തിരുവനന്തപുരം: രോഗവ്യാപന ഭീതി ഒഴിയുകയും കേന്ദ്ര സർക്കാർ അനുമതി നൽകുകയും ചെയ്താൽ മേയ് 15ന് ശേഷം മാനദണ്ഡങ്ങൾ പാലിച്ച് ഭാഗികമായി കെ. എസ്.ആർ.ടി.സി ബസുകൾ സർവീസ് ആരംഭിക്കാൻ സാധ്യത.അടുത്ത ഒരാഴ്ച കാര്യങ്ങൾ നിരീക്ഷിച്ചശേഷം ബസ് സർവീസ് സംബന്ധിച്ച റിപ്പോർട്ട് ഗതാഗത വകുപ്പ് തയ്യാറാക്കും.
സാമ്പത്തികബാദ്ധ്യത സർക്കാർ ഏറ്റെടുത്താൽ സർവീസ് നടത്താമെന്ന് കെ.എസ്.ആർ.ടി.സിയും ഡീസൽ വിലക്കുറവ്, പലിശ രഹിത വായ്പ തുടങ്ങിയ ആവശ്യങ്ങൾ പരിഗണിച്ചാൽ സർവീസ് നടത്താമെന്ന് സ്വകാര്യ ബസ് ഉടമകളും അറിയിച്ചിരുന്നു.
ബസ് ചാർജ് വർദ്ധന പ്രയോഗികമല്ലെന്നാണ് ഗതാഗത വകുപ്പിന്റ നീരീക്ഷണം. സാമൂഹ്യ അകലം പാലിച്ച് 20-25 യാത്രക്കാരുമായി സർവീസ് നടത്തുമ്പോൾ ടിക്കറ്റ് നിരക്കിൽ 100 ശതമാനം വർദ്ധന വരുത്തിയാലും വൻനഷ്ടമായിരിക്കും.
പകുതിയിലേറെ സ്വകാര്യബസുകൾ ജി.ഫാം മോട്ടോർവാഹന വകുപ്പിന് സമർപ്പിച്ച് സർവീസിൽ നിന്നു വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒഴിവാക്കാൻ പറ്റാത്ത റൂട്ടുകളിൽ സ്വകാര്യ ബസുകൾ പിൻവാങ്ങിയാൽ അവിടെ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.