ചെന്നൈ: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട തമിഴ്നാട്ടിലെ മദ്യവിൽപനശാലകൾ വ്യാഴാഴ്ച മുതൽ തുറക്കുമെന്ന് സംസ്ഥാന സർക്കാർ. എന്നാൽ കണ്ടയ്ൻമെന്റ് മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇത്. തമിഴ്നാടിന്റെ അതിർത്തി സംസ്ഥാനങ്ങളായ കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മദ്യവിൽപന ശാലകൾ തുറന്നിരുന്നു. ഇതിനെ തുടർന്ന് തമിഴ്നാട്ടിലെ അതിർത്തി മേഖലയിൽനിന്ന് ജനങ്ങൾ കൂട്ടത്തോടെ അതിർത്തി കടക്കുകയും മദ്യശാലകൾക്കു മുന്നിൽ തിരക്കിന് ഇടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തും മദ്യവിൽപനശാലകൾ തുറക്കാനുള്ള തീരുമാനം.
മാര്‍ച്ച് 24ന് ആരംഭിച്ച രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടർന്നാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മദ്യവില്പന ശാലകൾ അടച്ചത്. രണ്ടാംഘട്ട ലോക്ക്ഡൗൺ പൂർത്തിയായതിനു ശേഷം മേയ് നാലു മുതലുള്ള ഇളവുകളുടെ ഭാഗമായി മദ്യശാലകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.