തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില്പന ഈ മാസം 18ന് തുടങ്ങും. ജൂൺ ഒന്നിനായിരിക്കും നറുക്കെടുപ്പുകൾ തുടങ്ങുകയെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ലോക്ക് ഡൗൺ മൂലം മാർച്ച് 23നാണ് സംസ്ഥാനത്ത് ലോട്ടറി വില്പന നിറുത്തിവച്ചത്. മാറ്റിവച്ച എട്ട് നറുക്കെടുപ്പുകൾ ജൂൺ ഒന്നിന് ശേഷമുള്ള തിങ്കൾ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടെണ്ണം എന്ന ക്രമത്തിൽ
നടത്തും. ടിക്കറ്റ് വാങ്ങാൻ പണമില്ലാത്ത ക്ഷേമിനിധി അംഗങ്ങളായിട്ടുള്ള കച്ചവടക്കാർക്ക് 100 ടിക്കറ്റുകൾ വരെ കടമായി നൽകും. ഓണത്തിനു മുമ്പ് ടിക്കറ്റിന്റെ പണം ഗഡുക്കളായി തിരിച്ചടച്ചാൽ മതി. മോശമായ ടിക്കറ്റുകൾ ഭാഗ്യക്കുറി ഓഫീസിൽ എത്തിച്ചാൽ അവ മാറി അതേ നറുക്കെടുപ്പിനുള്ള പുതിയ ടിക്കറ്റുകൾ നൽകുന്നതിനുള്ള ക്രമീകരണവും ഉണ്ടാക്കും. 8400 നു മുകളിൽ ടിക്കറ്റുകൾ എടുക്കുന്ന ഏജന്റുമാർക്ക് ഉയർന്ന ഡിസ്ക്കൗണ്ട് നിരക്കുകൾ നൽകും. ലോട്ടറിവിറ്റ് ഉപജീവനം നടത്തുന്നവർക്ക് ആയിരം രൂപ ആശ്വാസധനം നൽകി. ഇൗയാഴ്ച വീണ്ടും ആയിരം രൂപ വീതം നൽകും. മാർച്ച് 23 മുതൽ ഇതുവരെ 95 നറുക്കെടുപ്പുകൾ റദ്ദാക്കിയിട്ടുണ്ട്.