ഫുക്കറ്റ് : കൊവിഡ് 19 ഹോട്ട്സ്പോട്ടായ തായ്ലൻഡിലെ ഫുക്കറ്റിൽ ഒളിമ്പിക് പരിശീലനം നടത്തിവന്ന താൻ സുരക്ഷിതനാണെന്ന് മലയാളി നീന്തൽ താരം സജൻ പ്രകാശ് അറിയിച്ചു. ഫുക്കറ്റിലെ ഫിന ട്രെയിനിംഗ് സെന്ററിലെ പരിശീലനത്തിന് ശേഷം മടങ്ങിയ ഹംഗേറിയൻ ടീമിലെ 12 പേർക്ക് നാട്ടിലെത്തിയ ശേഷം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരോടൊപ്പമാണ് സജൻ അടക്കമുള്ളവർ മെസ് പങ്കിട്ടിരുന്നത്. എന്നാൽ ഇപ്പോൾ സെന്ററിലുള്ളവർക്കാർക്കും രോഗമില്ലെന്ന് സജൻ പറഞ്ഞു. ഫുക്കറ്റിൽ വ്യാഴാഴ്ച മാത്രം 161 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.