തിരുവനന്തപുരം: പബ്ളിക് സർവീസ് കമ്മിഷൻ ക്ളാസ് ത്രീ, ക്ളാസ് ഫോർ തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷകളിൽ കായിക താരങ്ങൾക്ക് അധികമാർക്ക് അനുവദിക്കാനുള്ള കായിക ഇനങ്ങളുടെ പട്ടികയിൽ നിന്ന് നെറ്റ്ബാളിനെ ഒഴിവാക്കിയതിൽ പരാതി. നിലവിലുള്ള 32 കായിക ഇനങ്ങൾക്കൊപ്പം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ശുപാർശ പ്രകാരം എട്ട് ഇനങ്ങൾ കൂട്ടിച്ചേർത്ത ഉത്തരവ് ഇന്നലെ സർക്കാർ പുറത്തിറക്കി. സ്പോർട്സ് കൗൺസിൽ നെറ്റ്ബാൾ അടക്കം ഒൻപത് ഇനങ്ങളാണ് കൂട്ടിച്ചേർക്കാനായി ശുപാർശ ചെയ്തത്. ഇതിൽ നെറ്റ്ബാളിനെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്.
25 ഇനങ്ങൾക്കാണ് ആദ്യം അധികമാർക്ക് പരിഗണന ഉണ്ടായിരുന്നത്. പിന്നീട് ഏഴ് ഇനങ്ങൾ കൂട്ടിച്ചേർത്തു. ഇതിനൊപ്പമാണ് ജൂഡോ,തായ്ക്കൊണ്ടോ,ഫെൻസിംഗ്, കരാട്ടെ, വുഷു,ടെന്നിക്കൊയ്റ്റ്, സോഫ്റ്റ് ബാൾ,ബേസ് ബാൾ എന്നീ ഇനങ്ങൾ കൂടി ചേർക്കാൻ പൊതുഭരണ വകുപ്പ് തിങ്കളാഴ്ച ഉത്തരവ് ഇറക്കിയത്. ഒളിമ്പിക് / നാഷണൽ ഗെയിംസ് അംഗീകാരമുളള കായിക ഇനങ്ങളായതിനാലാണ് ഇവകൂടി ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.എന്നാൽ ഇൗ മാനദണ്ഡം അനുസരിച്ച് നെറ്റ്ബാളിനെയും ഉൾപ്പെടുത്തേണ്ടതായിരുന്നു.കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷന്റെയും ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും ദേശീയ ഗെയിംസ് ഫെഡറേഷന്റെയും ദേശീയ സ്കൂൾ ഗെയിംസ് ഫെഡറേഷന്റയും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരങ്ങൾ നെറ്റ്ബാളിനുണ്ട്. അതേസമയം ഇപ്പോഴും മുമ്പും ഉൾപ്പെടുത്തപ്പെട്ട പല കായിക ഇനങ്ങൾക്കും ദേശീയ അംഗീകാരം പോലുമില്ല.
നെറ്റിൽ നിന്ന് വഴുതിയതെങ്ങനെ
സ്പോർട്സ് കൗൺസിൽ നൽകിയ ശുപാർശയിൽ നാലാം സ്ഥാനത്തായിരുന്നു നെറ്റ്ബാൾ. എന്നാൽ ഇത് കായിക മന്ത്രിയുടെ ഒാഫീസിൽ നിന്ന് പൊതുഭരണവകുപ്പിലേക്ക് എത്തിയപ്പോൾ പട്ടികയിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയക്കളിയുണ്ടെന്നാണ് ആരോപണം. നെറ്റ്ബാൾ അസോസിയേഷന്റെ തലപ്പത്തുള്ളവരോടുള്ള വിരോധം കൊണ്ടാണ് നെറ്റ്ബാളിനെ വെട്ടിയതെന്ന് കരുതുന്നു.
നെറ്റ്ബാളിലെ കേരളം
ദേശീയ സീനിയർ ചാമ്പ്യൻഷിപ്പുകളിൽ കഴിഞ്ഞ മൂന്ന് വർഷമായി വെള്ളിമെഡൽ ജേതാക്കളാണ് കേരളത്തിന്റെ പുരുഷ വനിതാ ടീമുകൾ
2018ലെ ദേശീയ ഫെഡറേഷൻ കപ്പിൽ സീനിയർ പുരുഷന്മാർ സ്വർണം നേടിയിരുന്നു.
ദേശീയ ജൂനിയർ ചാമ്പ്യൻഷിലും നിരവധി തവണ സ്വർണം ,വെള്ളി, വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരള ടീം വെങ്കലം നേടിയിരുന്നു
കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ രണ്ട് മലയാളി താരങ്ങൾ അണിനിരന്നിരുന്നു.
സംസ്ഥാന സ്പോട്സ് കൗൺസിൽ മൂന്ന് ഹോസ്റ്റലുകളിൽ പരിശീലനം നൽകുന്നു.
നെറ്റ്ബാൾ താരങ്ങളോടുളള ഇൗ വിവേചനം അനീതിയാണ്. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിനായി നിരവധി മെഡലുകൾ നേടിയ നെറ്റ്ബാൾ താരങ്ങളെ അവഗണിച്ച് ദേശീയ അംഗീകാരം പോലുമില്ലാത്ത ഗെയിമുകളിൽ പങ്കെടുക്കുന്നവർക്ക് ജോലി ലഭിക്കാനുള്ള വഴിയാണ് ഒരുക്കിയിരിക്കുന്നത്.
- തനുജ നുജൂം, ഹോണ.സെക്രട്ടറി,
കേരള നെറ്റ്ബാൾ അസോസിയേഷൻ