ലണ്ടൻ: കാൻസർ ചികിത്സയും കീമോതെറാപ്പിയും പുരോഗമിക്കുന്നതിനിടയിലാണ് നാലുവയസുകാരൻ ആർച്ചി വിൽക്സ് കൊവിഡ് -19 ബാധിച്ച് ഐസൊലേഷൻ വാർഡിലെത്തുന്നത്. ജീവന്മരണ പോരാട്ടത്തിനൊടുവിൽ വൈറസിനെ തോൽപ്പിച്ച് ആർച്ചി പുഞ്ചിരിക്കുന്നു. ലോകത്തിനാകെ പ്രതീക്ഷയേകുന്ന ചിരി.
ലണ്ടനിലെ കാൻസർ ബാധിതരായ കുട്ടികളിലെ ആദ്യ കൊവിഡ് കേസായിരുന്നു ആർച്ചിയുടേത്.
ന്യൂറോ ബ്ലാസ്റ്റോമ എന്ന കാൻസർ ബാധിച്ച് ഒന്നരവർഷമായി ചികിത്സയിലാണ് ആർച്ചി. കീമോതെറാപ്പിക്കിടെ കൊവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ ടെൻഷനിലായി. കുടുംബമാകെ ഐസൊലേഷനിലായി. രോഗലക്ഷണങ്ങൾ വർദ്ധിച്ചതോടെ ആർച്ചിയെ കേംബ്രിഡ്ജിലെ അഡെൻബ്രൂക്ക്സ് ആശുപത്രിയിൽ കാൻസർ വാർഡിൽ നിന്ന് കൊവിഡ് വാർഡിലേക്ക് മാറ്റി.
ഒരാഴ്ചയ്ക്ക് ശേഷം പരിശോധിച്ചപ്പോൾ കൊവിഡ് നെഗറ്റീവായി. കഴിഞ്ഞ ദിവസം ആർച്ചി സുഖമായതായി പിതാവ് എസെക്സിൽ താമസിക്കുന്ന സൈമണും അമ്മ ഹാരിയറ്റും ട്വീറ്റ് ചെയ്തു.