എഴുതിത്തള്ളിയത് മേഹുൽ ചോക്സി, വിജയ് മല്യ എന്നിവരുടേതടക്കം 50 പേരുടെ വായ്പകൾ
മുംബയ്: മദ്യവ്യവസായി വിജയ് മല്യ, വജ്ര വ്യാപാരി മേഹുൽ ചോക്സി എന്നിവരടക്കം 50 വിവാദ നായകരുടെ 68,607 കോടി രൂപ മതിക്കുന്ന വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി. വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ റിസർവ് ബാങ്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സെപ്തംബർ വരെയുള്ള കണക്കാണിതെന്ന്, ചോദ്യമുന്നയിച്ച പ്രമുഖ വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ പറഞ്ഞു.
വായ്പ എടുത്ത് മനഃപൂർവം തിരിച്ചടയ്ക്കാത്തവർ (വിൽഫുൾ ഡിഫോൾട്ടർമാർ) ആണ് ഈ 50 പേരും. മേഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജെംസാണ് 5,492 കോടി രൂപയുടെ വായ്പയുമായി പട്ടികയിൽ മുന്നിൽ. ചോക്സി, ഇപ്പോൾ ആന്റിഗ്വയിൽ പൗരത്വം നേടി അവിടെ കഴിയുകയാണ്. സഹ വെട്ടിപ്പുകാരനും അനന്തരവനുമായ നീരവ് മോദി ലണ്ടനിലും. ഗ്രൂപ്പിന് കീഴിലുള്ള ഗിലി ഇന്ത്യ ലിമിറ്റഡ് (1,447 കോടി രൂപ), നക്ഷത്ര ബ്രാൻഡ്സ് (1,109 കോടി രൂപ) എന്നിവയും പട്ടികയിലുണ്ട്.
ആർ.ഇ.ഐ അഗ്രോ ലിമിറ്റഡാണ് 4,314 കോടി രൂപയുടെ വായ്പയുമായി രണ്ടാംസ്ഥാനത്ത്. സി.ബി.ഐ അന്വേഷണം നേരിടുന്ന ജതിൻ മേത്തയുടെ വിൻസം ഡയമണ്ട്സ് (4,076 കോടി രൂപ) ആണ് മൂന്നാമത്.
2,000 കോടി രൂപയ്ക്കുമേൽ വായ്പാ കുടിശികയുള്ളവരുടെ പട്ടികയിൽ കോത്താരി ഗ്രൂപ്പ് (കാൺപൂർ), കുഡോസ് കെമി (പഞ്ചാബ്), രുചി സോയ ഇൻഡസ്ട്രീസ് (ഇൻഡോർ), സൂം ഡെവലപ്പേഴ്സ് (ഗ്വോളിയോർ) തുടങ്ങിയവരാണുള്ളത്. ആയിരം കോടി രൂപയ്ക്കുമേൽ കുടിശികയുള്ള 18 കമ്പനികളുടെ പട്ടികയിലാണ് വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസ്. മല്യയുടെ 1,943 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. ആയിരം കോടി രൂപയ്ക്ക് താഴെ വായ്പ കുടിശിക വരുത്തിയത് 25 കമ്പനികളാണ്.
വായ്പ എഴുതിത്തള്ളൽ?
കിട്ടാക്കടം എഴുതിത്തള്ളുക (റൈറ്ര് ഓഫ്) എന്നതിന് അർത്ഥം വായ്പയെടുത്തയാൾ ഇനി തിരിച്ചടയ്ക്കേണ്ട എന്നല്ല. ബാങ്കിന് വരുമാനം കിട്ടില്ലെന്ന് ഉറപ്പായ വായ്പകൾ ബാലൻസ് ഷീറ്രിൽ നിന്ന് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ബാലൻസ് ഷീറ്ര് മെച്ചപ്പെട്ടതാക്കാനായി ബാങ്കുകളെടുക്കുന്ന നടപടിയാണ്.
തത്തുല്യമായ തുക ലാഭത്തിൽ നിന്ന് നീക്കിവച്ചാണ് ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്തുന്നത്. വായ്പ എടുത്തയാൾ വായ്പ, പലിശസഹിതം തിരിച്ചടയ്ക്കുക തന്നെ വേണം. അല്ലെങ്കിൽ ബാങ്ക് നിയമപരമായ നടപടികളിലേക്ക് നീങ്ങും.