തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവരിൽ മുൻഗണന നൽകേണ്ടവരെ കേരളം ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്രം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരളം കണക്കാക്കിയതനുസരിച്ച് അടിയന്തരമായി എത്തേണ്ട 1,69,136പേരുണ്ട്. തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തവരാകട്ടെ 4,42,000 പേരാണ്. തൊഴിൽ നഷ്ടപ്പെട്ടവർ, തൊഴിൽകരാർ പുതുക്കിക്കിട്ടാത്തവർ, ജയിൽമോചിതർ, ഗർഭിണികൾ, ലോക്ക് ഡൗണിന്റെ ഭാഗമായി മാതാപിതാക്കളിൽ നിന്ന് വേറിട്ട് നിൽക്കുന്ന കുട്ടികൾ, വിസിറ്റ് വിസാ കാലാവധി കഴിഞ്ഞവർ, കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ എന്നിവരെ ആദ്യഘട്ടത്തിൽ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനം ശേഖരിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിനും എംബസികൾക്കും കൈമാറാനുള്ള സംവിധാനം ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം ഔദ്യോഗികതലത്തിൽ അറിയിച്ചിട്ടും തീരുമാനമാകാത്തതിനാൽ പ്രധാനമന്ത്രിയോട് കത്തിലൂടെ വീണ്ടും ആവശ്യപ്പെട്ടു. മുൻഗണനാവിഭാഗങ്ങളിൽപെട്ടവരെ എത്രയും വേഗം സുരക്ഷാമാനദണ്ഡം പാലിച്ച് നാട്ടിലെത്തിക്കണം.
കണ്ണൂരിനെ ഒഴിവാക്കി
പ്രവാസികൾ വന്നിറങ്ങുന്നതിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തെ കേന്ദ്രം നിന്നൊഴിവാക്കിയതിന് കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 69,179 പേർ കണ്ണൂരിൽ ഇറങ്ങാൻ താല്പര്യമറിയിച്ചവരാണ്. ലോക്ക് ഡൗൺ വേളയിൽ മറ്റിടങ്ങളിൽ ഇറങ്ങിയാലുള്ള ബുദ്ധിമുട്ട് പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.