തീരുമാനം നാളെ ക്ളബുകളെ ഒൗദ്യോഗികമായി അറിയിക്കും
ന്യൂഡൽഹി : രാജ്യത്ത് ലോക്ക് ഡൗൺ മേയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തിൽ ഐ-ലീഗ് ഫുട്ബാളിലെ അവശേഷിക്കുന്ന മത്സരങ്ങൾ റദ്ദാക്കാൻ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ധാരണയിലെത്തി.നാളെ വീഡിയോ കോൺഫറൻസിന് ശേഷം തീരുമാനം ക്ളബുകളെ അറിയിക്കുമെന്ന് ഫെഡറേഷൻ ഭാരവാഹികളിലൊരാൾ കേരള കൗമുദിയോട് പറഞ്ഞു.
28 മത്സരങ്ങൾ കൂടി ശേഷിവേയാണ് മാർച്ച് 14ന് ശേഷം നിറുത്തിവച്ചത്. മോഹൻ ബഗാൻ കിരീടം ഉറപ്പിച്ചു കഴിഞ്ഞതിനാൽ ചാമ്പ്യനെ നിശ്ചയിക്കാൻ ഇനി മത്സരങ്ങളുടെ ആവശ്യമില്ല. രണ്ടും മൂന്നും മുതലുള്ള സ്ഥാനക്കാരെയും തരംതാഴ്ത്തപ്പെടുന്നവരെയുമാണ് ഇനി നിശ്ചയിക്കേണ്ടത്. ഇതിനുളള മാനദണ്ഡം നാളത്തെ യോഗത്തിൽ ചർച്ച ചെയ്യും.രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവരുടെ സമ്മാനത്തുകയും നിശ്ചയിക്കും.
16 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായാണ് ബഗാൻ കിരീടം ഉറപ്പിച്ചിരിക്കുന്നത്. പ്രധാനമായും നാല് ടീമുകളാണ് രണ്ടാം സ്ഥാനക്കാരാകാൻ മുന്നിലുള്ളത്. ഇൗസ്റ്റ് ബംഗാളിനും പഞ്ചാബ് എഫ്.സിക്കും 16 മത്സരങ്ങളിൽ നിന്ന് 23 പോയിന്റ് വീതമാണുള്ളത്. റയൽ കാശ്മീരിനും ഗോകുലം കേരള എഫ്.സിക്കും 15 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുണ്ട്. ഇവരിൽ ആരെ റണ്ണർ അപ്പുകളായി പ്രഖ്യാപിക്കും എന്നതാണ് തലവേദന.15 കളികളിൽ നിന്ന് 16 പോയിന്റ് മാത്രം നേടിയ ഐസ്വാൾ എഫ്.സിയാണ് തരംതാഴ്ത്തൽ ഭീഷണിയിലുള്ളത്.
11
എ.ഐ.എഫ്.എഫിന്റെ ജൂനിയർ താരങ്ങളെ ഉൾപ്പെടുത്തിയ ക്ളബായ ഇന്ത്യൻ ആരോസ് അടക്കം 11 ക്ളബുകളാണ് ഐ ലീഗിലുള്ളത്.
20
ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ഒരു ടീമിന് 20 മത്സരങ്ങളാണുള്ളത്.ഇതിൽ രണ്ട് ടീമുകൾ 17 മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു.അഞ്ച് ടീമുകൾ 16 മത്സരങ്ങൾ പൂർത്തിയാക്കി.നാല് ക്ളബുകൾക്ക് 15 മത്സരങ്ങളേ പൂർത്തിയാക്കാനായിട്ടുള്ളൂ.
കേരളത്തിന്റെ ഗോകുലം
ഐ ലീഗിലെ ഏക കേരള ക്ളബാണ് ഗോകുലം എഫ്.സി. ഗോകുലത്തിന്റെ 15മത്സരങ്ങൾ മാത്രമാണ് പൂർത്തിയായത്.22 പോയിന്റ് നേടിക്കഴിഞ്ഞ ക്ളബിന് റണ്ണർഅപ്പാകാനുള്ള സാദ്ധ്യത മുന്നിലുണ്ടായിരുന്നു. മോഹൻ ബഗാൻ,ഐസ്വാൾ എഫ്.സി,റയൽ കാശ്മീർ,ട്രാവു,ഇന്ത്യൻ ആരോസ് എന്നിവർക്കെതിരായ മത്സരങ്ങളാണ് ഗോകുലത്തിന് നഷ്ടമായിരിക്കുന്നത്.
ഇപ്പോഴത്തെ പോയിന്റ് നില
(ക്ളബ് ,കളി , പോയിന്റ് ക്രമത്തിൽ )
മോഹൻ ബഗാൻ 16-39
ഇൗസ്റ്റ്ബംഗാൾ 16-23
പഞ്ചാബ് 16-23
റയൽ കശ്മീർ 15-22
ട്രാവു എഫ്.സി 17-22
ഗോകുലം 15-22
ചെന്നൈ 16-21
ചർച്ചിൽ 15-20
നെരോക്ക 17-19
ഐസ്വാൾ 15-16
ആരോസ് 16-9