനങ്ങൾ ക്രിയാത്മകമായി പെരുമാറും. അതേസമയം കള്ളം പ്രചരിപ്പിച്ച് അതേ ജനങ്ങളെ തന്നെ പ്രകോപിതരാക്കാനും കഴിയും. കൊറോണാക്കാലം കഴിയട്ടെ. കലങ്ങൽ തെളിഞ്ഞ് പഞ്ചായത്ത് - നിയമസഭാ തിരഞ്ഞെടുപ്പുകൾ വരികയല്ലെ, അപ്പോഴേക്കും വെള്ളം തെളിയും .എന്നിട്ട് പോരേ വർഗീയകൃഷിക്ക് ഇറങ്ങാൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.