കോട്ടയം: രാവിലെ 11നും 11.30നും മദ്ധ്യേ ശുഭമുഹൂർത്തം. വരൻ വിഷ്ണുവും അച്ഛൻ മൂലവട്ടം കുറ്റിവേലിൽ പി.കെ. രാജുവും ജില്ലാ കളക്ടർ പി.കെ.സുധീർബാബുവിന്റെ ഓഫീസിലേക്കു കയറിച്ചെന്നു. അഭിരാമിയുടെ കഴുത്തിൽ താലി ചാർത്താൻ നിശ്ചയിച്ചിരുന്ന അതേ മുഹൂർത്തത്തിൽ വിഷ്ണു ആ ചെക്ക് കളക്ടർക്കു കൈമാറി- ഒരു ലക്ഷം രൂപ! അച്ഛൻ സാക്ഷിയായി. വധു അഭിരാമി, കളമശേരി കങ്ങാരപ്പള്ളിയിലെ സ്വന്തം വീട്ടിലിരുന്ന് കനിവിന്റെ ആ അപൂർവ വേളയിൽ മനസുകൊണ്ട് പങ്കാളിയായി. വിവാഹച്ചെലവിന് കരുതിയിരുന്ന തുകയിൽ നിന്നാണ് വിഷ്ണുവിന്റെ കുടുംബം കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകിയത്.
കേരള കൗമുദി പത്രം ഏജന്റ് കൂടിയായ പി.കെ. രാജുവിന്റെ മകൻ വിഷ്ണുവും കങ്ങാരപ്പള്ളി പരിതമോളത്ത് സാനുവിന്റെ മകൾ അഭിരാമിയും തമ്മിലുള്ള വിവാഹം ഇന്നലെ ഇതേ മുഹൂർത്തത്തിൽ കങ്ങാരപ്പള്ളി എം.ജി.എം ആഡിറ്റോറിയത്തിൽ നടക്കേണ്ടതായിരുന്നു. ലോക്ക് ഡൗൺ നീണ്ടതോടെ വിവാഹം മാറ്റിവയ്ക്കേണ്ടിവന്നു. പക്ഷേ, നിശ്ചയിച്ചിരുന്ന ശുഭ മുഹൂർത്തത്തിൽ മറ്രൊരു ശുഭകാര്യത്തിലൂടെ മനസുകൊണ്ട് ഒരുമിക്കാനായിരുന്നു വിഷ്ണുവിന്റെയും അഭിരാമിയുടെയും തീരുമാനം,
എയ്റോനോട്ടിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കിയ വിഷ്ണു ഇപ്പോൾ അച്ഛൻ രാജുവിനെ പത്രവിതരണത്തിൽ സഹായിക്കുകയാണ്. വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള റാങ്ക് ലിസ്റ്റിൽ പേരുണ്ട്. പൊന്നമ്മയാണ് വിഷ്ണുവിന്റെ അമ്മ. സഹോദരൻ വിമൽ രാജു. എം.കോം അവസാനവർഷ വിദ്യാർത്ഥിനിയാണ് അഭിരാമി. അമ്മ സിന്ധു. ഇനി, വിവാഹത്തിനു ശുഭമുഹൂർത്തം? അത് കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതിനു ശേഷം ലളിതമായ ചടങ്ങോടെയെന്ന് വിഷ്ണുവും അച്ഛനും.